കോഴിക്കോട്: ഐ ലീഗ് മത്സരങ്ങള്‍ക്കൊരുങ്ങി ഗോകുലം കേരള എഫ്സി. മൂന്നാം ഐ ലീഗ് കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന മലബാറിയന്സിന്റെ പുതിയ ജേഴ്സി ക്ലബ്ബ് ഉടമ ഗോകുലം ഗോപാലന് അനാവരണം ചെയ്തു. ടിക്കറ്റ് വില്‍പ്പനയുടെ ഔദ്യോഗിക ഉദ്ഘാടനവും നടന്നു. സ്പാനിഷ് സ്ട്രൈക്കര്‍ അലാന്ഡാ സാഞ്ചസ് ലോപ്പസ് ടീമിനെ നയിക്കും. സ്പാനിഷ് കോച്ചായ ഡൊമിംഗോ ഒറാമാസാണ് ടീമിനെ പരിശീലിപ്പിക്കുന്നത്. ഒക്ടോബര്‍ 28ന് ഇന്റര്‍ കാശിക്കെതിരെയാണ് ഗോകുലത്തിന്റെ ആദ്യ മത്സരം.
‘ഐ ലീഗ് കിരീടം നേടുന്നതിനൊപ്പം ഐഎസ്എല്ലില്‍ മത്സരിക്കാന്‍ ലക്ഷ്യമിടുന്നുവെന്നും ക്ലബ്ബ് ഉടമ ഗോകുലം ഗോപാലന് പറഞ്ഞു. ‘ഇന്ത്യയിലെ ഏറ്റവും മികച്ച ടീമാക്കി ഗോകുലത്തെ മാറ്റുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതിനുവേണ്ടിയാണ് സകല പ്രതിബന്ധങ്ങളും മറികടന്ന് ഒരൊറ്റ ലക്ഷ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നത്. രണ്ട് തവണ ഞങ്ങള്‍ കിരീടം നേടി. ഇനി മൂന്നാമത്തെ തവണയും കിരീടം നേടും. ജയിച്ചുകഴിഞ്ഞാല്‍ ഐഎസ്എല്ലിലേക്ക് പോകണം’, ഗോകുലം ഗോപാലന് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. പ്രതിഭാസമ്ബന്നരായ നിരവധി താരങ്ങളാണ് ഇത്തവണ ടീമിലുള്ളത്. നീണ്ട ഇടവേളയ്ക്ക് ശേഷം അനസ് എടത്തൊടിക ഗോകുലം കേരള എഫ്സിയിലൂടെ ബൂട്ടണിയാനെത്തുന്നുണ്ട്. അനസിന് പുറമെ അബ്ദുല്‍ ഹഖ് നെടിയോടത്ത്, മുന്‍ ഗോവ എഫ്സിയുടെ താരമായ എഡു ബേഡിയ, എന്നിവരും ടീമിലുണ്ട്.