കോഴിക്കോട്: ഐ ലീഗ് ഫുട്ബാളിൽ തുടർച്ചയായി ഏറ്റവും കൂടുതൽ മത്സരങ്ങളിൽ പരാജയമറിയാത്ത ക്ളബ് എന്ന റെക്കാഡ് ഇനി ഗോകുലം കേരള എഫ് സിക്ക് സ്വന്തം. ഇന്ന് നടന്ന മത്സരത്തിൽ റൗണ്ട്ഗ്ളാസ് പഞ്ചാബിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയതോടെയാണ് ഗോകുലത്തിന് പുത്തൻ റെക്കാഡ് സ്വന്തമായത്. ഈ ജയത്തോടെ തുടർച്ചയായ 18 മത്സരങ്ങളിലാണ് ഗോകുലം പരാജയമൊഴിവാക്കിയത്. ഇതോടെ ചർച്ചിൽ ബ്രദേഴ്സിന്റെ പേരിലുള്ള റെക്കോർഡാണ് പഴങ്കഥയായത്.
മത്സരത്തിന്റെ 18ാം മിനിട്ടിൽ തന്നെ ഗോകുലം വല കുലുക്കി. ജിതിന്റെ അസിസ്റ്റിൽ നിന്ന് ഫ്ളെച്ചറായിരുന്നു ഗോകുലത്തിന് വേണ്ടി ആദ്യ ഗോൾ നേടിയത്. ഒരു ഗോൾ ലീഡ് നേടിയതോടെ ഗോകുലം അക്രമിച്ച് കളിക്കാൻ ആരംഭിച്ചു. പലപ്പോഴും പഞ്ചാബിന്റെ ഗോൾ മുഖത്ത് ഗോകുലം താരങ്ങൾ ഭീതി വിതച്ച് കൊണ്ടിരുന്നു. കിട്ടിയ അവസരങ്ങളിലെല്ലാം പഞ്ചാബും കൗണ്ടർ അറ്റാക്കിലൂടെ ഗോകുലം ഗോൾ കീപ്പറെ പരീക്ഷിച്ചുകൊണ്ടിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദ്യപകുതിയിൽ സമനില ഗോളിനു വേണ്ടിയുള്ള പഞ്ചാബിന്റെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ഇതോടെ ആദ്യ പകുതിയിൽ ഗോകുലം ഒരു ഗോളിന് മുന്നിട്ടുനിന്നു. രണ്ടാം പകുതിയിൽ ഗോളിനായി ഗോകുലത്തിന് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും നിർഭാഗ്യം എതിരായി വന്നു. ഒടുവിൽ 83ാം മിനുട്ടിൽ ഗോകുലം കേരളയുടെ രണ്ടാം ഗോൾ പിറന്നു. റിഷാദിന്റെ അസിസ്റ്റിൽ നിന്ന് ശ്രീക്കുട്ടൻ ഗോകുലത്തിന് രണ്ടാം ഗോൾ സമ്മാനിച്ചത്. രണ്ട് ഗോൾ ലീഡ് നേടിയതോടെ ഗോകുലത്തിന്റെ ആത്മവിശ്വാസം വർധിച്ചു. പിന്നീട് പഞ്ചാബിന് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. 13 മത്സരത്തിൽ നിന്ന് 33 പോയിന്റുള്ള ഗോകുലം കേരള പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്. 30ന് ചർച്ചിൽ ബ്രദേഴ്സിനെതിരേയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.