കോട്ടയം: സംരക്ഷണ ഭിത്തി തകർന്ന് മീനച്ചിലാറ്റിൽ പതിച്ച ഇല്ലിക്കൽ-തിരുവാർപ്പ് റോഡിന്റെ ചേരിക്കൽ ഭാഗത്തെ പാലത്തിന്റെ നിർമാണത്തിനും റോഡ് പുനർനിർമാണത്തിനും തുടക്കം.
നിർമാണോദ്ഘാടനം ചേരിക്കലിൽ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു.
നെൽ കർഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ പാലം, റോഡ് നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കണമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കും കരാറുകാരനും മന്ത്രി നിർദ്ദേശം നൽകി. നിർമാണം ആരംഭിക്കുമ്പോൾ തിരുവാർപ്പിലേക്കുള്ള ഗതാഗതസൗകര്യം തടസപ്പെടാനിടയുള്ളതിനാൽ കണക്ടിംഗ് സർവീസ് പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു. തിരുവാർപ്പ് മുതൽ ചേരിക്കൽ വരെ ബസ് സർവീസ് നടത്തും.
സംസ്ഥാന സർക്കാർ 10 കോടി രൂപ ചെലവഴിച്ചാണ് നിർമാണം നടത്തുക. ചേരിക്കലിൽ വെള്ളപ്പൊക്കം ബാധിക്കാത്ത രീതിയിലാണ് 135 മീറ്റർ നീളത്തിൽ പാലം രൂപകൽപന ചെയ്തിരിക്കുന്നത്. 15 മീറ്ററിന്റെ ഒൻപത് സ്പാനുകളായി ആകെ
24 പൈലുകളോടുകൂടി 9.75 മീറ്റർ വീതിയിലാണ് പാലം നിർമിക്കുക. കരഭാഗത്തുള്ള പുരയിടങ്ങളിലേക്ക് പാലത്തിൽനിന്ന് കയറാനുള്ള അപ്രോച്ചുകളും നിർമിക്കും. കുത്തൊഴുക്കുമൂലം പാലത്തിന്റെ താഴെയുള്ള കരഭാഗം ഇടിയാതിരിക്കാൻ ഈ ഭാഗത്ത് പ്രത്യേക സംരക്ഷണഭിത്തി തീർക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2020 ഏപ്രിൽ ഒന്നിനാണ് മീനച്ചിലാറിന്റെ സംരക്ഷണഭിത്തി തകർന്ന് റോഡിന്റെ ഒരു ഭാഗം ആറ്റിലേക്ക് പതിച്ചത്. റോഡിനു സമീപത്തെ സ്വകാര്യവ്യക്തികളുടെ ഭൂമിയിലൂടെ താൽക്കാലിക റോഡ് നിർമിച്ചാണ് ഗതാഗതം പുനസ്ഥാപിച്ചത്.
തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ അധ്യക്ഷത വഹിച്ചു. തോമസ് ചാഴിക്കാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രശ്മി പ്രസാദ്, ജില്ലാ പഞ്ചായത്തംഗം കെ.വി. ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യസ്ഥിരം സമിതി അധ്യക്ഷ ജെസി നൈനാൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.എം. ബിനു, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ പി.എസ്. ഷീനമോൾ, കെ.ആർ. അജയ്, സി.റ്റി. രാജേഷ്, പഞ്ചായത്തംഗം റൂബി ചാക്കോ, പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ പി. ശ്രീലേഖ, അസിസ്റ്റന്റ് എൻജിനീയർ വിഷ്ണു എം. പ്രകാശ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെ.ജോസ് രാജൻ എന്നിവർ പങ്കെടുത്തു.