കണ്ണൂര്‍: രജിസ്ട്രേഡ് കത്ത് മേല്‍വിലാസക്കാരന് നല്‍കാതെ പൊട്ടിച്ച് വായിച്ച് ഉള്ളടക്കം ചോര്‍ത്തിയ പോസ്റ്റ്മാനും പോസ്റ്റല്‍ സൂപ്രണ്ടിനും ഒരു ലക്ഷം രൂപ പിഴ വിധിച്ച് ഉപഭോക്തൃ കോടതി. 13 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് കോടതി പരാതിക്കാരനായ താവക്കരയിലെ ടിവി ശശിധരന്‍ എന്ന ആര്‍ട്ടിസ്റ്റ് ശശികലയയ്ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. ചിറക്കല്‍ പോസ്റ്റ് ഓഫിസിലെ പോസ്റ്റ്മാനായിരുന്ന എം വേണുഗോപാല്‍, പോസ്റ്റല്‍ സൂപ്രണ്ട് കെ ജി ബാലകൃഷ്ണന്‍ എന്നിവരാണ് ഗുരുതരമായ ചട്ടലംഘനം നടത്തിയത്.
2008 ജൂണ്‍ 30നാണ് കേസിനാസ്പദമായ സംഭവം. പുതിയപുരയില്‍ ഹംസ എന്നയാള്‍ക്ക് ടിവി ശശിധരന്‍ എഴുതിയ രജിസ്റ്റേഡ് കത്ത് പൊട്ടിച്ച് വായിച്ച് ഉള്ളടക്കം കൈമാറി ആള്‍ സ്ഥലത്തില്ലെന്ന് റിമാര്‍ക്സ് രേഖപ്പെടുത്തി തിരിച്ചയച്ച സംഭവത്തിലാണ് നടപടി. ഹംസക്കുട്ടി പണം വാങ്ങിയ ശേഷം കൃത്യസമയത്ത് വീട് നിര്‍മാണം പൂര്‍ത്തിയാക്കി നല്‍കാതിരുന്നത് ചോദ്യം ചെയ്താണ് ശശിധരന്‍ കത്തെഴുതിയത്. കത്തിലെ വിവരങ്ങള്‍ മനസ്സിലാക്കിയ ഹംസക്കുട്ടി വീടും പുരയിടവും മറിച്ചുവിറ്റു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വകുപ്പുതല അന്വേഷണത്തില്‍ വേണുഗോപാല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി നടപടി സ്വീകരിച്ചെങ്കിലും മൂന്ന് മാസത്തിന് ശേഷം അതേ പോസ്റ്റ് ഓഫിസില്‍ നിയമനം നല്‍കി. ശശിധരന്‍ സ്വന്തമായിട്ടാണ് കേസ് വാദിച്ചത്. രവി സുഷ, മോളിക്കുട്ടി മാത്യു, കെപി സജീഷ് എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഇരുവരും 50000 രൂപ രണ്ട് മാസത്തിനകം നല്‍കണം. വൈകിയാല്‍ എട്ട് ശതമാനം പലിശ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.