ധർമ്മശാല: തുടർച്ചയായ രണ്ടാം മത്സരത്തിലും വിരാട് കോഹ്ലി വിജയശില്പിയായപ്പോൾ ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് ഉജ്വല വിജയം. 49 ആം സെഞ്ച്വറിയ്ക്കും ഇന്ത്യൻ വിജയത്തിനും അഞ്ചു റണ്ണകലെ കോഹ്ലി മടങ്ങിയെങ്കിലും ഒരറ്റത്ത് നങ്കൂരമിട്ടു നന്ന ജഡേജ ഇന്ത്യയെ വിജയ തീരത്ത് എത്തിച്ചു. 12 പന്ത് പന്ത് ബാക്കി നിൽക്കെ നാലു വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം.
സ്‌കോർ
ന്യൂസിലൻഡ് – 273
ഇന്ത്യ – 274/6
ധർമ്മശാലയൽ ടോസ് നേടിയ ഇന്ത്യ ബൗളിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ഷാർദൂൽതാക്കൂറിന് പകരം ഇടം ലഭിച്ച ഷമി അക്ഷരാർത്ഥത്തിൽ തീ തുപ്പുകയായിരുന്നു. ബുംറയും സിറാജും ചേർന്ന് വരിഞ്ഞ് മുറിക്കിയ ന്യൂസിലൻഡ് ബാറ്റിംങ് നിരയെ കീറി മുറിക്കേണ്ട ചുമതല ഷമിയ്ക്കായിരുന്നു. സ്‌കോർ ബോർഡിൽ ഒൻപതാം റൺ എത്തിയപ്പോൾ ഡെവോൺ കോൺവേയെ (0) കിവികൾക്ക് നഷ്ടമായി. 19 ൽ വിൽ യങ് (17) വീണതോടെ കിവീസ് പ്രതിസന്ധിയിലേയ്ക്കു കൂപ്പു കുത്തി. എന്നാൽ, രച്ചിൻ രവീന്ദ്രയും (75), സെഞ്ച്വറി നേടിയ ഡാർളി മിച്ചലും (130) ചേർന്ന് മികച്ച കളിയാണ് പുറത്തെടുത്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രച്ചിൻ രവീന്ദ്ര പുറത്തായ ശേഷം മിച്ചൽ ഒരു വശത്ത് ഉറച്ചു നിന്ന് പൊരുതിയെങ്കിലും അപ്പുറത്ത് വിക്കറ്റുകൾ പിഴുതെടുത്ത് ഇന്ത്യൻ ബൗളർമാർ ആഞ്ഞടിച്ചുകൊണ്ടിരുന്നു. 205 ൽ ടോം ലാതം (5), 243 ൽ ഗ്ലെൻ ഫിലിപ്‌സ് (23) എന്നിവർ വീണതോടെ ന്യൂസിലൻഡിന്റെ പ്രതിരോധ ചിറക് ഇന്ത്യ അരിഞ്ഞു തള്ളി. 30 റൺ കൂട്ടിച്ചേർക്കുന്നതിനിടെ മാർക്ക് ചാപ്മാൻ (6), മിച്ചൽ സാറ്റ്‌നർ (1), മാറ്റ് ഹെന്റി (0) എന്നിവർ പുറത്തായതോടെ കിവീസ് മുന്നൂറ് കടക്കില്ലെന്ന് ഉറപ്പായി. ഒടുവിൽ ഡാരി മിച്ചൽ പുറത്താകുകയും ഫെർഗുൻസൺ അവസാന പന്തിൽ (0) റണ്ണൗട്ടാകുകയും ചെയ്തതോടെ കിവീസ് 273 ൽ പോരാട്ട വീര്യം അവസാനിപ്പിച്ചു. ഇന്ത്യൻ ബൗളർമാരിൽ ഷമി അഞ്ചും, കുൽദീപ് രണ്ടും സിറാജും ബുംറയും ഓരോ വിക്കറ്റും വീതം വീഴ്ത്തി.
മറുപടി ബാറ്റിംങിൽ ഗില്ലും (26) , ശർമ്മയും (46) ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നൽകിയത്. 71 ൽ രോഹിത് പുറത്തായതിന് പിന്നാലെ അഞ്ച് റൺ കൂടി ചേർത്ത് ഗില്ലും കൂടാരം കയറി. 128 ൽ ശ്രേയസ് (33) , വീണപ്പോഴും 182 ൽ രാഹുൽ (27) പോയപ്പോഴും ഇന്ത്യൻ പ്രതീക്ഷകളുടെ ഭാരം ചുമലിലേറ്റി രാജാവ് ഒരു വശത്തുണ്ടായിരുന്നു. ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങിയ സൂര്യ രണ്ട് റൺ മാത്രം എടുത്ത് ടീം സ്‌കോർ 200 കടക്കും മുൻപ് മടങ്ങിയെങ്കിലും, ഇന്ത്യയ്ക്കായി പൊരുതാൻ കോഹ്ലിയുണ്ടെന്ന കരുത്തായിരുന്നു ടീമിന്റെ ആരാധകർക്ക്. ജഡേജയെ(39) ഒരു വശത്ത് നിർത്തി കോഹ്ലി കത്തിക്കയറിയതോടെ ടീം വിജയം ഉറപ്പിച്ചു. എന്നാൽ, വിജയത്തിന്് അഞ്ചു റണ്ണകലെ കോഹ്ലി മടങ്ങിയത് കല്ലുകടിയായി. എന്നാൽ, ഷമിയെ ഒരു വശത്ത് നിർത്തി ബൗണ്ടറി പറത്തിയ ജഡേജ ഇന്ത്യയെ വിജയം തീരത്ത് എത്തിച്ചു.