രാജ്കോട്ട് : മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഇന്ത്യയെ 66 റണ്‍സിന് തോല്‍പിച്ച ആസ്ട്രേലിയ പരമ്പരയില്‍ ആശ്വാസ ജയമാണ് സ്വന്തമാക്കിയത്. ഓസീസിനെതിരെ ഒരു സമ്പൂര്‍ണ പരമ്പര ജയം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യക്ക്, സന്ദര്‍ശകരുടെ കൂറ്റൻ സ്കോറിനു മുന്നില്‍ കാലിടറി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സന്ദര്‍ശകര്‍ 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സെടുത്തു. ഇന്ത്യയുടെ മറുപടി 49.4 ഓവറില്‍ 286ല്‍ അവസാനിച്ചു. വിശ്രമത്തിനുശേഷം ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തിയ നായകൻ രോഹിത്ത് ശര്‍മയും വിരാട് കോഹ്ലിയും നേടിയ അര്‍ധ സെഞ്ച്വറികളാണ് ഇന്ത്യയുടെ തോല്‍വി ഭാരം കുറച്ചത്. 57 പന്തില്‍ 81 റണ്‍സെടുത്ത രോഹിത്താണ് ആതിഥേയരുടെ ടോപ് സ്കോറര്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോഹ്ലി 61 പന്തില്‍ 56 റണ്‍സെടുത്ത് പുറത്തായി. എന്നാലും അര്‍ധ സെഞ്ച്വറി പ്രകടനത്തോടെ കോഹ്ലിക്ക് മുൻ ശ്രീലങ്കൻ താരം കുമാര്‍ സംഗക്കാരയുടെ ലോക റെക്കോഡിനൊപ്പമെത്താനായി. ഓപ്പണറല്ലാതെ ബാറ്റിങ്ങിനിറങ്ങി ഏറ്റവും കൂടുതല്‍ 50 പ്ലസ് റണ്‍സ് നേടുന്ന സംഗക്കാരയുടെ റെക്കോഡിനൊപ്പമാണ് കോഹ്ലി എത്തിയത്. ഇരുവരും 112 തവണയാണ് ഓപ്പണിങ്ങില്‍ ഇറങ്ങാതെ 50 പ്ലസ് റണ്‍സ് നേടിയത്.
മുൻ ഓസീസ് നായകൻ റിക്കി പോണ്ടിങ് 109 തവണ 50 പ്ലസ് റണ്‍സ് നേടി ഇരുവര്‍ക്കും പിന്നിലുണ്ട്. എന്നാല്‍, ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ 50 പ്ലസ് റണ്‍സ് നേടിയ താരങ്ങളില്‍ ഇതിഹാസ താരം സചിൻ തെണ്ടുല്‍ക്കര്‍ക്കും സംഗക്കാരക്കും പിന്നില്‍ മൂന്നാമനാണ് കോഹ്ലി. ഓപ്പണറായി ഇറങ്ങി ലങ്കൻ താരം ആറു തവണ 50 പ്ലസ് നേട്ടം കൈവരിച്ചിട്ടുണ്ട്.
കരിയറില്‍ ഭൂരിഭാഗവും മൂന്നാം നമ്പറില്‍ ഇറങ്ങിയ കോഹ്ലി, അപൂര്‍വം അവസരങ്ങളില്‍ മാത്രമാണ് ഓപ്പണറായി ഇറങ്ങിയത്. ഒറ്റ തവണ മാത്രമാണ് ഓപ്പണറായി ഇറങ്ങിയ കോഹ്ലി 50 പ്ലസ് നേട്ടം കൈവരിച്ചത്.