രാജ്കോട്ട് : ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ സന്ദർശകർക്ക് വിജയം. 66 റൺസിനായിരുന്നു ഓസ്ട്രേലിയയുടെ വിജയം. ഇതോടെ പരമ്പരയിൽ സന്ദർശകർ സമ്പൂർണ്ണ തോൽവി ഒഴിവാക്കി. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.
ഓസ്ട്രേലിയ ഉയർത്തിയ 353 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആതിഥേയർ 49.4 ഓവറിൽ 286 റൺസിന് പുറത്തായി. 10 ഓവറിൽ 40 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ ഗ്ലെൻ മാക്സ് വെല്ലാണ് ഇന്ത്യയെ തകർത്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
57 പന്തിൽ 81 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് ഇന്ത്യൻ നിരയിലെ ടോപ്പ് സ്കോറർ. 5 ഫോറും, ആറ് സിക്സുമാണ് രോഹിതിൻ്റെ ബാറ്റിൽ നിന്ന് പിറന്നത്. വിരാട് കോലി 56 (61), ശ്രയസ് അയ്യർ 48 (43) എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല.
കെ എൽ രാഹുൽ 26 (30), സൂര്യകുമാർ യാദവ് 8 (7) എന്നിവർ നിരാശപ്പെടുത്തി. വാലറ്റത്തെ കുട്ട് പിടിച്ച് രവീന്ദ്ര ജഡേജ 35 (36) നടത്തിയ ശ്രമങ്ങളും പാഴായി. നേരത്തേ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസീസിനായി മുൻനിര ബാറ്റർമാരെല്ലാം തിളങ്ങി. നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിലാണ് സന്ദർശകർ 352 റൺസെടുത്തത്. 84 പന്തിൽ 96 റൺസെടുത്ത മിച്ചൽ മാർഷാണ് ടോപ്പ് സ്കോറർ. 61 പന്തിൽ സ്റ്റീവ് സ്മിത്ത് 74 റൺസും, 34 പന്തിൽ ഡേവിഡ് വാർണർ 56 റൺസുമെടുത്തു.
നാല്പത്തി ഒൻപതാം ഓവർ വരെ പിടിച്ചു നിന്ന ലെബു ഷെയ്നാണ് 72 (58) മികച്ച സ്കോറിലേക്ക് ഓസീസിനെ എത്തിച്ചത്. അവസാന ഓവറുകളിൽ ചെറുത്ത് നില്പ് നടത്തിയ ക്യാപ്റ്റൻ പാറ്റ് കമ്മിൺസാണ് 19(22) സ്കോർ 350 കടത്തിയത്. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ പത്തോവറിൽ 81 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. 6 ഓവറിൽ 48 റൺസ് വഴങ്ങി കുൽദീപ് യാദവ് രണ്ട് വിക്കറ്റും വീഴ്ത്തി.
പ്രസിദ്ധ് കൃഷ്ണ 5 ഓവറിൽ 45 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു. ഒൻപത് ഓവർ ബൗൾ ചെയ്ത മുഹമ്മദ് സിറാജ് 68 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.