കൊളംബൊ : ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നിര്‍ണായക താരമാണ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. 2009ല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ അരങ്ങേറിയ താരം കരിയറില്‍ 14 വര്‍ഷം പൂര്‍ത്തിയാക്കി.ഇന്ന് ബംഗ്ലാദേശിനെതിരെ ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ ജഡേജയ്ക്കായിരുന്നു. 10 ഓവര്‍ പൂര്‍ത്തിയാക്കിയ താരം 53 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റും വീഴ്ത്തി. ഷമീം ഹുസൈനെയാണ് ജഡേജ പുറത്താക്കിയത്. 34കാരന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം.
ഇതോടെ ഒരു നേട്ടവും ജഡേജയെ തേടിയെത്തി. ഇന്ത്യക്ക് വേണ്ടി ഏകദിനത്തില്‍ 2000 റണ്‍സും 200 വിക്കറ്റും നേടുന്ന രണ്ടാമത്തെ താരമായിരിക്കുകയാണ് ജഡേജ. ഇതിഹാസ ക്യാപ്റ്റന്‍ കപില്‍ ദേവാണ് നേട്ടം കൊയ്ത ആദ്യ ഇന്ത്യക്കാരന്. 182 ഏകദിനങ്ങള്‍ കളിച്ച ജഡേജ 123 ഇന്നിംഗ്സുകളില്‍ 2578 റണ്‍സാണ് നേടിയത്. 43 തവണ പുറത്താവാതെ നിന്നു. 87 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. 32.23 ശരാശരിയിലാണ് ജഡേജയുടെ നേട്ടം. 13 അര്‍ധ സെഞ്ചുറികള്‍ ജഡേജയുടെ അക്കൗണ്ടിലുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
175 ഇന്നിംഗ്സുകളില്‍ പന്തെറിഞ്ഞ ജഡേജ 36.92 ശരാശരിയിലാണ് 200 വിക്കറ്റ് നേടിയത്. ഒരു തവണ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി. 36 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം. കപില്‍ 225 ഏകദിനങ്ങളാണ് ഇന്ത്യക്ക് വേണ്ടി കളിച്ചത്. 198 ഇന്നിംഗ്സില്‍ 23.79 ശരാശരിയില്‍ 3783 റണ്‍സാണ് സമ്പാദ്യം. ഒരു സെഞ്ചുറിയും അക്കൗണ്ടിലുണ്ട്. 175 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. 14 അര്‍ധ സെഞ്ചുറി നേടി. 221 ഇന്നിംഗ്സുകളില്‍ കപില്‍ പന്തെറിഞ്ഞു. 253 വിക്കറ്റുകളാണ് ഇന്ത്യയെ ആദ്യ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ നേടിയത്. ഒരു തവണ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി.