ഡബിൾ ബാരൽ ഗണ്ണിൽ തിര നിറച്ച് പ്രതിയോഗിയുടെ വിക്കറ്റിലേക്ക് നിറയൊഴിക്കുന്ന ഗൺമാൻ ; ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ വിശ്വാസ നൗകകൾക്ക് കാവലായി അയാൾ എന്നുമുണ്ടാകും: ജസ്പ്രീത് ബുംറ എന്ന കാവൽക്കാരൻ

സ്‌പോര്‍ട്‌സ് ഡെസ്‌ക്ക് : ഒരാള്‍ പതിയെ നടന്നു വരുന്നു. വളരെ സാവധാനത്തില്‍ നടന്ന് നീങ്ങിയ അയാളുടെ കാലിന്റെ ചലനം ക്രമേണ വേഗത്തിലാകുന്നു. കയ്യില്‍ കരുതിയിരുന്ന തോക്ക് നീട്ടിപ്പിടിച്ച ശേഷം എതിരെ നിന്ന പ്രതിയോഗിക്ക് നേരെ ലക്ഷ്യം തെറ്റാതെ അയാള്‍ വെടിയുതിര്‍ക്കുന്നു. സങ്കോചമില്ലാതെ അയാള്‍ തിരികെ നടക്കുമ്പോള്‍ വെടിയേറ്റയാള്‍ മരിച്ചു കഴിഞ്ഞിട്ടുണ്ടാകും. ഒരു ക്രൈം തില്ലറിന്റെ തിരക്കഥയില്‍ നായകനെ അവതരിപ്പിക്കുന്നതിനായി ഉപയോഗിക്കപ്പെട്ട രചനാ രീതിയലല്ലിത്. മറിച്ച് പല ഘട്ടങ്ങളിലായി നായകനായി സ്വയം അവതരിച്ച ഒരുവനെ അടയാളപ്പെടുത്തുകയാണ്. ഇടത് കൈത്തണ്ടയെ ഒരു തോക്ക് കണക്കിന് ലക്ഷ്യസ്ഥാനത്തേക്ക് ചൂണ്ടി വലതു കയ്യില്‍ ഒളിപ്പിച്ച ബൗളിനെ വെടിയുണ്ട വേഗത്തില്‍ പായിക്കുവാന്‍ അവന് മാത്രമേ ഒരു പക്ഷേ കഴിയൂ. അതു കൊണ്ട് കൂടിയാണ് പല പോരാട്ടങ്ങളിലും ഒറ്റയാള്‍ പോരാട്ടം നടത്തി വിജയം വരിക്കുവാന്‍ കാരണമായിത്തീര്‍ന്ന അവന്‍ പിന്നീട് നായകനായി അവതരിക്കുന്നത്. അതെ ജസ്പ്രീത് ബൂംറ അയാള്‍ ശരിക്കും ഒരു ഗണ്‍മാന്‍ തന്നെയാണ് ഇന്ത്യന്‍ ടീമിന്റെ വിജയ വഴികളില്‍ കാവല്‍ നില്‍ക്കുന്ന നല്ല ഒത്ത കാവല്‍ക്കാരന്‍.

Advertisements

ഏറെ ആകര്‍ഷണീയതയും തികച്ചും വൈവിധ്യങ്ങള്‍ നിറഞ്ഞതും, അനുകരിക്കുവാന്‍ മനസ്സ് കൊണ്ട് ആഗ്രഹിക്കുന്നതുമായ നല്ല ഒന്നാന്തരം ബൗളിംഗ് ആക്ഷനുകള്‍ക്ക് ലോക ക്രിക്കറ്റ് ചരിത്രം സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതില്‍ നിന്നെല്ലാം ഏറെ വ്യത്യസ്ഥമായ ഒരു ആക്ഷന്‍ . ഒട്ടും ആകര്‍ഷണീയത തോന്നാത്ത അനുകരിക്കാന്‍ പോലും ഇഷ്ടക്കുറവ് തോന്നുന്ന ഒരു രീതി . പക്ഷേ ഇന്ന് ലോകം ഏറെ ശ്രദ്ധിക്കുന്ന , ബാറ്റര്‍മാര്‍ ഏറ്റവുമധികം ഭയപ്പെടുന്ന ബൗളിംഗ് ഏത് എന്ന ചോദ്യത്തിന് മുന്നില്‍ എന്നും ചിരിയോടെ മാത്രം കളത്തില്‍ നിറയുന്ന ഒരു അഹമ്മദാബാദുകാരന്റെ മുഖം നമ്മുടെ മനസ്സില്‍ തെളിഞ്ഞു വരുന്നുണ്ട് എങ്കില്‍ അത് തന്നെയാണ് ബൂംറ എന്ന ഇന്ത്യന്‍ പേസ് ബൗളറുടെ വിജയവും. ബൗളിംഗ് എന്‍ഡില്‍ സ്‌ററമ്പിന് അടുത്തെത്തി ഉയര്‍ന്ന് ചാടിയ ശേഷമോ, അതീവ ദൂരം ഓടിയെത്തിയ ശേഷമോ സ്‌റ്റൈലിഷായി ബൗളിനെ റിലീസ് ചെയ്യുന്ന പതിവ് ബൗളിംഗ് ശൈലിക്ക് വിരുദ്ധമായ ഒരു രീതി. പതിയെ റണ്ണപ്പ് കുറച്ച് സാവകാശത്തില്‍ നടന്ന് വന്ന് ക്രമേണ വേഗത കൂട്ടി ക്രീസില്‍ കാലെടുത്ത് വച്ച ശേഷം ഡബിള്‍ ബാരല്‍ ഗണ്‍ നീട്ടുന്നതിന് സമാനമായ രീതിയില്‍ ഇടത് കൈ ചുരുട്ടി നീട്ടി വലത് കയ്യാല്‍ ട്രിഗര്‍ വലിച്ച് വെടിയുണ്ട പോലെ പായുന്ന പന്തിനെ കാണുമ്പോള്‍ മേല്‍ സൂചിപ്പിച്ച പ്രകാരം തോക്കുമായെത്തുന്ന ഒരു നായകന്റെ രംഗ പ്രവേശമായി തോന്നിയാലും അത്ഭുതപ്പെടാനില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏഴാമത്തെ വയസ്സില്‍ അച്ഛനെ നഷ്ടമായ ബാലന്‍ , കര്‍ക്കശ്യ കാരിയായ ഒരു സ്‌കുള്‍ പ്രിന്‍സിപ്പലുടെ മകന്‍ ക്രിക്കറ്റ് കളിക്കുന്നതില്‍ വിലക്ക് നേരിട്ടു എന്നത് പുതുമയുള്ള കാര്യമായിരിക്കില്ല. പക്ഷേ ആ വിലക്കുകള്‍ അവന്റെ വിജയ വഴിയിലേക്കുള്ള പാത തെളിക്കുവാന്‍ കാരണമായത് തികച്ചും യാഥൃശ്ചികം മാത്രം. ഗ്രൗണ്ട് അനുവദിക്കാതെ അമ്മ തടഞ്ഞപ്പോള്‍ വീടിനുള്ളില്‍ മുറിയുടെ മൂലയില്‍ പന്തെറിഞ്ഞ് അവന്‍ യോര്‍ക്കറുകള്‍ പ്രാക്ടീസ് ചെയ്തു. സ്വന്തം റൂമിന്റെ കോണില്‍ പന്തെറിഞ്ഞ് കൊള്ളിച്ചിരുന്ന അവന് ഇന്ന് ലോകോത്തര താരങ്ങളുടെ മിഡില്‍ സ്റ്റമ്പിന് മുന്നില്‍ പന്തെറിഞ്ഞ് കൊള്ളിക്കുവാന്‍ കഴിയുന്നത് കാലത്തിന്റെ കാവ്യ നീതി ആയിരിക്കാം. ലോക ബൗളിംഗ് ഭൂപടത്തില്‍ ഇന്ത്യന്‍ പ്രാതിനിധ്യത്തെ അവന്‍ അടയാളപ്പെടുത്തുമ്പോള്‍ അവസാനിക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ആരാക ലോകം കാത്തിരുന്ന ദീര്‍ഘ നാളത്തെ സ്വപ്‌ന സാക്ഷാത്കാര്യം കൂടിയാണ്.ഇന്ന് വിദേശ പിച്ചുകളില്‍ ഒരിക്കല്‍ കൂടി തന്റെ മികവ് പുറത്തെടുത്ത് അവന്‍ ക്രിക്കറ്റ് ലോകത്തെ ഒരിക്കല്‍ കൂടി ഞെട്ടിച്ചിരിക്കുന്നു. പേര് കേട്ട ഇംഗ്ലീഷ് ബാറ്റര്‍മാരുടെ നിരയെ തന്റെ മികച്ച പ്രകടനനം കൊണ്ടവന്‍ മുട്ട് കുത്തിച്ചിരിക്കുന്നു. അപ്രാപ്യമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധക ലോകം കരുതിയിരു്ന്ന നേട്ടങ്ങളെ അവന്‍ നമുക്കായി സമ്മാനിക്കുന്നു. അതെ തീര്‍ച്ച…… കാറും കോളുമേല്‍ക്കാതെ ക്രിക്കറ്റ് ആരാധകരുടെ വിശ്വാസ നൗകകള്‍ക്ക് മുന്നില്‍ കാവലായി, പരാജയത്തിന്റെ മരണ തുല്യമായ അവസ്ഥകള്‍ക്ക് മുന്നില്‍ കവചമായി അയാള്‍ എന്നുമുണ്ടാകും… തന്റെ ഡബിള്‍ ബാരല്‍ ഗണ്ണില്‍ തിര നിറച്ച് ഈ വിശ്വാസ കോട്ടയുടെ കാവല്‍ക്കാരനായി …. നല്ല ഗണ്‍മാനായി….. ശാന്തമായി ഉറങ്ങി അടുത്ത പോരാട്ടത്തിലെ വെടിയൊച്ചകള്‍ക്കായി ഇനി നമുക്ക് കാതോര്‍ത്തിരിക്കാം…..ബൂം ബൂം ബൂംറയുടെ തീ തുപ്പുന്ന തോക്കിനായി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.