സ്പോർട്സ് ഡെസ്ക്ക് : വെസ്റ്റ് ഇന്‍ഡീസുമായുള്ള ടെസ്റ്റ് പരമ്പര തൂത്തുവാരാന്‍ സാധിക്കാതെ പോയതിന്റെ നിരാശയിലാണ് ടീം ഇന്ത്യ. പരന്പരയില്‍ സമ്പൂര്‍ണ വിജയം നേടാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു രോഹിത് ശര്‍മയും സംഘവും. പക്ഷെ ഇന്ത്യയുടെ ഈ മോഹം മഴ തടയുകയായിരുന്നു. ഇതോടെ സമനില കൊണ്ട് ഇന്ത്യ തൃപ്തിപ്പെടുകയും ചെയ്തു. ആദ്യ ടെസ്റ്റില്‍ നേരത്തേ ഗംഭീര വിജയം നേടിയതിനാല്‍ പരമ്പര 1-0നു വരുതിയിലാക്കാന്‍ ഇന്ത്യക്കു സാധിച്ചു.
പക്ഷെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യക്കു വലിയ തിരിച്ചടിയാണ് നേരിട്ടത്. രണ്ടാം ടെസ്റ്റിലെ സമനില കാരണം ഇന്ത്യക്കു ഒന്നാംസ്ഥാനം നഷ്ടമായിയിരിക്കുകയാണ്. 100 ശതമാനം വിജയമെന്ന ഇന്ത്യയുടെ റെക്കോര്‍ഡാണ് സമനിലയോടെ കൈവിട്ടത്. ഇതു ഡബ്ല്യുടിസിയുടെ മൂന്നാം സീസണിലെ പോയിന്റ് പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനത്തിനു ഇളക്കം തട്ടിക്കുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒന്നാംസ്ഥാനം നഷ്ടമായ ഇന്ത്യ രണ്ടാം നമ്പറിലേക്കു വീണിരിക്കുകയാണ്. ഇന്ത്യയെ പിന്തള്ളി ചിരവൈരികളായ പാകിസ്താന് പുതിയ ഒന്നാംസ്ഥാനക്കാരായി മാറുകയും ചെയ്തു. ആകെ ലഭിക്കുന്ന പോയിന്റല്ല മറിച്ച് വിജയശതമാനമാണ് പോയിന്റ് പട്ടികയിലെ റാങ്കിങ് നിശ്ചയിക്കുന്നത്. നിലവില്‍ 66.67 ശതമാനമാണ് ഇന്ത്യയുടെ വിജയശരാശരി. പാകിസ്താന്റെ വിജയശതമാനം 100ഉം ആണ്.
ശ്രീലങ്കയുമായി ഒരേയൊരു ടെസ്റ്റ് മാത്രമാണ് ഡബ്ല്യുടിസിയുടെ പുതിയ സൈക്കിളില്‍ അവര്‍ കളിച്ചിരിക്കുന്നത്. അതില്‍ പാകിസ്താന് വിജയിക്കുകയും ചെയ്തു. ഇതോടെയാണ് അവരുടെ വിജയശതാനം 100 ആയി മാറിയത്. ഇന്ത്യയാവട്ടെ കളിച്ച രണ്ടു ടെസ്റ്റുകളില്‍ ഒന്നില്‍ ഇന്നിങ്സിനും 141 റണ്‍സിനും ജയിച്ചപ്പോള്‍ രണ്ടാം ടെസ്റ്റില്‍ സമനിലക്കെണിയില്‍ കുരുങ്ങുകയും ചെയ്തു.
പോയിന്റ് നോക്കുകയാണെങ്കില്‍ പാകിസ്താന് 12ഉം ഇന്ത്യക്കു 16ഉം പോയിന്റാണുള്ളത്. പക്ഷെ വിജയശതമാനം കുറഞ്ഞത് ഇന്ത്യക്കു വിനയാവുകയായിരുന്നു. പോയിന്റ് പട്ടികയില്‍ ഇന്ത്യക്കു പിന്നിലുള്ള ടീമുകള്‍ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് എന്നിവരാണ്. ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു. ഇത് ഇരുടീമുകളുടെയും വിജയശതമാനത്തെ ബാധിക്കുകയും ചെയ്തു.
54.17 വിജയശതമാനമാണ് ഓസട്രേലിയക്കുള്ളത്. ഇംഗ്ലണ്ടിന്റെ വിജയശതമാനം 29.17 ആണ്. നാലു ടെസ്റ്റുകളില്‍ ഓസീസ് രണ്ടെണ്ണത്തില്‍ ജയിക്കുകയും ഓരോ ടെസ്റ്റില്‍ സമനില വഴങ്ങുകയും തോല്‍ക്കുകയും ചെയ്തു. ഇംഗ്ലണ്ടാവട്ടെ നാലു ടെസ്റ്റില്‍ ഒന്നില്‍ ജയിച്ചപ്പോള്‍ രണ്ടെണ്ണത്തില്‍ പരാജയപ്പെട്ടു. ഒന്നില്‍ സമനിലയും വഴങ്ങി.
ഇന്ത്യയുമായുള്ള രണ്ടാം ടെസ്റ്റില്‍ മഴയുടെ കാരുണ്യം കൊണ്ട് സമനിലയുമായി രക്ഷപ്പെട്ടത് വെസ്റ്റ് ഇന്‍ഡീസിനെ പോയിന്റ് പട്ടികയില്‍ അക്കൗണ്ട് തുറക്കാനും സഹായിച്ചിരിക്കുകയാണ്. രണ്ടു ടെസ്റ്റുകളില്‍ ഓരോ ജയവും സമനിലയുമുള്ള അവരുടെ വിജയശതമാനം 16.67 ആണ്.
ശ്രീലങ്കയാണ് പോയിന്റ് പട്ടികയില്‍ വിന്‍ഡീസിനു പിന്നില്‍. പാകിസ്താനെതിരേ കളിച്ച ടെസ്റ്റില്‍ പരാജയപ്പെട്ട അവര്‍ക്കു പോയിന്റൊന്നുമില്ല. പോയിന്റ് പട്ടികയിലെ മറ്റു ടീമുകളായ ന്യൂസിലാന്‍ഡ്, ബംഗ്ലാദേശ്, സൗത്താഫ്രിക്ക എന്നിവര്‍ ഇനിയും ഒരു ടെസ്റ്റ് പോലും ഡബ്ല്യുടിസിയുടെ പുതിയ സീസണില്‍ കളിച്ചിട്ടില്ല.