വാവയിൽ നിന്ന് വീരനിലേക്കും വീരനിൽ നിന്ന് വാവയിലേക്കും ; വിമർശകരുടെ വായടപ്പിച്ച് പന്ത് ; അപ്രതീക്ഷിത ഉയിർത്തെഴുന്നേൽപ്പിന്റെ വിപ്ലവ പോരാട്ട ഗാഥ : എ ജെ വിശ്വനാഥ് എഴുതുന്നു

ബർമിങ്ഹാം : അമിതാവേശം , കൃത്യതയില്ലാത്ത ഷോട്ട് സിലക്ഷൻ , അശ്രദ്ധ…എന്നിങ്ങനെ നീളുന്ന വിമർശനങ്ങൾ . 150 റൺസ് തികയ്ക്കാൻ കഴിയാതെ പോയ അയാൾക്ക് നാളെ ഇത്തരത്തിൽ വിമർശന ശരങ്ങൾ ഏറെ ഏൽക്കേണ്ടി വന്നേക്കാം. മുൻനിര തകർന്ന് മുങ്ങാൻ തുടങ്ങിയ ടീമിനെ ഒരാൾ ഒറ്റയ്ക്ക് നിന്ന് കരകയറ്റുവാൻ തയ്യാറാകുന്നു. വ്യക്തിഗത നേട്ടങ്ങൾക്കതീതമായി അയാൾ ടീമിന്റെ വിജയം ആഗ്രഹിക്കുന്നു. അത്ഭുതാവഹമായ പ്രകടനത്തിലൂടെ നായകനായി അവതരിക്കുമ്പോഴും പല്ലിറുമ്മി , ചിറി കോട്ടി , നെറ്റി ചുളിച്ച് വിമർശന മുനയുമായി വീണ്ടും വീണ്ടും ക്രിക്കറ്റ് അപ്പോസ്തലന്മാർ സോഷ്യൽ മീഡിയയിൽ നിരക്കുന്നുണ്ട് എങ്കിൽ നമുക്ക് ഉറപ്പിക്കാം. ആ പോരാട്ട വീര്യം പുറത്തെടുത്ത നായകന് പേര് റിഷഭ് പന്ത് എന്നായിരിക്കും.

Advertisements

ഒരാൾ എങ്ങിനെയാണ് ഇത്തരത്തിൽ നിരന്തരമായ വിമർശനങ്ങൾക്ക് പാത്രമാവുക. അയാൾ കൈവരിച്ച നേട്ടവും പുറത്തെടുത്ത പ്രകടനവും ഒരു ചെറിയ ഷോട്ടിന്റെ പിന്നിൽ എങ്ങനെയാണ് അപ്രസക്തമാവുക. മുൻവിധികളിൽ ഒളിച്ച പൊതുബോധ നിർമ്മിതിയുടെ അഭിപ്രായ പ്രകടനത്തിലെ പ്രകടനം മാത്രമാണത് എന്ന് കരുതുകയേ തരമുള്ളൂ. ഇംഗ്ലണ്ടിനെതിരെ തകർന്ന് തരിപ്പണമായ ടീം ഇന്ത്യ, എന്നാൽ തന്റെ സ്വതസിദ്ധ ശൈലിയിൽ ഒരു പയ്യൻ ബാറ്റേന്തുന്നു. അമിത സ്ട്രെസ് ഒഴിവാക്കി അയാൾ മനോഹരമായ അറ്റാക്കിങ് ശൈലി പുറത്തെടുക്കുന്നു. മികച്ച സ്കോർ കണ്ടെത്തി അതിജീവനത്തിന്റെ അമരക്കാരനാവുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇനിയാണ് വിധിയെഴുത്തുകളുടെ വിരോധാഭാസത്തെ തിരിച്ചറിയേണ്ടുന്നത്.
പേര് കേട്ട മുൻ നിര തകർന്ന വേദിയിൽ മുൻപിൽ നിന്ന് നയിക്കുമ്പോൾ അയാൾ തികഞ്ഞ പക്വതയുള്ള ക്രിക്കറ്ററല്ല. 146 റൺസിൽ നിന്ന് 4 റൺസ് അകലെ വിക്കറ്റ് കളയുമ്പോഴും , ചില മത്സരങ്ങളിൽ അലക്ഷ്യമായ ഷോട്ട് സെലക്ഷനിൽ അടി പതറുമ്പോഴും അയാൾ വാവയാണ് ,പക്വത ലവലേശം കൈവരാത്ത പന്താണ്. എന്താണ് ഈ വിമർശന ബുദ്ധിജീവികളുടെ ഇക്വേഷൻ .

ഗാബയിൽ ഉയിർപ്പിന്റെ സുവിശേഷ ഗീതമായി അലയടിച്ച് ഉയർന്ന പന്ത് പക്ഷേ ക്യാപ്റ്റന്റെ കുപ്പായമണിഞ്ഞ ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ വീണ്ടും പക്വത കുറഞ്ഞവനായി ഡിബാർ ചെയ്യപ്പെടുന്നു. ഇന്നിതാ വീണ്ടും മറ്റൊരു വിദേശ പിച്ചിൽ അയാൾ ഇന്ത്യയ്ക്ക് ജീവവായു പകർന്ന് നൽകുകയാണ്. പക്ഷേ അപ്പോഴും പേര് കേട്ട പ്രഗൽഭ നിര തോറ്റുപോയ വിദേശ പിച്ചിന്റെ സ്വഭാവ സവിശേഷതകളെ നിഷ്പ്രയാസം അടിച്ചകറ്റിയ പന്തിന്റെ പ്രകടനം ലഘൂകരിക്കപ്പെടുകയാണ്.

അതി സമ്മർദ്ദത്തിനെ പരാജയപ്പെടുത്തി മനോഹരമായി റൺസ് സ്കോർ ചെയ്ത് ജഡേജയുമൊത്ത് കൂട്ട്കെട്ട് സ്ഥാപിക്കുവാൻ എന്ത് അനുഭവ സമ്പത്തിന്റെ കനപ്പെട്ട ഭാണ്ഡമാണ് അവൻ ചുമന്നിട്ടുള്ളത് ? പക്ഷേ അത് അതിജീവിക്കുവാൻ , തുടരെ തുടരെ അവശ്യ ഘട്ടങ്ങളിൽ നെടുന്തുണാകുവാൻ അയാൾക്ക് കഴിയുമ്പോഴും ഏത് വിമർശന മുനയിൽ മഷി ചേർത്താണ് അവനെ പക്വതയില്ലാത്തവൻ എന്ന് വിളിക്കാൻ കഴിയുക.

അവസരങ്ങൾ വീണ്ടും വീണ്ടും തേടിയെത്തുന്നവൻ പന്തിന് ലഭിക്കുന്ന മറ്റൊരു പ്രത്യേകത നിറഞ്ഞ വിമർശന വഴിയാണിത്. എന്തുകൊണ്ട് ടി20യിൽ പറയത്തക്ക മികവുറ്റ പ്രകടനം നടത്താതിരുന്നിട്ടും ടെസ്റ്റ് ടീമിൽ മാറ്റമില്ലാത്ത വാക്കായി സ്റ്റംപിന് നിലയുറപ്പിക്കുവാൻ സിലക്ടർ മാർ പന്തിനെ വിളിക്കുന്നു എന്ന ചോദ്യത്തിന് ഇതിലും മനോഹരമായി എങ്ങനെയാണ് അയാൾ മറുപടി പറയേണ്ടത്.

എഡ്ജ്ബാസ്റ്റണിലെ തകര്‍പ്പന്‍ ശതകത്തിലൂടെ ഋഷഭ് പന്ത് വിദേശ പിച്ചുകളിൽ ശതകം ശീലമാക്കിയ താരമായി കൂടി അവരോധിക്കപ്പെടുകയാണ്. ഇംഗ്ലണ്ടിനെതിരെ 111 പന്തിൽ നിന്ന് താരം 146 റൺസ് നേടിയപ്പോള്‍, ഓവലിലും സിഡ്നിയിലും ന്യൂലാണ്ട്സിലും ശതകങ്ങള്‍ നേടിയിരുന്നു. ഓവലിൽ പന്ത് 146 പന്തിൽ നിന്ന് 114 റൺസ് നേടിയപ്പോള്‍ സിഡ്നിയിൽ പുറത്താകാതെ 189 പന്തിൽ നിന്ന് 159 റൺസാണ് സ്വന്തമാക്കിയത്. ന്യൂലാൻസിൽ 139 പന്തിൽ നിന്ന് 100 റൺസുമായി പുറത്താകാതെയും നിന്നു.

പക്ഷേ ഇവിടെ വസ്തുതകളും കണക്കുകളുമല്ല താരത്തെ വിലയിരുത്തുന്നത്. മറിച്ച് വിമർശന ബുദ്ധിയുടെ അന്ധത ബാധിച്ച ചോര കണ്ണുകളാണ്. ” നല്ല താരങ്ങൾ പിഴവുകളിൽനിന്നു പഠിക്കും, തെറ്റുകളിൽനിന്നു പഠിക്കാത്തതാണ് പന്തിന്റെ കുഴപ്പം ” പ്രമുഖ ക്രിക്കറ്റുടെ വാക്കുകൾ ശരിയാണ് പോരായ്മകൾ പരിഹരിക്കുവാൻ അയാൾ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. ഇനിയും ഏറെ മെച്ചപ്പെടുന്തേണ്ടതായും ഉണ്ട് . പക്ഷേ ടീമിനെ ഒറ്റയ്ക്ക് കരപിടിച്ചുയർത്താൻ അയാൾ സമ്മാനിക്കുന്ന മികച്ച പ്രകടനങ്ങൾ അത് കണ്ടില്ല എന്ന് നടിച്ചുള്ള വിമർശന രീതികൾ അവസാനിപ്പിക്കുക.

പുത്തനുയിർ നാടിനേകിക്കൊണ്ടുയരും വീണ്ടും എന്ന പി ഭാസ്കരൻ വരികൾ പോലെ ടീമിന് ഉയിർ സമ്മാനിച്ചു കൊണ്ട് അയാൾ ഇനിയും ഉയർന്ന് തന്നെ നിൽക്കും. വിദേശ പിച്ചുകളിൽ കാലിടറി വീഴുന്ന ടീമിനെ ചുമക്കുവാൻ വിശ്വസ്തമായ ഒരു ചുമലുമായി ….. വീരനായാലും വാവയെന്ന വിളിപ്പേരിൽ അപ്രതീക്ഷിത ഉയിർത്തെഴുന്നേൽപ്പിന്റെ വിപ്ലവ പോരാട്ടവുമായി…..

റിഷഭ് പന്ത് ….. നിങ്ങൾ തുടങ്ങിയിട്ടേ ഉള്ളൂ …..
തുടരുക ….

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.