സ്പോർട്സ് ഡെസ്ക്ക് : ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യൻ ഓപ്പണര്‍മാര്‍ വളരെ പ്രതിരോധത്തിലായിരുന്നു. ഞായറാഴ്ച അതായിരുന്നില്ല സ്ഥിതി. കൊളംബോയില്‍ നടന്ന സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ടോസ് നേടിയ ബാബര്‍ അസം ഇന്ത്യയെ ആദ്യം ബാറ്റ് ചെയ്യാൻ ക്ഷണിച്ചതിന് ശേഷം, രോഹിതും ശുഭ്മാനും പ്രത്യാക്രമണ സമീപനത്തിലൂടെ ശക്തമായ പാകിസ്ഥാൻ പേസ് ആക്രമണത്തെ അസ്വസ്ഥരാക്കുകയായിരുന്നു. തുടക്കം തന്നെ ഇരുവരും ആക്രമിച്ചു കളിച്ചു.
രോഹിതിനേക്കാള്‍ വേഗത്തില്‍ പഞ്ചാബ് ബാറ്റർ അക്രമണം പുറത്തെടുത്തു. എന്നാൽ കുറച്ച് പന്തുകള്‍ നേരിട്ടതിന് ശേഷം ഇന്ത്യൻ ക്യാപ്റ്റനും അക്രമണ പാത പിന്തുടർന്നതോടെ പേരുകേട്ട പാക് പേസ് നിര വിറച്ചു. 17 ഓവറുകള്‍ക്കുള്ളില്‍ ഇരുവരും ചേര്‍ന്ന് 121 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി . എന്നാൽ ഇപ്പോൾ ഇന്ത്യൻ ഓപ്പണര്‍മാരുടെ ആക്രമണാത്മക ശൈലിയെ പ്രശംസിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ദിനേശ് കാര്‍ത്തിക്ക്. ഷഹീൻ അഫ്രീദിക്കെതിരെ രോഹിത് ശര്‍മ്മയും ശുഭ്മാൻ ഗില്ലും ബാറ്റ് ചെയ്ത രീതി ലോകകപ്പിന് മുൻപ് പാകിസ്ഥാനെ ആശങ്കപ്പെടുത്തുമെന്ന് ദിനേഷ് കാര്‍ത്തിക് പറഞ്ഞു.