സ്പോർട്സ് ഡെസ്ക് : ഗാർഡ് എടുത്ത് ഫുട്ട് വർക്ക് ശരിയാക്കി അതിർത്തി വരയുടെ വ്യാപ്തി ലക്ഷ്യം വച്ച് ബാറ്റർ മാരും , സ്റ്റെപ് എടുത്ത് ഗ്രൗണ്ടിൽ കാല് കൊണ്ട് വരച്ച ശേഷം ഗുഡ് ലെങ്ത് ഏരിയയിലേയ്ക്കും വിക്കറ്റിലേക്കും കണ്ണും നട്ട് ബൗളർമാരും ഒരുങ്ങി കഴിഞ്ഞിരിക്കുന്നു. കണ്ണുകളും കാതുകളും കൂർപ്പിച്ച് വാഴുന്നോരുടേയും വീഴുന്നോരുടേയും ലിസ്റ്റ് കുറിച്ചെടുക്കുവാൻ പേനയിൽ മഷിനിറച്ച് മറ്റൊരു കൂട്ടരും തയ്യാറെടുപ്പ് തുടങ്ങി കഴിഞ്ഞിട്ടുണ്ട്. മറ്റാരുമല്ല ദാദയും കൂട്ടരും.
കാലിച്ചന്തകളിൽ പച്ച മനുഷ്യനെ വില പറഞ്ഞു വിറ്റിരുന്ന ഭൂതകാല യാഥാർത്ഥ്യങ്ങളിൽ നിന്നും അന്തസിന്റെ നവകാല മനുഷ്യ വിൽപ്പനയിലേയ്ക്ക് കാലം ശിരസ്സുയർത്തി സങ്കോചമേതുമില്ലാതെ കടന്നുവന്നിട്ട് നാളുകളേറെയായിട്ടുണ്ട്. ഇക്കഴിഞ്ഞ ഐപിഎൽ വിൽപ്പന ചന്തയിൽ കോടികളിൽ കുരുങ്ങിയവരുടെ പുഞ്ചിരികളും ഒഴിവാക്കപ്പെട്ടവരുടെ കണ്ണുനീർ മൗനവും അസ്വാരസ്യങ്ങളുടെ പുതിയ ഗ്രൗണ്ടുകളിൽ ലൈറ്റുകൾ തെളിയ്ക്കുമ്പോഴും പടയൊരുക്കത്തിന്റെ പുതിയ പ്രതീക്ഷകളിലാണ് കളിക്കാരും മാനേജ്മെന്റും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വരാനിരിക്കുന്ന ഐപിഎൽ മാമാങ്കം തിരുനാവായിൽ അല്ലായിരിക്കാം നിളയുടെ തീരങ്ങൾ അകമ്പടി പുൽകില്ലായിരിക്കാം പക്ഷേ വാളുകൾക്കും ചുരികകൾക്കും ഉറുമി കൾക്കും പകരം ബാറ്റുകളും പാഡുകളും ബൗളുകളുമെല്ലാം സ്ഥാനം പിടിക്കുന്ന ഈ മാമാങ്കവും ചേരിതിരിഞ്ഞ് നടക്കുന്ന നിലനിൽപ്പിന്റെ ഭാവിയുടെ കനപ്പെട്ട യുദ്ധ പോരാട്ടം തന്നെയാണ്. അതെ ഐ പി എൽ ഒരു തുടക്കം മാത്രമാണ് ഒക്ടോബറിൽ വരാനിരിക്കുന്ന ലോക കുട്ടി ക്രിക്കറ്റ് മത്സരങ്ങളുടെ യുദ്ധ ഭൂമിയിൽ രാജ്യത്തിന് വേണ്ടി അണിനിരക്കുവാൻ പോകേണ്ടുന്ന 11 പോരാളികളെയും അവർക്കുള്ള പകരക്കാരേയും കണ്ടെത്തുന്നതിനുള്ള തുടക്കം.
കുറച്ച് കാലങ്ങളായി മഴവെള്ളപ്പാച്ചിൽ പോലെ ഗതിയറിയാതെ ഒഴറുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അഴിച്ചു പണികളുടെ കാലം ആഗതമായോ? സ്ഥിരതയില്ലാതെ തുഴയാൻ തുടങ്ങിയ വഞ്ചി കരക്കെത്താതെ കടലിൽ നട്ടം തിരിയുമ്പോൾ ഇന്ത്യ തിരയുന്നതും ഭാവി കാലത്തെ കാക്കുന്ന മികച്ച ഒരു തോണിക്കാരനെ തന്നെയാകും. രോഹിതും വിരാടും ധവാനും രാഹുലും അങ്ങനെ പ്രതിഭകൾ നിരവധി നിറഞ്ഞ ടീമിൽ ധവാനും വിരാടിനും ഇനി നേതൃ സ്ഥാനം അഭികാമ്യമല്ല എന്നിരിക്കെ രോഹിതിന് ശേഷം അടുത്ത സ്ഥാനം രാഹുലിലേയ്ക്ക് നീളുമോ എന്നതും ആശങ്ക നിറയ്ക്കുന്ന ചോദ്യമാണ്. ക്യാപ്റ്റൻ എന്ന നിലയിൽ മെച്ചപ്പെട്ട കരിയർ ഉള്ള രോഹിതിനെ പരിഗണനയിൽ മുന്നിൽ തന്നെ നിർത്തുമ്പോഴും 50 ഓവർ മത്സരങ്ങളിലേയ്ക്കാകും ബിസിസിഐ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇന്ത്യൻ ടി. 20 നായക കുപ്പായത്തിലേയ്ക്ക് ആദ്യ വേൾഡ് കപ്പ് മത്സരത്തിൽ ധോണിയെ യുദ്ധകാല പരീക്ഷണാടിസ്ഥാനത്തിൽ നിയമിച്ച ഭൂതകാലത്തെ അങ്ങനെയങ്ങ് തളളിക്കളയുവാനും ആകില്ല. രാഹുൽ ക്യാപ്റ്റനായി ശോഭിക്കുമോ എന്ന സംശയം നിലനിൽക്കുമ്പോൾ തന്നെ ഭാവി കാലത്തേക്ക് ഇന്ത്യ പുതിയൊരാളെ നോട്ടമിടാനും സാധ്യതകളുണ്ട്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് പരാജയം വഴങ്ങുക കൂടി ചെയ്താൽ കുട്ടി ക്രിക്കറ്റിന്റെ തലപ്പത്തേക്ക് യുവതാരങ്ങൾ കടന്നു വരാനുള്ള സാധ്യത പതിൻ മടങ്ങ് വർദ്ധിക്കുവാനുള്ള സാധ്യതകളും ഏറെയാണ്.
ആരായിരിക്കും അയാൾ ? പന്തിൽ കാണുന്ന പക്വതക്കുറവ് വിക്കറ്റ് കീപ്പർ ബാറ്ററിലേയ്ക്ക് വീണ്ടും ചരിത്രമെത്തുമെന്ന സാധ്യതകളെ ഇല്ലാതാക്കുന്നുണ്ട്. എന്നാൽ ഒളിവിലും തെളിവിലും ശ്രദ്ധിക്കപ്പെടാതെയും ഇടയ്ക്ക് പരിഗണനയിൽ ഉൾപ്പെട്ടുമെല്ലാം നിൽക്കുന്ന പുതിയ കാലത്തിന്റെ ശ്രേയസ് ഉയർത്തുന്ന ശ്രേയസ് അയ്യറെ അങ്ങനെയങ്ങ് വിട്ട് കളയുവാൻ ഇന്ത്യ ഒരിക്കലും തയ്യാറാവാൻ വഴിയില്ല. ഡൽഹിയെ കഴിഞ്ഞ സീസണിൽ നയിച്ച അയ്യറുടെ നായക മികവ് ക്രിക്കറ്റ് ലോകം കണ്ടതാണ് ഇടയ്ക്ക് പരിക്കിന്റെ പിടിയലമർന്ന് പിൻവാങ്ങിയെങ്കിലും അയ്യറിലെ ക്യാപ്റ്റൻ മികവ് പുലർത്തി എന്നത് അർത്ഥശങ്കകൾക്ക് ഇടയില്ലാത്ത സത്യമാണ്.
മറ്റൊരു കപിൽ ജനിക്കുമോ ? കപിൽ ദേവിന് ശേഷം ഇന്ത്യയുടെ നേതൃനിരയിലേയ്ക്ക് ഒരു ഓൾ റൗണ്ടർ വിശേഷ്യാ ബൗളർ എന്ന നിലയിൽ മികച്ച് നിന്ന ഒരാൾ ക്യാപ്റ്റനായി എത്തിയിട്ടില്ല. എന്നാൽ രോഹിതിന്റെ വൈസ് ക്യാപ്റ്റനായി ബുംറയെ നിയോഗിച്ച ടീം മാനേജ്മെന്റിന്റെ ലക്ഷ്യം എന്താകും. രാഷ്ട്രീയ താല്പര്യങ്ങളും ലോബികളും പലപ്പോഴും അരങ്ങ് വാഴുന്ന ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് ഗാംഗുലിയും ദ്രാവിഡും ചേർന്ന് കഴിവിനെ മുഖവിലയ്ക്കെടുത്ത് ഉറച്ച തീരുമാനങ്ങളിൽ എത്തിയാൽ തീർച്ചയായും ഇന്ത്യ മാറ്റങ്ങളുടെ പുതിയ പാതയിലേയ്ക്കുള്ള ഗിയർ മാറ്റുമെന്നത് ഉറപ്പാണ്. പ്രതി സന്നിധിയിൽ ധോണിയെത്തി തോളിലേറ്റിയ പോലെ വിവാദങ്ങളും പടല പിണക്കളും നിറഞ്ഞു നിൽക്കുന്ന ഇന്ത്യൻ ടീമിനെ അസ്ഥിരതയിൽ നിന്നും സ്ഥിരതയുടെ ഭാവി കാലത്തിലേക്ക് ഒരു യുവ പോരാളി തോളിലേറ്റുക തന്നെ ചെയ്യും.
എന്ത് തന്നെ ഉണ്ടായാലും പുതിയ ടീമുകൾ കളം നിറയുന്ന 2022 ലെ ഐപിഎൽ ഉത്സവം തന്നെയാകും അതിന് വഴി വെട്ടുക.
അസ്വാരസ്യങ്ങളുടെ ഇടുങ്ങിയ ചിന്തകളിൽ ഉഴറാതെ ആസ്വാദനത്തിന്റെ ആവേശ കാലത്തിലേക്ക് നമുക്ക് കണ്ണും നട്ടിരിക്കാം…
ആരൊക്കൊ വീഴുമെന്നും ആരൊക്കെ വാഴുമെന്നും കണ്ട് തന്നെ അറിയാം ….. വമ്പനടികളുടെയും ശരവേഗത്തിൽ പായുന്ന യോർക്കർ പന്തുകളുടേയും വസന്തകാലത്തിലേക്ക് ……. ഒരു ഇടവേള മാത്രം ……. കണ്ണഞ്ചിപ്പിക്കുന്ന മനം നിറയ്ക്കുന്ന ഐപിഎൽ കാലം …….
ആ മാമാങ്കത്തിലേക്ക് ഇനി കുറച്ച് നാൾ മാത്രം ……
Lets start the countown…..