സ്‌പോര്‍ട്‌സ് ഡെസ്‌ക്ക് : കണ്ടം ക്രിക്കറ്റില്‍ ഇതിലും നന്നായി ഞങ്ങള്‍ പന്തെറിയുമല്ലോ. ഇവനെ ഒക്കെ ടീമിലെടുക്കുന്ന ടീം സിലക്ടര്‍മാരെ പറഞ്ഞാല്‍ മതി.ചുമ്മാ പഴം പോലെയല്ലെ ബാറ്റിലേക്ക് എറിഞ്ഞു കൊടുക്കുന്നത്. അതെങ്ങനാ അവിടേം ഗ്രൂപ്പ് കളിയല്ലെ. നമ്മുടെ സഞ്ജുവിന്റെ അവസ്ഥ തന്നെ കണ്ടില്ലെ. ആവറേജ് മലയാളി ക്രിക്കറ്റ് ആരാധകന്റെ ആത്മ രോക്ഷം ഇങ്ങനെ നീളുന്നു. പറയുന്നതിലും കാര്യമില്ലാതില്ല എന്ന് ഇത് കേള്‍ക്കുന്ന ആരും പറയും. സംഗതി ഒരു അര്‍ത്ഥത്തില്‍ കുറച്ചൊക്കെ ശരിതന്നെയാണ്.
എന്താണ് ഇന്ന് ഇന്ത്യന്‍ ബൗളര്‍മാരുടെ പെര്‍ഫോമന്‍സ് ? അവസാനമായി നടന്ന സൗത്ത് ആഫ്രിക്കക്കെതിരായ പരമ്പര നോക്കിയാല്‍ തന്നെ വസ്തുത വെളിവാകും. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ആ പിച്ചിന്റെ മേന്‍മ കൊണ്ട് മികച്ച രീതിയില്‍ പന്തെറിഞ്ഞതൊഴിച്ചാല്‍ പിന്നീടിങ്ങോട്ടുള്ള മത്സരങ്ങളില്‍ നല്ല തല്ലുവാങ്ങാനായിരുന്നു പന്തെറിഞ്ഞ ഒട്ടുമിക്ക എല്ലാ ബൗളര്‍മാരുടേയും വിധി. അവിടെ അല്‍പ്പമെങ്കിലും കഴിവ് പുറത്തെടുത്തത് അക്ഷര്‍ പട്ടേല്‍ മാത്രമായിരുന്നു. രണ്ടാം മത്സരത്തില്‍ ആരുടേയൊ ഭാഗ്യം കൊണ്ടോ, ഡീ കോക്ക് താളം കണ്ടെത്താന്‍ താമസിച്ചതുകൊണ്ടോ ഇന്ത്യ കളി ജയിച്ചു എന്ന് പറയുന്നതാകും ശരി. അവിടേയും മികച്ച സ്‌കോര്‍ നേടാന്‍ ബാറ്റര്‍മാര്‍ക്കായപ്പോഴും നിരാശപ്പെടുത്തിയത് ബൗളര്‍മാരായിരുന്നു. ഡീ കോക്ക് അല്‍്പ്പം കൂടി നേരത്തെ താളം കണ്ടെത്തിയിരുന്നുവെങ്കില്‍ ആ മത്സത്തിലെ വിജയവും പരമ്പരയും അവര്‍ക്കൊപ്പം കൂട്ട് ചേര്‍ന്നേനെ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഗതി ഏറെ ഗൗരവമുള്ളതാണ് എന്നതാണ് മറ്റൊരു വസ്തുത. ഈ ബൗളര്‍മാരേയും കൊണ്ട് ഇന്ത്യ എങ്ങനെ ലോകകപ്പ് നേടും. ഏറെ പ്രസക്തമായ മറ്റൊരു ചോദ്യമാണത്. ഒട്ടനവധി പ്രഗത്ഭരായ ബാറ്റര്‍മാര്‍ ടീമില്‍ ഇടം നേടാന്‍ മത്സരിക്കുമ്പോള്‍ മികച്ച ഒരു ബൗളറെ കണ്ടെത്താന്‍ ഇന്ത്യക്ക് കഴിയുന്നില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. മുഹമ്മദ് ഷമിയും , നടരാജനുമുള്‍പ്പടെ വേറേയും ബൗളര്‍മാര്‍ ടീമിന് പുറത്ത് അവസരം കാത്ത് നില്‍ക്കുമ്പോള്‍ അവര്‍ക്കായി ഒരു അവസരം മാറ്റി വെയ്ക്കാതെ പിന്നേയും പിന്നേയും ഫോമിലില്ലാത്ത ആളുകളെ ടീമില്‍ കുത്തി നിറയ്ക്കുവാന്‍ ഇന്ത്യ കാണിക്കുന്ന ശുഷ്‌കാന്തിയെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്.
ഒരു ഘട്ടത്തില്‍ ബി.സി.സി.ഐയുടെ തലപ്പത്ത് ഗാംഗുലിയും പിന്നീട് ഇന്ത്യന്‍ ടീമിന്റെ തലപ്പത്ത് ദ്രാവിഡുമെത്തിയപ്പോള്‍ ഏറെ പ്രതീക്ഷയോടെ നോക്കിക്കണ്ട ഒരു ആരാധക സമൂഹം ഇവിടെയുണ്ടായിരുന്നു. കൃത്യമായ മാറ്റങ്ങള്‍ ഒട്ടനവധി പ്രഗത്ഭരായ പുതിയ താരങ്ങള്‍ , രാഷ്ട്രീയം നോക്കാതെയുളള ടീം സിലക്ഷന്‍ എ്ന്നിങ്ങനെ നീളുന്നു അവരില്‍ അര്‍പ്പിച്ച പ്രതീക്ഷ. പക്ഷേ എല്ലാം തെറ്റായിരുന്നുവെന്ന് കാലം കാട്ടിത്തന്നു. കുറെ പുതിയ താരങ്ങളെ വളര്‍ത്തിയെടുത്തെങ്കിലും അര്‍ഹതയുടെ അടിസ്ഥാനത്തില്‍ അവരെ ടീമില്‍ പ്ലെയ്‌സ് ചെയ്യാന്‍ ഇരുവര്‍ക്കും കഴിഞ്ഞില്ല.
ഈ നിലയില്‍ മുന്നോട്ട് പോയാല്‍ ഇന്ത്യ എങ്ങനെ ലോകകപ്പില്‍ മുത്തമിടും. തല്ലുമാലയിലും അജഗജാന്തരത്തിലും കാണാത്ത തരത്തില്‍ തല്ലുവാങ്ങുന്ന ഈ ബൗളര്‍മാരെ എങ്ങനെ വിശ്വസിക്കാന്‍ കഴിയും. ഡെത്ത് ഓവര്‍ എറിയാന്‍ കഴിവുള്ള ഒരു ബൗളര്‍ പോലുമില്ലാതെ ഇന്ത്യ മാറി. യോര്‍ക്കറുകള്‍ ഫലപ്രദമായി എറിയാന്‍ കഴിയുന്നില്ല്. എല്ലാ മത്സരത്തിലും കാണും കുറെ അധികം എക്‌സ്ട്രാ റണ്‍. അതില്‍ പ്രത്യേകിച്ച് നോബോളുകളുടെ എണ്ണം ക്രമാതീതമായി കൂടുന്നു. പലപ്പോഴും യോര്‍ക്കറുകള്‍ ഫലം കാണുന്നത് ഫുള്‍ടോസുകളായും അവ വിശ്രമിക്കുന്നത് ഗാലറിയിലുമാണ്. പതിവില്‍ നിന്നെല്ലാം വ്യത്യസ്തമായി ഫീല്‍ഡിംഗിലും വലിയ പിഴവുകള്‍ വരുത്തുന്നു. ഓരോ റണ്ണും വിലപ്പെട്ട ട്വന്റി ട്വന്റിയില്‍ ആ പിഴവിന് വലിയ വില നല്‍കേണ്ടതായി വരുന്നു. കൂടുതല്‍ നിസാരമായ ക്യാച്ചുകള്‍ പാഴാക്കുന്നു.
ടീം ഇന്ത്യക്കിത് എന്താണ് സംഭവിക്കുന്നത്. അപരിഹാര്യമായ ഒന്നും തന്നെ ഇന്ത്യയെ സംബന്ധിച്ചില്ല. പ്രശ്‌നങ്ങള്‍ , പോരായ്മകള്‍ പഠിച്ച് ഒത്ത ടീമിനെ തന്നെ കളത്തിലിറക്കിയില്ല എങ്കില്‍ ഏഷ്യാ കപ്പില്‍ സംഭവിച്ചത് പോലെ ഗ്രൗണ്ടും ചാരി നിന്നവര്‍ കപ്പും കൊണ്ട് പോകും. ആരാധക മനസ്സില്‍ ഉരുകിയൊലിക്കുന്ന അങ്കലാപ്പുകള്‍ക്ക് അതിവേഗ ക്രിക്കറ്റിന്റെ ആവേശം നിറച്ച് ഉണര്‍ന്ന് കളിച്ചില്ല എങ്കില്‍ നാളിത് വരെ ടീം നേടിയെടുത്ത നേട്ടങ്ങള്‍ വെള്ളത്തില്‍ വരച്ച വര പോലെയാകും.
അത്‌കൊണ്ട് തന്നെ ഇന്ത്യ തിരിച്ചു വരൂ…. ബാറ്റിംഗിലും ബൗളിംഗിലും എതിരാളികളുടെ പേടി സ്വപ്‌നമായി…. പിഴുതെറിയുവാന്‍ കഴിയാത്ത വിശ്വാസ നൗകകളുടെ കാവല്‍ക്കാരായി ആരാധക ഹൃദയത്തില്‍ ആവേശം നിറച്ച് , ഉയര്‍ത്തിപ്പിടിച്ച തലയോടൊപ്പം കൈകളില്‍ ലോകകപ്പുമായി കങ്കാരുക്കളുടെ നാട്ടില്‍ നിന്നും മടങ്ങിയെത്തു…. പ്രതീക്ഷയറ്റിട്ടും ആ സുന്ദര നിമിഷത്തിന്റെ നിറനിമിഷങ്ങള്‍ നിങ്ങള്‍ കൈവരിക്കുമെന്ന അസ്തമിക്കാത്ത വിശ്വാസത്തിന്റെ വിളക്കുകാലിലാണ് ഇന്ന് ഇന്ത്യ ആരാധകര്‍ കണ്ണും നട്ടിരിക്കുന്നത്.