ലോര്‍ഡ്‌സ് : രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് തിരിച്ചടി. ആദ്യ മത്സരത്തില്‍ ആവേശ വിജയം നേടിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ തകര്‍ന്നടിഞ്ഞു. ആറ് വിക്കറ്റെടുത്ത ഇംഗ്ലീഷ് പേസര്‍ റീസ് ടോപ്ലിയാണ് ഇന്ത്യയെ തകര്‍ത്തത്. രണ്ടാംഏകദിനത്തില്‍ 100 റണ്‍ ജയത്തോടെ ഇംഗ്ലണ്ട് പരമ്പരയില്‍ തിരിച്ചെത്തി (1 -1).
ഇംഗ്ലണ്ട് ഉയര്‍ത്തിയ 247 റണ്ണിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 146 റണ്ണില്‍ ഒതുങ്ങുകയായിരുന്നു. സ്‌കോര്‍: ഇംഗ്ലണ്ട് 246 (49), ഇന്ത്യ 146 (38.5)
9.5 ഓവറില്‍ 24 റണ്‍ വിട്ടുകൊടുത്താണ് ടോപ്ലി ലോര്‍ഡ്‌സില്‍ അതുല്യനേട്ടം കൈവരിച്ചത്. രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, സൂര്യകുമാര്‍ യാദവ്, മുഹമ്മദ് ഷമി, യുശ്‌വേന്ദ്ര ചഹാല്‍, പ്രസിദ്ധ് കൃഷ്ണ എന്നിവരുടെ വിക്കറ്റുകളാണ് ടോപ്ലി നേടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആത്മവിശ്വാസം ഒട്ടുമില്ലാതെയായിരുന്നു ഇന്ത്യന്‍ ബാറ്റിങ്. ഓവര്‍ പകുതി ആയപ്പോഴേക്കും പകുതി വിക്കറ്റുകള്‍ കൊഴിഞ്ഞു. ക്യാപ്റ്റന്‍ രോഹിത് റണ്ണെടുക്കാതെ മടങ്ങിയത് വരാനിരുന്ന ദുരന്തത്തിന്റെ സൂചനയായിരുന്നു. ധവാന്‍ 26 പന്തില്‍ നേടിയത് ഒന്‍പത് റണ്‍. വിരാട് കോഹ്ലിക്ക് 25 പന്തില്‍ കിട്ടിയത് 16 റണ്‍. ഋഷഭ് പന്തിന് റണ്ണെടുക്കാനായില്ല. സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും, സൂര്യകുമാര്‍ യാദവ് 29 പന്തില്‍ 27 റണ്ണുമായി കീഴടങ്ങി.
ഹാര്‍ദിക് പാണ്ഡ്യയാണ് സ്‌കോര്‍ നൂറ് കടത്തിയത്. പക്ഷേ, അധികം ആയുസ്സുണ്ടായില്ല. 44 പന്തില്‍ 29 റണ്‍. രവീന്ദ്ര ജഡേജയും ഇതേ സ്‌കോറിന് മടങ്ങിയതോടെ പതനം പൂര്‍ത്തിയായി. മുഹമ്മദ് ഷമി 23 റണ്‍ നേടി. ചഹാല്‍ മൂന്ന് റണ്ണെടുത്തപ്പോള്‍ പ്രസിദ്ധ് റണ്ണില്ലാതെ മടങ്ങി. രണ്ട് റണ്ണുമായി ബുമ്ര ബാക്കിയായി.
നാല് വിക്കറ്റെടുത്ത സ്പിന്നര്‍ ചഹാലാണ്, ആദ്യം ബാറ്റുചെയ്ത ഇംഗ്ലീഷുകാരെ തടഞ്ഞത്. ജോണി ബെയര്‍സ്റ്റോ (38 പന്തില്‍ 38), ജോ റൂട്ട് (21 പന്തില്‍ 11), ബെന്‍ സ്റ്റോക്‌സ് (23 പന്തില്‍ 21), മൊയീന്‍ അലി (64 പന്തില്‍ 47) എന്നിവരെ ചഹാല്‍ മടക്കി. ഹാര്‍ദിക് പാണ്ഡ്യയും ബുമ്രയും രണ്ടും ഷമി, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
നാലിന് -87 എന്നനിലയില്‍ തകര്‍ന്ന ഇംഗ്ലണ്ടിനെ ലിയാം ലിവിങ്സ്റ്റണും (33) മൊയീനും ചേര്‍ന്ന് ഉയര്‍ത്തി. ഇന്ത്യയുടെ മോശം ഫീല്‍ഡിങ്ങും അനുഗ്രഹമായി. എട്ടാമനായെത്തിയ ഡേവിഡ് വില്ലി 49 പന്തില്‍ 41 റണ്ണടിച്ച് സ്‌കോര്‍ 200 കടത്തി. ആദ്യ കളിയില്‍ ഇന്ത്യ പത്ത് വിക്കറ്റിന് ജയിച്ചിരുന്നു. നിര്‍ണായകമായ അവസാനമത്സരം ഞായറാഴ്ചയാണ്.