സ്പോർട്സ് ഡെസ്ക്ക് : ഹൈദരാബാദ് ടെസ്റ്റില്‍ അവസാന ഇന്നിംഗ്സില്‍ ഏഴ് വിക്കറ്റെടുത്ത് ഇന്ത്യയെ നാണംകെടുത്തിയ ടോം ഹാർട്ട്ലിയെ സിക്സർ തൂക്കി ഇന്ത്യൻ ടീമിലെ യങ് ഗണ്ണായ യശസ്വി ജെയ്സ്വാള്‍ (163*) തന്റെ കിരീടത്തില്‍ ചേർത്തത് മറ്റൊരു പൊൻതൂവല്‍ കൂടി.വിശാഖപട്ടണത്ത് ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ രണ്ടാമത്തെ ശതകം പൂർത്തിയാക്കിയാണ് താരം 140 കോടി ജനങ്ങളുടെ യശസ്സുയർത്തുന്നത്. കരിയറിലെ ആദ്യ സെഞ്ചുറി മിന്നല്‍ വേഗത്തിലാണ് വന്നതെങ്കില്‍, രണ്ടാമത്തേത് 151 പന്തില്‍ നിന്നായിരുന്നു പിറന്നത്.
ആദ്യത്തെ സെഞ്ചുറി പിറന്നപ്പോള്‍ കണ്ട അതിവൈകാരികതയേക്കാള്‍, ഇത്തവണ യുദ്ധത്തില്‍ കടമ നിറവേറ്റിയൊരു പോരാളിയുടെ സംതൃപ്തിയോടെ ബാറ്റുയർത്തുന്ന ജെയ്സ്വാളിനെയാണ് കണ്ടത്. ആദ്യ സെഞ്ചുറി പിറന്നപ്പോള്‍ സ്ട്രൈക്ക് റേറ്റും നൂറിന് മുകളിലായിരുന്നു. വിശാഖപട്ടണത്ത് അത് എഴുപതില്‍ താഴെയാണ്. എങ്കിലും സന്ദർഭം പോലെ എതിർ ബോളർമാരെ ബഹുമാനിച്ചും കടന്നാക്രമിച്ചുമൊരു ക്ലാസിക് ടെസ്റ്റ് ക്രിക്കറ്റ് സെഞ്ചുറിയാണ് യശസ്വി സ്വന്തം സ്വന്തം പേരില്‍ ചേർത്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദ്യ ഇന്നിംഗ്സിലെ സിക്സറുകളുടെ എണ്ണം കുറച്ച്, ഇത്തവണ കട്ട് ഷോട്ടുകളിലൂടെയും ക്ലാസിക് ഡ്രൈവുകളിലൂടെയും ഫോറുകള്‍ കണ്ടെത്തുന്നതില്‍ അദ്ദേഹം മികവ് തെളിയിച്ചു. ഒരേസമയം, ഇന്ത്യയുടെ ടി20, ടെസ്റ്റ് ഫോർമാറ്റുകളില്‍ കളിക്കുക വഴി തന്റെ അപാരമായ റേഞ്ച് വികസിപ്പിച്ചെടുക്കുക കൂടിയാണ് ഈ രാജസ്ഥാൻ റോയല്‍സ് ഓപ്പണർ. കോച്ച് രാഹുല്‍ ദ്രാവിഡിന് കീഴില്‍ ഈ ഇളമുറക്കാരൻ പയ്യൻ കൈവരിക്കുന്ന പക്വത ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി ശോഭനമാക്കുന്നുണ്ട്.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 295 റൺസ് എന്ന നിലയിലാണ് ജയ്സ് വാളിനൊപ്പം അക്ഷർ പട്ടേലാണ് ക്രിസിൽ.