ബെര്‍ലിൻ : ബെര്‍ലിൻ ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പില്‍ ഉന്നം തെറ്റാതെ ഇന്ത്യ. ചരിത്രത്തിലാദ്യമായി ടീം ഇനത്തിലും വ്യക്തിഗത ഇനത്തിലും ലോക ചാമ്പ്യൻഷിപ്പില്‍ സ്വര്‍ണം നേടി ഇന്ത്യൻ വനിതാ താരങ്ങള്‍ അഭിമാനമായി. ഇതിനു പിന്നാലെ ലോക ചാമ്പ്യൻഷിപ്പില്‍ ഇന്ത്യക്കായി സ്വര്‍ണം നേടുന്ന ആദ്യ പുരുഷ താരമെന്ന നേട്ടത്തിലേക്ക് ഓജസ് പ്രവീണ്‍ ഡോട്ട്‌ലെയുമെത്തി. പുരുഷവിഭാഗം വ്യക്തിഗത കോമ്പൗട്ട് അമ്പെയ്ത്തിലാണ് ഓജസ് പ്രവീണ്‍ സ്വര്‍ണം എയ്തു നേടിയത്.
നേരത്തേ വനിതാ സിംഗിള്‍സില്‍ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യൻ എന്ന നേട്ടത്തോടെ പതിനേഴുകാരിയായ അദിതി ഗോപീചന്ദ് സ്വാമിയും വനിതാ ടീം ഇനത്തില്‍ അദിതി ഗോപീചന്ദ്, പര്‍ണീത് കൗര്‍, ജ്യോതി സുരേഖ വെന്നം എന്നിവരുടെ ടീമും സ്വര്‍ണം നേടിയിരുന്നു. ഇതോടെ മൂന്ന് സ്വര്‍ണവും ഒരു വെങ്കലവും ഉള്‍പ്പെടെ നാല് മെഡലുമായി ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. രണ്ട് സ്വര്‍ണവും ഒരു വെള്ളിയുമുള്ള ദക്ഷിണകൊറിയയാണ് രണ്ടാമത്.