ദുബായ്: ഐസിസി ടെസ്റ്റ് ടീം റാങ്കിംഗില്‍ ഇന്ത്യയെ പിന്തള്ളി ഓസ്ട്രേലിയ ഒന്നാം സ്ഥാനത്ത് എത്തി. പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര നേട്ടമാണ് ഓസ്ട്രേലിയയെ ഒന്നാം സ്ഥാനത്തെത്തിച്ചത്. ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ദക്ഷിണാഫ്രിക്കക്കെതിരെ പരമ്പര വിജയം അനിവാര്യമായിരുന്ന ഇന്ത്യ കേപ്ടൗണ്‍ ടെസ്റ്റില്‍ ജയിച്ചെങ്കിലും രണ്ട് മത്സര പരമ്പര സമനിലയില്‍(1-1) എത്തിക്കാനെ കഴിഞ്ഞിരുന്നുള്ളു. സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഇന്നിംഗ്സിനും 32 റണ്‍സിനും തോറ്റതാണ് റാങ്കിംഗില്‍ തിരിച്ചടിയായത്.
അതേസമയം, പാകിസ്ഥാനെിരായ മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര നേടിയ ഓസീസ് സിഡ്നിയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിലും ജയത്തിലേക്ക് നീങ്ങുകയാണ്. ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും പരമ്പരകള്‍ക്ക് മുമ്പ് ഇരു ടീമുകള്‍ക്കും 118 റേറ്റിംഗ് പോയന്‍റായിരുന്നു ഉണ്ടായിരുന്നത്. ദശാംശ കണക്കിലായിരുന്നു ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരുന്നത്. ഈ മാസം അവസാനം തുടങ്ങാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ മത്സര ടെസ്റ്റ് പരമ്പര സ്വന്തമാക്കിയാല്‍ ഇന്ത്യക്ക് ഓസ്ട്രേലിയയെ പിന്തള്ളി ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാന്‍ അവസരമുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓസ്ട്രേലിയക്ക് 118 റേറ്റിംഗ് പോയന്‍റും ഇന്ത്യക്ക് 117 റേറ്റിംഗ് പോയന്‍റുമാണ് നിലവിലുള്ളത്. 115 റേറ്റിംഗ് പോയന്‍റുമായി ഇംഗ്ലണ്ടാണ് മൂന്നാം സ്ഥാനത്ത്. 106 റേറ്റിംഗ് പോയന്‍റുള്ള ദക്ഷിണാഫ്രിക്ക നാലാമതും ന്യൂസിലന്‍ഡ് അഞ്ചാമതും പാകിസ്ഥാന്‍ ആറാമതുമാണ്. ഏകദിനത്തില്‍ 121 റേറ്റിംഗ് പോയന്‍റുമായി ഇന്ത്യ തന്നെയാണ് ഒന്നാമത്. 117 റേറ്റിംഗ് പോയന്‍റുള്ള ഓസ്ട്രേലിയ രണ്ടാമതും 110 റേറ്റിംഗ് പോയന്‍റുള്ള പാകിസ്ഥാന് മൂന്നാമതുമാണ്. ടി20 റാങ്കിംഗിലും ഇന്ത്യയാണ് ഒന്നാമത്. ഇംഗ്ലണ്ട് രണ്ടാമതും ന്യൂസിലന്‍ഡ് മൂന്നാമതും പാകിസ്ഥാന്‍ നാലാമതുമുള്ളപ്പോള്‍ ഓസ്ട്രേലിയ അഞ്ചാമതാണ്.