ജയ്പുര്‍ : രോഹിത് ശര്‍മയ്ക്കും രാഹുല്‍ ദ്രാവിഡിനും കീഴില്‍ പുതിയ തുടക്കം സംഭീരമാക്കി ഇന്ത്യ. ട്വന്റി 20 ലോകകപ്പ് റണ്ണറപ്പിന്റെ പകിട്ടുമായെത്തിയ ന്യൂസിലന്‍ഡിനെ അഞ്ച് വിക്കറ്റിന് വീഴ്ത്തി ഇന്ത്യ പുതുയുഗത്തെ വരവേറ്റു. ട്വന്റി 20 ടീമിന്റെ ക്യാപ്റ്റനായുള്ള രോഹിതിന്റെയും ഇന്ത്യന്‍ ടീമിന്റെ പരിശീലകനായുള്ള ദ്രാവിഡിന്റെയും അരങ്ങേറ്റമായിരുന്നു ന്യൂസിലാൻഡിനെതിരെ നടന്നത്. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1–0ന് മുന്നിലെത്തി. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 165 റണ്‍ വിജയലക്ഷ്യം രണ്ടുപന്ത് ബാക്കിനില്‍ക്കേ ഇന്ത്യ മറികടന്നു. സൂര്യകുമാര്‍ യാദവും (40 പന്തില്‍ 62) രോഹിതുമാണ് (36 പന്തില്‍ 48) ജയത്തിന് അടിത്തറയിട്ടത്. സ്കോര്‍: ന്യൂസിലന്‍ഡ് 6–-164, ഇന്ത്യ 5–-166 (19.4).
ട്വന്റി 20 ലോകകപ്പില്‍ സൂപ്പര്‍ 12ല്‍ പുറത്തായതിന്റെ നിരാശയുമായാണ് ഇന്ത്യ ഇറങ്ങിയത്. ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞ വിരാട് കോഹ്ലിക്ക് പിന്‍ഗാമിയായി രോഹിത് എത്തിയപ്പോള്‍ രവി ശാസ്ത്രിക്കുപകരമാണ് ദ്രാവിഡ് ചുമതല ഏറ്റെടുത്തത്. ഓള്‍റൗണ്ടര്‍ വെങ്കിടേഷ് അയ്യറെ ഉള്‍പ്പെടുത്തിയാണ് ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ എത്തിയത്. ഐപിഎല്ലില്‍ മിന്നിയ ഇടംകൈയന്‍ അരങ്ങേറ്റ മത്സരമായിരുന്നു. അക്സര്‍ പട്ടേലും അശ്വിനുമായിരുന്നു സ്പിന്നര്‍മാര്‍. പേസ്നിരയെ ഭുവനേശ്വര്‍ നയിച്ചു. ഒപ്പം മുഹമ്മദ് സിറാജും ദീപക് ചഹാറും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടോസ് നേടിയ രോഹിത് ന്യൂസിലന്‍ഡിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മാര്‍ടിന്‍ ഗുപ്റ്റിലും (42 പന്തില്‍ 70) മാര്‍ക് ചാപ്മാനുമാണ് (50 പന്തില്‍ 63) തിളങ്ങിയത്. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാറും ആര് അശ്വിനും രണ്ട് വിക്കറ്റുകള്‍ നേടി. മറുപടിയില്‍ രോഹിതും സൂര്യകുമാറും ഇന്ത്യയെ അനായാസം നയിച്ചു. രോഹിത് രണ്ട് സിക്സറും അഞ്ച് ഫോറും നേടിയപ്പോള്‍ സൂര്യകുമാര്‍ മൂന്ന് സിക്സും ആറ് ബൗണ്ടറിയും പറത്തി. കളിയവസാനം വിറച്ചെങ്കിലും ഋഷഭ് പന്ത് (17 പന്തില്‍ 17*) ഇന്ത്യക്കായി ജയം പിടിച്ചുവാങ്ങുകയായിരുന്നു . നാളെയാണ് രണ്ടാം ട്വന്റി 20.