ഓക്ലൻഡ് : ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ കെയ്ന്‍ വില്യംസണ് – ടോം ലാതം സഖ്യം ഉയര്‍ത്തിയ റെക്കോര്‍ഡ് കൂട്ടുകെട്ടിന്റെ പിന്‍ബലത്തില്‍ ന്യൂസിലാന്റിന് ഏഴ് വിക്കറ്റിന്റെ വമ്പന്‍ ജയം.ഇന്ത്യ ഉയര്‍ത്തിയ 307 റണ്‍സ് വിജയലക്ഷ്യം മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 47.1 ഓവറില്‍ ന്യൂസിലാന്റ് അനായാസം മറികടന്നു. ഒരു ഘട്ടത്തില്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സ് എന്ന നിലയില്‍ തകര്‍ന്നു നിന്ന കീവിസിനെ ക്യാപ്റ്റന്‍ തന്നെയാണ് മുന്നില്‍ നിന്ന് നയിച്ചത്.
കെയ്ന്‍ വില്യംസണും ടോം ലാതമും ചേര്‍ന്ന 221 റണ്‍സിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ടാണ് ഇന്ത്യന്‍ തോല്‍വിക്ക് വഴിവെച്ചത്. ഇന്ത്യന്‍ ബൗളിംഗിനെ നിലംപരിശാക്കുന്ന പ്രകടനമായിരുന്നു ഇരുവരും ചേര്‍ന്ന് നടത്തിയത്.
തകര്‍പ്പനടികളോടെയായിരുന്നു ലാതമിന്റെ ഇന്നിംഗ്സ്. 19 ബൗണ്ടറികളും അഞ്ച് സിക്സറുകളുമാണ് ലാതമിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. 76 പന്തില്‍ നിന്ന് സെഞ്ചുറി പൂര്‍ത്തിയാക്കിയ ലാത്തം 104 പന്തില്‍ 145 റണ്‍സുമായി ലാതം പുറത്താകാതെ നിന്നു. 98 പന്തില്‍ 94 റണ്‍സെടുത്ത് കീവീസ് നായകന് മികച്ച പിന്തുണ നല്കി പുറത്താകാതെ നിന്നു. ലാത്തമിന് കൂറ്റനടികള്‍ക്കായി വിട്ടുനല്‍കിയ ഇന്നിംസായിരുന്നു കീവീസ് ക്യാപ്റ്റന്റേത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിജയലക്ഷ്യം പിന്തുടര്‍ന്ന കീവീസിന് ഓപ്പണര്‍മാരായ ഫിന് അലന്റെയും ഡെവോണ്‍ കോണ്‍വെയുടെയും വിക്കറ്റുകളാണ് ആദ്യം നഷ്ടമായത്. അലന് 22 റണ്‍സിനും ഡെവോണ്‍ 24 റണ്‍സിനും പുറത്തായി. ശര്‍ദുല്‍ താക്കൂറും ഉമ്രാന് മാലിക്കുമാണ് വിക്കറ്റുകള്‍ പിഴുതത്. 11 റണ്സെടുത്തഡാരല് മിച്ചലിനെ ഉമ്രാന് മാലിക് പുറത്തായെങ്കിലും ലാത്തമിന്റെയും വില്യംസിന്റെയും ചിറകിലേറി കീവീസ് വിജയത്തേരിലേറുകയായിരുന്നു.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്, ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ അര്‍ധസെഞ്ചുറികളുടെ മികവില്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 306 റണ്‍സടിച്ചു. അവസാന പത്തോവറില്‍ 96ഉം അവസാന അഞ്ചോവറില്‍ 56ഉം റണ്‍സടിച്ചാണ് ഇന്ത്യ 300 കടന്നത്. മലയാളി താരം സഞ്ജു സാംസണ് 38 പന്തില്‍ 36 റണ്‍സെടുത്തു പുറത്തായി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച വാഷിംഗ്ടണ്‍ സുന്ദര്‍ 16 പന്തില്‍ പുറത്താകാതെ 37 റണ്‍സടിച്ചു.