ദുബായ്: വൈഡ് കൊണ്ട് അധികമായി ഒരു ഓവർ പാക്കിസ്ഥാന് വച്ചു നൽകിയ ഇന്ത്യൻ ബൗളർമാരും, അധികാമായി കിട്ടിയ പന്തിൽ റണ്ണടിച്ചു കൂട്ടിയ പാക്ക് ബാറ്റർമാരും ചേർന്നപ്പോൾ ഏഷ്യാക്കപ്പിലെ സൂപ്പർ ഫോറിൽ തീരുമാനമായി. സൂപ്പർ ഫോറിലെ താരപ്പോരാട്ടത്തിൽ ആറു പന്തുകളാണ് ഇന്ത്യൻ ബൗളർമാർ അധികമായി എറിഞ്ഞത്. 120 പന്തുകൾ മാത്രമുള്ള ട്വന്റി 20 യിൽ ഈ ഒരു അധിക ഓവർ മതിയായിരുന്നു ഇന്ത്യയുടെ വിധി നിർണ്ണയിക്കാൻ. ആറു റൺ വൈഡിലൂടെയും രണ്ടു റൺ ബൈയ്യിലൂടെയും ഇന്ത്യ വിട്ടു നൽകി. പാക്കിസ്ഥാൻ ബൗളർമാർ പത്തു വൈഡ് എറിഞ്ഞെങ്കിലും, പാക്ക് ബൗളർമാർക്കെതിരെ ആദ്യം പുലർത്തിയ മേധാവിത്വം തുടരാനാവാതെ പോയതാണ് ഇന്ത്യയ്ക്ക് വിനയായത്.
സ്കോർ
ഇന്ത്യ – 181-7
പാക്കിസ്ഥാൻ -182-5
ടോസ് നഷ്ടമായി ബാറ്റിംങിന് ഇറങ്ങിയ ഇന്ത്യയ്ക്കു ക്യാപ്റ്റനും ഓപ്പണറുമായി രോഹിത് ശർമ്മ നൽകിയ വെടിക്കെട്ട് തുടക്കം, സഹ ഓപ്പണർ കെ.എൽ രാഹുൽ കൂടി ഏറ്റെടുക്കുകയായിരുന്നു. വെടിക്കെട്ടടിയുടെ ആവേശത്തിൽ ഇന്ത്യ നാലാം ഓവറിൽ തന്നെ അൻപത് കടന്നു. അഞ്ചാം ഓവറിന്റെ ആദ്യ പന്തിൽ ഹാരിസ് റൗഫിനെ ഉയർത്തിയടിക്കാൻ ശ്രമിച്ച് രോഹിത് മടങ്ങി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
16 പന്തിൽ രണ്ടു സിക്സും മൂന്നു ഫോറും സഹിതം 28 റണ്ണായിരുന്നു രോഹിത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. മെല്ലപ്പോക്കിനു പഴികേട്ട രാഹുൽ പക്ഷേ, ഇന്ന് പതിവിന് വിപരീതമായ ഫോമിലായിരുന്നു. രണ്ടു സിക്സും ഒരു ഫോറും പറപ്പിച്ച് വെടിക്കെട്ടിലേയ്ക്കു ട്രാക്ക് മാറ്റിയ രാഹുലിനെ 20 പന്തിൽ 28 റണ്ണെടുത്ത് നിൽക്കെ ഷഹബ്ദ് കാൻ വീഴ്ത്തി. ബൗണ്ടറി ലൈനിൽ മുഹമ്മദ് നവാസിനു പിടികൊടുത്ത് രാഹുൽ മടങ്ങിയെങ്കിലും ഇന്ത്യയ്ക്ക് തെല്ലും ആശങ്കയുണ്ടായിരുന്നില്ല. കോഹ്ലിയ്ക്കു കൂട്ടായി സൂര്യകുമാർ യാദവ് എത്തുന്നു എന്നതായിരുന്നു ഇന്ത്യൻ ആരാധകർക്ക് ആശ്വാസം സമ്മാനിച്ചത്.
എന്നാൽ, 10 പന്തിൽ 13 റണ്ണുമായി സൂര്യയും മടങ്ങിയതോടെ ഇന്ത്യ ട്രാക്ക് പ്രതിരോധത്തിലേയ്ക്കു മാറ്റി. തട്ടിയും തലോടിയും നിന്ന പന്ത് റിവേഴ്സ് സ്വീപ്പിന് ശ്രമിച്ച് 12 പന്തിൽ 14 റണ്ണുമായി മടങ്ങി. മുഹമ്മദ് ഹുസൈന്റെ പന്തിൽ അബദ്ധത്തിൽ ബാറ്റ് വച്ച് പാണ്ഡ്യയും റണ്ണില്ലാതെ മടങ്ങിയതോടെ ഇരുനൂറ് കടക്കേണ്ട ഇന്ത്യൻ റെയിൽവേ വഴിയിൽ ഉടക്കി നിന്നു. ഒരു വശത്ത് അടിച്ചു കളിച്ചു കസറിയ കോഹ്ലിയ്ക്കു കൂട്ടായി ഹൂഡയുണ്ടായിരുന്നു. അത് മാത്രം ആശ്വാസമായി മനസിൽ കരുതിയ ഇന്ത്യൻ പടയ്ക്ക് പക്ഷേ, 18.4 ആം ഓവറിൽ പിഴച്ചു. കൂറ്റൻ അടിയിലേയ്ക്കു ട്രാക്ക് മാറ്റാൻ തുടങ്ങിയ ഹൂഡ 16 റൺ മാത്രം എടുത്ത് മടങ്ങി. അവസാന ഓവറിന്റെ നാലാം പന്തിൽ കോഹ്ലി 44 പന്തിൽ ഒരു സിക്സും നാലു ഫോറും സഹിതം അറുപത് റണ്ണെടുത്ത് മടങ്ങുക കൂടി ചെയ്തതോടെ ഇന്ത്യ 180 പോലും കടക്കുമോ എന്ന് ശങ്കിച്ചു. എന്നാൽ, തനിക്ക് കിട്ടിയ രണ്ടു പന്തിൽ എട്ട് റണ്ണെടുത്ത രവി ബിഷ്ണോയിയാണ് ഇന്ത്യൻ സ്കോർ 180 കടത്തിയത്.
മറുപടി ബാറ്റിംങിനിറങ്ങിയ പാക്കിസ്ഥാന്റെ തുടക്കം അത്ര ശോഭകരമായിരുന്നില്ല. ഓപ്പണർമാർ രണ്ടു പേരും ആദ്യം റൺ കണ്ടെത്താൻ സാധിക്കാതെ വിഷമിക്കുന്നതാണ് കണ്ടത്. എന്നാൽ, ആദ്യ ഓവറിലെ ഫോറിനു ശേഷം ടീം സ്കോർ മെല്ലെ ഉയർത്താനും സാധിച്ചു. സ്കോർ 22 ൽ നിൽക്കെ 10 പന്തിൽ 14 റൺ മാത്രമുണ്ടായിരുന്ന ബാബർ അസം പുറത്തായി. പിന്നാലെ 63 ൽ 15 റണ്ണുമായി ഫക്കർ സൽമാനും വീണു. പിന്നീട് ഒത്തു ചേർന്ന മുഹമ്മദ് നവാസും, റിസ് വാനും തെല്ലൊന്നുമല്ല ഇന്ത്യയെ വിറപ്പിച്ചത്.
136 ൽ 20 പന്തിൽ 42 റണ്ണെടുത്ത നവാസ് വീഴുമ്പോഴേയ്ക്കും പാക്കിസ്ഥാൻ വിജയത്തിന് ഏറെ അടുത്തെത്തിയിരുന്നു. തൊട്ടടുത്ത ഓവറിൽ സാമാന്യം ഭേദപ്പെട്ട നിലയിൽ തല്ലു വാങ്ങിയ പാണ്ഡ്യ 51 പന്തിൽ 71 റണ്ണെടുത്ത റിസ് വാനെ പുറത്താക്കി ഇന്ത്യയ്ക്ക് അൽപം ആശ്വാസം സമ്മാനിച്ചു. എന്നാൽ, 17 ആം ഓവറിൽ ബിഷ്ണോയിയുടെ പന്തിൽ പാക്ക് താരത്തിന്റെ ക്യാച്ച് അർഷർദീപ് താഴെ ഇട്ടത് രോഹിത്തിനെ പോലും ചൊടിപ്പിച്ചു.
തുടർച്ചയായി വൈഡുകൾ എറിഞ്ഞ ബിഷ്ണോയിയും ക്യാപ്റ്റന്റെ ചൂട് നന്നായി ഏറ്റുവാങ്ങി. അവസാനം ബാറ്റിംങിന് ഇറങ്ങിയ ആസിഫ് അലിയും , ഖുൽഷിദ് ഷായും ചേർന്ന് ഇന്ത്യയിൽ നിന്നും വിജയം തട്ടിപ്പറിക്കുന്ന സ്ഥിതിയിൽ അർഷർദ്വീപ് ആഞ്ഞടിച്ചു. അവസാന ഓവറിന്റെ നാലാം പന്തിൽ ആസിഫ് അലിയെ അർഷർദ്വീപ് പുറത്താക്കി. ഇതോടെ രണ്ടു പന്തിൽ രണ്ടു റൺ എന്ന നിലയിൽ കാര്യങ്ങൾ എത്തി. എന്നാൽ അഞ്ചാം പന്ത് തട്ടിയിട്ട് രണ്ടോടിയ പാക്കിസ്ഥാൻ വിജയം സ്വന്തമാക്കി.