കറാച്ചി : ഈ വർഷം നടക്കാനിരിക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ കളിച്ചില്ലെങ്കില്‍ ഏകദിന ലോകകപ്പില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച് പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ചെയര്മാന് നജാം സേഥി.പാകിസ്താന് ആതിഥേയത്വം വഹിക്കുന്ന ഏഷ്യാകപ്പില്‍ നിന്ന് പിന്മാറാനുള്ള ഇന്ത്യയുടെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാകിസ്താനില്‍ വെച്ചാണ് ഏഷ്യാകപ്പ് നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ ഇന്ത്യ പാകിസ്താനിലേക്കില്ല എന്ന നിലപാട് വ്യക്തമാക്കിയതോടെ കാര്യങ്ങള്‍ സങ്കീര്‍ണമായി. ഇതോടെ പുതിയൊരു ഹൈബ്രിഡ് പദ്ധതിയുമായി പാകിസ്താന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനെ സമീപിച്ചു. ഇന്ത്യയുടെ മത്സരങ്ങള്‍ യു.എ.ഇയില്‍ നടത്താനാണ് പാകിസ്താന് നിര്‍ദേശിച്ചത്. എന്നാല്‍ എ.സി.സി ഇത് തള്ളി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതോടെ ടൂര്‍ണമെന്റ് പാകിസ്താനില്‍ നിന്ന് മാറ്റിയേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായി. ശ്രീലങ്കയിലേക്ക് ടൂര്‍ണമെന്റ് മാറ്റിയേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇന്ത്യ പാകിസ്താനില്‍ കളിക്കുകയാണെങ്കില്‍ വരുംകാലങ്ങളില്‍ ഇന്ത്യയിലെ ഏത് നഗരത്തിലും കളിക്കാന്‍ തയ്യാറാണെന്നും സേഥി വ്യക്തമാക്കി. സെപ്റ്റംബര്‍ രണ്ടുമുതല്‍ 17 വരെയാണ് ഏഷ്യാകപ്പ് ടൂര്‍ണമെന്റ് നടക്കുന്നത്. ഇത്തവണ ഏകദിന ഫോര്‍മാറ്റിലാണ് ടൂര്‍ണമെന്റ്.
ഇന്ത്യ പാകിസ്താനില്‍ കളിക്കാത്ത പക്ഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2023 ക്രിക്കറ്റ് ലോകകപ്പില്‍ ഒരു കാരണവശാലും പങ്കെടുക്കില്ലെന്ന് സേഥി വ്യക്തമാക്കി. ഈ വര്‍ഷം ഒക്ടോബറിലാണ് ലോകകപ്പ് ആരംഭിക്കുന്നത്.