ന്യൂഡൽഹി : ഒക്ടോബര്‍ ആറിന് ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തിനിടെ മൈതാനത്ത് നിസ്‌കരിച്ചതിന് പാകിസ്താന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് റിസ്വാനെതിരെ ഐസിസിയില്‍ പരാതി. വിനീത് ജിന്‍ഡാല്‍ എന്ന സുപ്രീം കോടതി അഭിഭാഷകനാണ് ഐസിസിയെ സമീപിച്ചത് .
നിരവധി ഇന്ത്യക്കാരുടെ മുന്നില്‍ പ്രാര്‍ഥന നടത്തിയത് താന്‍ ഒരു മുസ്ലീമാണെന്ന് കാണിക്കാനാണെന്നും അത് കായികരംഗത്തെ സ്വാധീനിക്കുമെന്നും കളിയുടെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന് വിരുദ്ധമാണെന്നും ജിന്‍ഡാല്‍ പറഞ്ഞു. മൈതാനത്ത് പ്രാര്‍ഥന നടത്തുകയും ശ്രീലങ്കയ്ക്കെതിരായ തന്റെ പ്രകടനം ഗസ്സയ്ക്ക് സമര്‍പ്പിക്കുകയും ചെയ്തത് മതപരവും രാഷ്ട്രീയവുമായ പ്രത്യയശാസ്ത്രത്തോടുള്ള തന്റെ ശക്തമായ ചായ്‌വിനെ അടിവരയിടുന്നതായും ജിന്‍ഡാല്‍ തന്റെ പരാതിയില്‍ പരാമര്‍ശിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവത്തിന് പിന്നാലെ, അഹ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-പാകിസ്താന്‍ മത്സരത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ‘ജയ് ശ്രീറാം’ വിളികളാല്‍ റിസ്വാനെ വലച്ചിരുന്നു. നേരത്തെ ഇന്ത്യ വിരുദ്ധവും ഹിന്ദു വിരുദ്ധവുമായ ട്വീറ്റുകള്‍ ചെയ്തുവെന്നാരോപിച്ച് പ്രശസ്ത പാക് കായിക അവതാരക സൈനബ് അബ്ബാസിനെതിരെ ജിന്‍ഡാല്‍ പരാതി നല്‍കിയിരുന്നു. അതേസമയം, ഇതാദ്യമായല്ല മുഹമ്മദ് റിസ്വാന്‍ മൈതാനത്ത് നിസ്‌കരിക്കുന്നത്. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെയും പാകിസ്താന്റെയും ടീമുകള്‍ മുഖാമുഖം ഏറ്റുമുട്ടിയപ്പോഴും മുഹമ്മദ് റിസ്വാന്‍ മൈതാനത്ത് നിസ്‌കരിച്ചിരുന്നു. നേരത്തെ പല താരങ്ങളും ഇത്തരത്തില്‍ മൈതാനത്ത് നിസ്കരിച്ചിട്ടുണ്ട്.