സ്പോർട്സ് ഡെസ്ക്ക് : പാകിസ്ഥാനെതിരായ ഏഷ്യാകപ്പ് മത്സരത്തില്‍ ഉഗ്രൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കെഎല്‍ രാഹുലിന്റെയും വിരാട് കോഹ്ലിയുടെയും സെഞ്ചുറിയുടെ മികവില്‍ നിശ്ചിത 50 ഓവറുകളില്‍ 356 റണ്‍സ് നേടി.മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാനെ കുല്‍ദീപ് യാദവ് എറിഞ്ഞു വീഴ്ത്തുകയായിരുന്നു. കേവലം 128 റണ്‍സിനാണ് പാകിസ്ഥാൻ ഓള് ഔട്ട് ആയത്.
ഇതോടെ ഇന്ത്യ 228 റണ്‍സിന്റെ കൂറ്റൻ വിജയമാണ് മത്സരത്തില്‍ നേടിയത്. പാകിസ്ഥാനെതിരെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം തന്നെയാണ് മത്സരത്തില്‍ പിറന്നത്. മത്സരശേഷം രാഹുലിനെയും വിരാട് കോഹ്ലിയേയും പ്രശംസിച്ചുകൊണ്ട് നായകൻ രോഹിത് ശര്‍മ സംസാരിക്കുകയുണ്ടായി.
കനത്ത മഴയുടെ സാഹചര്യത്തിലും മൈതാനം മത്സരത്തിനായി സജ്ജമാക്കിയ ഗ്രൗണ്ട്സ്മാന്മാരെ പ്രശംസിച്ചു കൊണ്ടാണ് രോഹിത് സംസാരിച്ചു തുടങ്ങിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“ഗ്രൗണ്ട്സ്മാൻമാരുടെ വലിയ കഠിനപ്രയത്നത്തിന്റെ ഫലമാണ് ഈ മത്സരം അല്ലാത്തപക്ഷം ഈ മത്സരം സംഭവിക്കുക പോലും ഇല്ലായിരുന്നു. ഈ മൈതാനം പൂര്‍ണമായും കവര്‍ ചെയ്യുക എന്നതും, അതിനുശേഷം അത് മാറ്റുക എന്നതും എത്രമാത്രം പ്രയാസമേറിയതാണ് എന്ന് എനിക്ക് മനസ്സിലാവും. ഇന്ത്യൻ ടീമിന്റെ മുഴുവൻ ഭാഗത്തുനിന്നും ഞാൻ ഗ്രൗണ്ട്സ്മാന്മാരോട് നന്ദി പറയുകയാണ്.”- രോഹിത് പറഞ്ഞു.
“ബാറ്റിംഗിന് അനുകൂലമായ വിക്കറ്റാണ് കൊളംബോയിലേത് എന്നത് ഞങ്ങള്‍ക്കറിയാമായിരുന്നു. പക്ഷേ മഴയ്ക്ക് അനുകൂലമായ രീതിയില്‍ ഞങ്ങള്‍ക്ക് അഡ്ജസ്റ്റ് ചെയ്യേണ്ടിയിരുന്നു. കോഹ്ലിയും രാഹുലും ഒരുപാട് അനുഭവസമ്പത്തുള്ള കളിക്കാരാണ്. അവര്‍ ക്രീസില്‍ അവരുടേതായ സമയം ചിലവഴിക്കുകയും, പിന്നീട് മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്. മത്സരത്തില്‍ ബൂമ്രയും നന്നായി തന്നെ പന്തറിഞ്ഞു.
“ഞങ്ങള്‍ ബാറ്റ് ചെയ്ത രീതി ഞങ്ങള്‍ക്ക് ഒരുപാട് പോസിറ്റീവുകള്‍ നല്‍കുന്നുണ്ട്. ഓപ്പണര്‍മാര്‍ക്കും വിരാട് കോഹ്ലിക്കും രാഹുലിനും നന്നായി ബാറ്റ് ചെയ്യാൻ സാധിച്ചു. വിരാടിന്റെ ഇന്നിംഗ്സ് നന്നായി പേസ് ചെയ്തതായിരുന്നു. മത്സരത്തില്‍ ടോസ്റ്റ് ഇടുന്നതിന് കേവലം അഞ്ചുമിനിറ്റ് മുൻപാണ് കെ എല്‍ രാഹുല്‍, തനിക്ക് ടീമില്‍ സ്ഥാനമുണ്ട് എന്ന് മനസ്സിലാക്കിയത്. എന്നിട്ടുപോലും വളരെ മികച്ച രീതിയില്‍ ഇന്ത്യക്കായി ബാറ്റ് ചെയ്യാൻ രാഹുലിന് സാധിച്ചു. എല്ലാംകൊണ്ടും ഇന്ത്യയ്ക്ക് ഒരുപാട് പോസിറ്റീവുകള്‍ മത്സരത്തില്‍ എടുത്തു പറയാനുണ്ട്.”- രോഹിത് പറഞ്ഞു വയ്ക്കുന്നു.