മുംബൈ : ഒരിക്കല്‍ മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയുടെ പ്രശംസയേറ്റുവാങ്ങിയ താരമാണ് സഞ്ജു സാംസണ്‍. കഴിഞ്ഞ ഐപിഎല്‍ സീസണിനിടെയാണത്.എന്നാല്‍ ഇന്ന് ഇന്ത്യയുടെ മൂന്നാംനിര ടീമില്‍ പോലും സഞ്ജുവിന് സ്ഥാനമില്ല. ഏകദിനങ്ങളില്‍ മികച്ച റെക്കോര്‍ഡുള്ളപ്പോള്‍ തന്നെ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെട്ടു. എന്നിട്ട് തിരഞ്ഞെടുത്തതാവട്ടെ മോശം രീതിയില്‍ ഏകദിനം കളിക്കുന്ന സൂര്യകുമാര്‍ യാദവിനേയും. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലും സഞ്ജുവില്ല. ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും സഞ്ജു തഴയപ്പെട്ടു. ഏഷ്യാ കപ്പില്‍ ബാക്ക് അപ്പായി ടീമിനൊപ്പമുണ്ടായിരുന്നുവെങ്കിലും പരിക്കില്‍ നിന്ന് മോചിതനായി കെ എല്‍ രാഹുല്‍ തിരിച്ചെത്തിയതോടെ സഞ്ജു ക്യാംപ് വിട്ടു.
അന്ന് സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെ കുറിച്ചാണ് ശാസ്ത്രി സംസാരിച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍… ”സഞ്ജുവിന്റെ ക്യാപ്റ്റന്‍സി വളരെ അധികമൊന്നും ഞാന്‍ കണ്ടിട്ടില്ല. പക്ഷെ കണ്ടതില്‍വെച്ച് തന്നെ എനിക്ക് പറായാനാവും. അവന്‍ ധോണിയെപ്പോലെ ശാന്തനും സമചിത്തത വെടിയാത്ത നായകനുമാണ്. ഏത് സമ്മര്‍ദ്ദഘട്ടത്തിലും വളരെ ശാന്തനും സമചിത്തതയോടെ തീരുമാനമെടുക്കുന്നവനുമായ സഞ്ജുവില്‍ ധോണിയുടെ അതേ മികവുകളുണ്ട്. സഞ്ജുവിന് അവരോട് നല്ലരീതിയില്‍ ആശയവിനിമയം നടത്താനും മിടുക്കുണ്ട്. ക്യാപ്റ്റനായി കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്തോറും അവന്‍ കൂടുതല്‍ പരിചയ സമ്പന്നനാകും.” ശാസ്ത്രി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേരത്തെ സഞ്ജുവിനെ ആശ്വസിപ്പിച്ച് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍ രംഗത്തെത്തിയിരുന്നു. ”സഞ്ജുവിന്റെ സ്ഥാനത്ത് ഇപ്പോള്‍ ഞാനായിരുന്നെങ്കില്‍ വളരെയധികം നിരാശ തോന്നിയേനെ..” പത്താന്‍ കുറിച്ചിട്ടു. എക്സിലാണ് ഇര്‍ഫാന്‍ പോസ്റ്റിട്ടത്. നിരവധി പേര്‍ ഇതേ അഭിപ്രായം പങ്കുവച്ചു. പോസ്റ്റിന് താഴെ പലരും സഞ്ജുവിന് ആശ്വാസവാക്കുകളും നല്‍കുന്നുണ്ട്.