വാണ്ടറേഴ്സിൽ വണ്ടറുകൾ സംഭവിച്ചില്ല ; ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് അനായാസ ജയം

ജോഹന്നാസ്ബര്‍ഗ് : വാണ്ടറേഴ്സിൽ വണ്ടറുകൾ സംഭവിച്ചില്ല. ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. വാണ്ടറേഴ്‌സില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക  ഇന്ത്യയെ തകര്‍ത്തത്. ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗറിന്റെ ഇന്നിംഗ്സാണ് ടീമിനെ വിജയത്തിലെത്തിച്ചത്. ഇതോടെ പരമ്പര 1-1ന് സമനിലയിലായി.

Advertisements

നാലാം ദിനം ആദ്യ രണ്ട് സെഷനുകളും പൂര്‍ണമായും നഷ്ടമായെങ്കിലും അവസാന സെഷനില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെന്ന നിലയില്‍ ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക അനായാസം ജയം സ്വന്തമാക്കുകയായിരുന്നു. സ്കോര്‍ ഇന്ത്യ 202, 266, ദക്ഷിണാഫ്രിക്ക 229, 243-3.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

188 പന്തില്‍ നിന്ന് 10 ബൗണ്ടറിയടക്കം 96 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗറാണ് ടീമിനെ മുന്നില്‍ നിന്ന് നയിച്ചത്. 92 പന്തില്‍ നിന്ന് 40 റണ്‍സെടുത്ത റാസ്സി വാന്‍ഡര്‍ ഡസ്സനും 23 റണ്‍സെടുത്ത ടെംബ ബവുമയും മികച്ച പിന്തുണ നല്‍കി. നാലാം ദിനം വാന്‍ഡര്‍ ഡസ്സന്റെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നേടാനായത്. മൂന്നാം വിക്കറ്റില്‍ എല്‍ഗറിനോപ്പം ചേര്‍ന്ന് 82 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമായിരുന്നു മടക്കം.

രണ്ടാം ഇന്നിങ്സില്‍ 240 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ഡീന്‍ എല്‍ഗാറും എയ്ഡന്‍ മാര്‍ക്രവും ചേര്‍ന്ന് നല്‍കിയത്. ആക്രമിച്ചു കളിച്ച മാര്‍ക്രം 38 പന്തില്‍ 31 റണ്‍സെടുത്ത് പുറത്തായി. പിന്നാലെയെത്തിയ കീഗന്‍ പീറ്റേഴ്സണും നില ഉറപ്പിച്ചതോടെ ഇന്ത്യ പ്രതിരോധത്തിലായി. രണ്ടാം വിക്കറ്റില്‍ ഇരുവരും 46 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. പിന്നാലെ 28 റണ്‍സെടുത്ത പീറ്റേഴ്സണെ അശ്വിനാണ് പുറത്താക്കിയത്. ഇന്ത്യയ്ക്ക് വേണ്ടി മുഹമ്മദ് ഷമി, ഷാര്‍ദുല്‍ താക്കൂര്‍, അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

നേരത്തെ രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ 266 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. അര്‍ധസെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാരയും അജിങ്ക്യ രഹാനെയും 40 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഹനുമ വിഹാരിയുമാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

ജനുവരി 11ന് കേപ്‌ടൗണിലാണ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം. അതില്‍ ജയിക്കുന്ന ടീമിന് പരമ്പര ലഭിക്കും.

Hot Topics

Related Articles