ജൊഹാനസ്ബര്‍ഗ്: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ രണ്ടാം മത്സരം നാളെ നടക്കും. ക്യുബെറയിലെ സെന്റ് ജോര്‍ജ് പാര്‍ക്കിലാണ് മത്സരം.ആദ്യ മത്സരത്തില്‍ ജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലാണ്. ആദ്യ മത്സരത്തില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യന്‍ സമയം വൈകിട്ട് 4.30നാണ് രണ്ടാം മത്സരം തുടങ്ങുക.മത്സരം സ്റ്റാര്‍ സ്പോര്‍ട്സിലും ഡിസ്നി+ഹോട്സ്റ്റാറിലും തത്സമയം കാണാനാകും. മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ഹോട് സ്റ്റാറില്‍ മത്സരം സൗജന്യമായി കാണാനാകും.
ആദ്യ മത്സരത്തില്‍ ആധികാരികമായി ജയിച്ചതിനാല്‍ രണ്ടാം മത്സരത്തിനുള്ള ടീമില്‍ മാറ്റം വരുത്തേണ്ട സാഹചര്യമില്ലായിരുന്നെങ്കിലും ശ്രേയസ് അയ്യര്‍ ടെസ്റ്റ് ടീം ക്യാംപിലേക്ക് പോയതിനാല്‍ ഒരു മാറ്റം ഉറപ്പാണ്. ശ്രേയസിന് പകരം ആരാകും വണ്‍ ഡൗണായി എത്തുക എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സഞ്ജുവിന് മധ്യനിരയിലാണ് സ്ഥാനമെന്ന് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ പ്രഖ്യാപിച്ചതിനാല്‍ തിലക് വര്‍മയാകും മൂന്നാം നമ്പറില്‍ കളിക്കുക എന്നാണ് കരുതുന്നത്.ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ നാലാം നമ്പറില്‍ കളിക്കുമ്പോള്‍ ആദ്യ മത്സരത്തില്‍ ബാറ്റിംഗിന് അവസരം ലഭിക്കാതിരുന്ന മലയാളി താരം സഞ്ജു സാംസണ് അഞ്ചാമതായി ക്രീസിലെത്തും. ഫിനിഷര്‍ റോളില്‍ നാളെ റിങ്കു സിംഗിന് നാളെ അവസരം ഒരുങ്ങും..
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദ്യ കളിയില്‍ ഓപ്പണര്‍മാരായ സായ് സുദര്‍ശനും റുതുരാജ് ഗെയ്ക്വാദും തന്നെയാകും രണ്ടാം മത്സരത്തിലും ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുക. റുതുരാജ് ഗെയ്ക്വാദ് ആദ്യ കളിയില്‍ നിരാശപ്പെടുത്തിയപ്പോള്‍ സായ് സുദര്ശൻ അരങ്ങേറ്റത്തില്‍ തന്നെ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയിരുന്നു. ബാറ്റിംഗ് ഓര്‍ഡറില്‍ ഇന്ത്യ മറ്റ് പരീക്ഷണങ്ങള്‍ക്കൊന്നും മുതിരാനിടയില്ല. ബൗളിംഗില്‍ ആദ്യ ഏകദിനത്തിലെ കോംബിനേഷന്‍ തന്നെയായിരിക്കും ഇന്ത്യ തുടരുക. നാളെ ജയിച്ച് പരമ്പര സ്വന്തമാക്കിയാല്‍ 21ന് നടക്കുന്ന മൂന്നാം മത്സരത്തില്‍ രജത് പാട്ടീദാര്‍ അടക്കമുള്ള താരങ്ങള്‍ക്ക് അവസരം നല്‍കാനിടയുണ്ട്.