കേപ്ടൗണ്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശത്തിലേയ്ക്ക്. വിരാട് കോലിയുടെ തിരിച്ചുവരവോടെ ആത്മവിശ്വാസം വീണ്ടെടുത്ത ഇന്ത്യ നിലവില്‍ ആതിഥേയര്‍ക്കെതിരേ പിടി മുറുക്കുകയാണ്.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ പോരാട്ടം 223 റണ്‍സില്‍ അവസാനിച്ചപ്പോള്‍ എല്ലാവരും നിരാശരായെങ്കിലും മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയെ 210 റണ്‍സിന് കൂടാരം കയറ്റാന്‍ ഇന്ത്യയുടെ ബൗളിങ് നിരക്കായി.
അഞ്ച് വിക്കറ്റുമായി ജസ്പ്രീത് ബുംറ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഉമേഷ് യാദവും മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റ് വീതവും ശര്‍ദുല്‍ ഠാക്കൂര്‍ ഒരു വിക്കറ്റും വീഴ്ത്തി മികച്ച പിന്തുണ നല്‍കി. ആദ്യ ഇന്നിങ്‌സില്‍ 13 റണ്‍സിന്റെ ലീഡ് നേടിയ ഇന്ത്യ രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സെന്ന നിലയിലാണ്. നിലവില്‍ 70 റണ്‍സിന്റെ ലീഡ് ഇന്ത്യക്കുണ്ട്. കേപ്ടൗണ്‍ ദക്ഷിണാഫ്രിക്കയുടെ ഭാഗ്യ മൈതാനങ്ങളിലൊന്നായതിനാല്‍ ചെറിയ റണ്‍സ് നേടിയാല്‍ വിജയിക്കുക പ്രയാസമാവും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതുകൊണ്ട് തന്നെ 300ലധികം റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തുകയാവും ഇന്ത്യയുടെ ലക്ഷ്യം. വിരാട് കോലി (14*),ചേതേശ്വര്‍ പുജാര (9) കൂട്ടുകെട്ട് രണ്ടാം ഇന്നിങ്‌സിലും ഇന്ത്യക്ക് നിര്‍ണ്ണായകമാവും. മോശം ഫോമിലുള്ള റിഷഭ് പന്തില്‍ നിന്നും ഇന്ത്യ മികച്ച പ്രകടനം തന്നെ പ്രതീക്ഷിക്കുന്നു. സമീപകാലത്ത് വിദേശ പര്യടനങ്ങളിലെല്ലാം നിര്‍ണ്ണായക പ്രകടനം നടത്തി രക്ഷകനാവാന്‍ റിഷഭിന് സാധിച്ചിട്ടുണ്ട്. ഈ മികവ് കേപ്ടൗണിലും കാട്ടാനാവുമോയെന്നത് കണ്ടറിയാം.