കിവിപ്പേസ് പടയുടെ പ്രഭാവത്തിൽ ഈയാംമ്പാറ്റകളായി ഇന്ത്യൻ ബാറ്റിംങ് നിര

യുഎഇ: കിവിപ്പേസ് പടയുടെ പ്രഭാവവലയം കണ്ട് മോഹിച്ചിറങ്ങിയ ഇന്ത്യൻ ബാറ്റിംങ് നിര ഈയാംമ്പാറ്റകളായി. നങ്കൂരമിടാൻ രാഹുലും, ആഞ്ഞടിക്കാൻ ഇഷാൻ കിഷനും മുന്നിലിറങ്ങിയപ്പോൾ ആവേശത്തിന്റെ അലകടൽ പ്രതീക്ഷിച്ചു ഇന്ത്യൻ ആരാധകർ. ആദ്യ ഓവറിന്റെ ആദ്യ പന്തിൽ മികച്ച സ്വിംങ് ലഭിച്ച ബോൾട്ടിനെ രാഹുൽ ഫ്രണ്ട് ഫുട്ടിൽ മനോഹരമായി ഡിഫന്റ് ചെയ്തു. ഫുൾ ലെങ്ത് ബോളിനെ മുന്നിലേയ്ക്ക് തള്ളിയിട്ട് രാഹുൽ ആദ്യ റൺ നേടി. പക്ഷേ, പിന്നീടുള്ള നാലു പന്തുകളിലും ഇഷാൻ കിഷനെ വിറപ്പിച്ച് നിർത്തുകയായിരുന്നു ബോൾട്ടിന്റെ സ്വിങും പേസും. ആദ്യ ഓവർ പൂർത്തിയാകുമ്പോൾ ഇന്ത്യൻ സ്‌കോർ ബോർഡിൽ ആകെ ഒറ്റ റൺ മാത്രം..!

Advertisements

സൗത്തി എറിഞ്ഞ രണ്ടാം ഓവറിന്റെ നാലാം പന്തിൽ ഒരു ബൗണ്ടറിയും, അവസാന പന്തിൽ സിംഗിളുമിട്ടു രാഹുൽ. പക്ഷേ, അപ്പോഴേയ്ക്കും ഇന്ത്യൻ ബാറ്റിംങ് നിരയുടെ പകപ്പും പങ്കപ്പാടും ന്യൂസിലൻഡ് പേസർമാർ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. ബോൾട്ടിന്റെ രണ്ടാം ഓവറിന്റെ ആദ്യ പന്തിൽ രാഹുൽ സിംഗിളിട്ട് രക്ഷപെടുകയായിരുന്നു. രണ്ടാം പന്തിനെ ഫോറടിച്ച് കിഷൻ ആത്മവിശ്വാസമുണ്ടെന്നു സ്വയം ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നതു പോലെ തോന്നി. പക്ഷേ, രണ്ടു ബോൾ കൂടി മാത്രമായിരുന്നു കിഷന്റെ ആവേശത്തിന്റെ ആയുസ്. ബോൾട്ടിനെ ബൗണ്ടറിലൈനിലേയ്ക്കു തൂക്കിയെറിഞ്ഞ ഇഷാനെ കാത്ത് ആ വലയ്ക്കരികിൽ കെണിയുമായി മിറ്റ്‌ചെൽ നിൽക്കുന്നുണ്ടായിരുന്നു. ആ ക്യാച്ചിൽ കത്തിത്തീർന്നു ഇഷാന്റെ ആവേശം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വൺഡൗണായി വന്നിറങ്ങിയ രോഹിത്തിനെ ഷോർട്ട് ബോൾ കൊണ്ടു പരീക്ഷിക്കാനായിരുന്നു ബോൾട്ടിന്റെ ശ്രമം. തീർത്തും ദുർബലമായ ആ ഹുക്ക്, ബൗണ്ടറി ലൈനിൽ നിന്നു മിൽനെയ്ക്കു നിഷ്പ്രയാസം ക്യാച്ചാക്കാമായിരുന്നു. പക്ഷേ, ആ ക്യാച്ച് താഴെ… ഒരു റണ്ണും ഒരു കോടി അശ്വാസവും. രോഹിത്തിന്റെ ക്യാച്ച് താഴെയിട്ടാൽ പിന്നെ എന്ത് സംഭവിക്കുമെന്നറിയാമല്ലോ എന്ന ഭാവമായിരുന്നു പിന്നെ ഇന്ത്യൻ ആരാധകർക്ക്. അപകടമില്ലാതെ മൂന്നാം ഓവറും നാലാം ഓവറും കഴിഞ്ഞു പോയി. നാലാം ഓവറിൽ മാത്രം വന്നത് 15 റണ്ണാണ്. പക്ഷേ, സൗത്തിയുടെ അഞ്ചാം ഓവറിന്റെ അഞ്ചാം പന്തിൽ പുള്ളിനു ശ്രമിച്ച രാഹുൽ മടങ്ങി. മിറ്റ്‌ചെലിനു ക്യാച്ച് നൽകി മടങ്ങുമ്പോൾ 16 പന്തിൽ 18 റണ്ണാണ് രാഹുലിനുണ്ടായിരുന്നത്.

കോഹ്ലിയും, രോഹിത്തും ചേർന്ന് ആറാം ഓവറിൽ കരുതിക്കളിച്ചെങ്കിലും, ഏഴാം ഓവറിന്റെ നാലാം പന്തിൽ സോധിയുടെ സ്പിന്നിനെ ശ്രദ്ധയോടെ നേരിട്ട രോഹിത്തിന് അടിപതറി. ഗപ്റ്റിലിനു മുന്നിൽ രോഹിത് വീണു. 14 പന്തിൽ ഓരോ സിക്‌സും ഫോറും നേടി 14 റൺ മാത്രം.! പന്തിനൊപ്പം അമിത പ്രതിരോധത്തിൽ കളിച്ച കോഹ്ലിയ്ക്കു പത്താം ഓവറിൽ അടിപതറി. സോധിയെ മുട്ടിൽ കുത്തിയിരുന്ന് മനോഹരമായി കളിച്ച കോഹ്ലിയുടെ ഷോട്ട് അവസാനിച്ചത് ഗപ്റ്റിലിന്റെ കൈകളിലാണ്. കോഹ്ലി മടങ്ങുമ്പോൾ ഇന്ത്യൻ സ്‌കോർ നാലിന് 48..! 17 പന്തിൽ നിരങ്ങി നീങ്ങിയ കോഹ്ലി വ്യക്തിഗതമായി നേടിയത് ഒൻപത് റൺ മാത്രം.

തട്ടിയും മുട്ടിയും സ്‌കോർ നിരങ്ങി നീങ്ങുന്നതിനിടെ അർഹിച്ച വിക്കറ്റ് നേടി മിൽനെ. 14 ആം ഓവറിന്റെ മൂന്നാം പന്തിൽ പന്തിന്റെ സ്റ്റമ്പ് തെറിപ്പിച്ചു മിൽനെയും പന്ത്. 19 പന്തിൽ 12 റൺ മാത്രമായിരുന്നു പന്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. പിന്നീട്, ന്യൂസിലൻഡ് ബൗളിംങ് നിരയ്ക്കു മേൽ കാര്യമായ കോട്ടമുണ്ടാക്കാതെ മുന്നോട്ടു പോകുകയായിരുന്നു ഇന്ത്യൻ ബാറ്റിംങ് നിര. ബിഗ് ഹിറ്ററാകാൻ ടീം ഇന്ത്യ ചുമലിലെടുത്ത മുതലായ ഹർദിക് പാണ്ഡ്യയായിരുന്നു ബോൾട്ടിന്റെ അടുത്ത ഇര. 24 പന്തിൽ 23 പന്തെടുത്ത പാണ്ഡ്യയെ ഗപ്റ്റിലിന്റെ കൈകളിൽ എത്തിച്ചു ഇന്ത്യ. പിന്നാലെ, റണ്ണൊന്നുമെടുക്കാതെ താക്കൂറും പോയതോടെ ഇന്ത്യ ഗതികെട്ട നിലയിലായി. 94 ന് എഴ് എന്ന നിലയിൽ നിന്ന ഇന്ത്യയെ അവസാന ഓവറിൽ നൂറ് കടത്തിയത് ജഡേജയുടെ കൂറ്റനടിയാണ്.

19 ആം ഓവർ തുടങ്ങുമ്പോൾ 99 ഏഴ് എന്ന നിലയിലായിരുന്നു പേരു കേട്ട ഇന്ത്യൻ നിര. ഒരു സിക്‌സ് അടക്കം 11 റണ്ണെടിച്ചു കൂട്ടിയ ജഡേജയാണ് ഇന്ത്യയെ മാന്യമായ നിലയിൽ എത്തിച്ചത്. ഇരുപത് ഓവറിൽ ഇന്ത്യൻ നിര ഏഴു വിക്കറ്റ് നഷ്ടമാക്കി നേടിയത് 110 റൺ മാത്രമാണ്. ഇനി ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷ മുഴുവൻ ഇന്ത്യൻ ബൗളിംങ് നിരയിലാണ്. ബൗളർമാർ ഹൃദയംകൊണ്ട് പന്തെറിഞ്ഞാൽ ഇന്ത്യയ്ക്ക് ഇനിയും പ്രതീക്ഷിക്കാം.

Hot Topics

Related Articles