ധർമ്മശാല: ഇന്ത്യ ശ്രീലങ്ക ട്വന്റ് 20 യിലെ രണ്ടാം മത്സരത്തിൽ ശ്രീലങ്കയ്ക്ക് വൻ തോൽവി. അയ്യരും സഞ്ജുവും ജഡേജയും തകർത്തടിച്ച മത്സരത്തിൽ, നിലത്തിട്ട ക്യാച്ചുകളും, കൈവിട്ട പന്തുകളും ചേർന്ന് ശ്രീലങ്കയെ തോൽപ്പിച്ചു. ശ്രീലങ്ക ഉയർത്തിയ 183 എന്ന മികച്ച വിജയലക്ഷ്യം ഇന്ത്യ നിസാരമായി മറികടന്നു. മൂന്നു വിക്കറ്റുകൾ മാത്രം കൈവിട്ടാണ് ഇന്ത്യൻ വിജയം.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിസങ്കയുടെ കൂറ്റൻ അടിയുടെയും, ക്യാപ്റ്റൻ ശനങ്കയുടെ ആക്രമണത്തിന്റെയും ചിറകിലേറി മാന്യമായ സ്‌കോറാണ് ഇന്ത്യയ്ക്ക് മുന്നിൽ വച്ചത്. അവസാന നാല് ഓവറിൽ നിന്നു മാത്രം ശ്രീലങ്ക 75 റൺ അടിച്ചു കൂട്ടിയെന്നത് അറിയുമ്പോഴറിയാം ടീമിന്റെ ആക്രമണം എത്രത്തോളം ഉണ്ടായിരുന്നു എന്ന്. ഇന്ത്യൻ ബൗളർമാരെ സ്തബ്ദരാക്കി ഇരുവരും മാത്രം 13 ഫോറും, അഞ്ചു സിക്‌സുമാണ് പറപ്പിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിംങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് കാര്യങ്ങൾ അത്ര പന്തിയായിരുന്നില്ല. രണ്ടാം പന്തിൽ ചമര വീര ക്യാപ്റ്റന്റെ കുറ്റി തെറിപ്പിച്ചു. പതിനഞ്ച് പന്തുകൾ കൂടി നിന്ന് ഇഷാൻ കിഷനും മടങ്ങി. പിന്നെ അയ്യർക്ക് കൂട്ടായി സഞ്ജു എത്തി. പതിയെ തുടങ്ങിയ സഞ്ജു തുഴഞ്ഞ് മുന്നേറുമ്പോൾ മികച്ച രീതിയിൽ കളിച്ച് അയ്യർ ഒരു വശത്ത് നിലയുറപ്പിക്കുന്നുണ്ടായിരുന്നു. സഞ്ജു ഗിയർ മാറ്റി ആക്രമണത്തിന്റെ ട്രാക്കിലേയ്ക്കു കടന്നതോടെ കളികണ്ട് ഒരു വശത്ത് അയ്യർ നിന്നു.
44 പന്തിൽ നാലു സിക്‌സും ആറു ഫോറും പറപ്പിച്ച് 74 റണ്ണെടുത്ത അയ്യർ അവസാനം വരെയും പുറത്താകാതെ നിന്നു. 20 പന്തിൽ നിന്നും 16 റണ്ണെടുത്ത് ആരാധകരുടെ വായിൽ നിന്നും ആവശ്യത്തിന് കേൾക്കുമെന്ന സ്ഥിതിയിൽ നിന്ന സഞ്ജു പൊട്ടിത്തെറിച്ചത് പെട്ടന്നായിരുന്നു. 25 പന്തിൽ നിന്നും 39 റണ്ണെടുത്ത സഞ്ജു മൂന്നു സിക്‌സും, ഒരു ഫോറുമാണ് ഒരൊറ്റ ഓവറിൽ മാത്രം അടിച്ചു കൂട്ടിയത്. പിന്നീട് എത്തിയ ജഡേജ നടത്തിയത് കൂട്ടക്കുരുതിയായിരുന്നു. 18 പന്തിൽ നിന്നും 45 റണ്ണെടുത്ത ജഡേജ ഏഴു ഫോറും, ഒരു സിക്‌സും അടിച്ചു. അവസാന പന്തിൽ സ്‌ട്രെയിറ്റ് ഫോർ പറത്തി ജഡേജ ഇന്ത്യയെ വിജയത്തിലെത്തിച്ചു.
സഞ്ജുവിനെയും, ജഡേജയെയും ഓരോ തവണ താഴെയിടുകയും, പല തവണ ക്യാച്ചുകളിലേയ്ക്ക് ആഞ്ഞ് ശ്രമിക്കാതിരിക്കുകയും ചെയ്ത ശ്രീലങ്കൻ ഫീൽഡിംങും തോൽവിയ്ക്കു കാരണമായി.