റ്ററോബ : വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും നിര്‍ണായക പോരാട്ടമാണ് ഇന്ന്. നിലവില്‍ പരമ്പര 1-1 സമനിലയിലാണ്.വിന്‍ഡീസിന്റെ നിലവിലെ കളിനിലവാരമനുസരിച്ച് ഏകദിന പരമ്പര ഇത്രയും കലുഷിതമായ സാഹചര്യത്തില്‍ പരമ്പരയുടെ അവസാനം കൊണ്ടുവന്നെത്തിച്ചതില്‍ ടീം ഇന്ത്യ മുഖ്യ പരിശീലകന് രാഹുല്‍ ദ്രാവിഡും നായകന് രോഹിത് ശര്‍മ്മയും നിരവധി ചോദ്യശരങ്ങള്‍ക്ക് മുന്നിലായിട്ടുണ്ട്.
രണ്ടാം മത്സരം പരാജയപ്പെട്ടതിനെക്കാള്‍ ഉപരി തുടരെയുള്ള ബാറ്റിങ് തകര്‍ച്ച ആരാധകരെ വല്ലാതെ അസ്വസ്ഥമാക്കിയിരിക്കുന്നു.ആദ്യ ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 113 എന്ന ദുര്‍ബലമായ സ്കോറിന് പുറത്തായി. മറുപടിയില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി വളരെ കഷ്ടപ്പെട്ടാണ് ഇന്ത്യ ജയിച്ചത്. ഇത്രയും ചെറിയ സ്കോര്‍ മറികടക്കുന്ന ബാറ്റിങ് ലൈനപ്പിന്റെ പ്രകടനം വല്ലാതെ നിരാശപ്പെടുത്തുന്നതായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിന് പിന്നാലെ ബാര്‍ബഡോസില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ സീനിയര്‍ താരങ്ങള്‍ ഒഴിഞ്ഞു നിന്നു. സമീപകാലത്ത് വളരെ മികച്ച പ്രകടനം പുറത്തെടുത്തുവന്ന താരങ്ങളാരും തന്നെ ഫോമിലേക്കുയര്‍ന്നില്ല. ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും ഇഷാന് കിഷനും മാത്രമാണ് മികവുകാട്ടിയത്. വെറും 181 റണ്‍സില്‍ ഓള് ഔട്ട് ആകുക കൂടി ചെയ്തത് കാഴ്ച്ചക്കാരില്‍ വലിയ അമ്പരപ്പാണുണ്ടാക്കിയത്. ലോകകപ്പ് യോഗ്യത പോലും നേടാനാകാതെ നിന്ന വിന്‍ഡീസ് ഇന്ത്യയെ തോല്‍പ്പിച്ചതോടെ ഉണര്‍ന്നുകളിക്കുന്ന കാഴ്ച കാണാനായി.
അവരുടെ സീനിയര്‍ താരങ്ങള്‍ പലരും ടീമിലില്ലാത്ത അവസരത്തിലാണ് ഈ പോരാട്ട വീര്യം എന്നത് കൂടി കണക്കിലെടുക്കേണ്ടതാണ്.
ലോകകപ്പിനും അതിന് മുന്നോടിയായി നടക്കുന്ന ഏഷ്യാകപ്പിലും ആത്മവിശ്വാസത്തോടെ പോരടിക്കാന്‍ ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരം അതിജീവിച്ചേ മതിയാകൂ. അത് ഒരു പരിധിവരെ അഭിമാനപ്പോരാട്ടം കൂടിയാകുന്നു.