പോർട്ട് ഓഫ് സ്പെയിൻ : വിജയ രഥത്തിൽ വീണ്ടും രാജവാഴ്ചയോടെ ടീം ഇന്ത്യ. വിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ആവേശ വിജയം നേടി ഇന്ത്യ പരമ്പര സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് ഉയർത്തിയ വലിയ വിജയലക്ഷ്യം ഇന്ത്യ മറികടക്കുകയായിരുന്നു. സ്കോർ വിൻഡീസ് 311-6 , ഇന്ത്യ 312-8
ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസിനായി ഓപ്പണർ ഷായ് ഹോപ്പ് സെഞ്ച്വറി നേടി . ഹോപ്പിന്റേയും നായകൻ നിക്കോളാസ് പുരാന്റെ അർദ്ധ സെഞ്ചുറിയുടേയും മികവിൽ മികച്ച സ്കോർ നേടിയ കരീബിയൻസ് വിജയ പ്രതീക്ഷയിലായിരുന്നു.
മറുപടി ബാറ്റിംഗിൽ ഇന്ത്യയുടെ വിക്കറ്റുകൾ തുടക്കം തന്നെ വീണതോടെ അവരുടെ ആത്മവിശ്വാസമേറി. ഒരു ഘട്ടത്തിൽ 79 ന് 3 എന്ന നിലയിൽ തകർച്ച നേരിട്ട ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചു വരികയായിരുന്നു.
മലയാളികളുടെ അഭിമാന താരം സഞ്ജുവും , ശ്രേയസ്സ് അയ്യരും ഒത്തുചേർന്നതോടെ ഇന്ത്യ മത്സരം തിരിച്ചു പിടിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിർഭാഗ്യം വിനയായി സഞ്ജു റൺ ഔട്ട് ആയെങ്കിലും ടീമിന്റെ വിജയത്തിൽ നിർണ്ണായകമായ അർധ സെഞ്ചുറി നേടിയാണ് താരം മടങ്ങിയത്. ശ്രേയസ് അയ്യരും അർധ സെഞ്ചുറി നേടി . ഇരുവരുടേയും വിക്കറ്റുകൾ വീണെങ്കിലും അവസാനം തകർത്തടിച്ച അക്ഷർ പട്ടേൽ ഇന്ത്യയ്ക്ക് വിജയം സമ്മാനിക്കുകയായിരുന്നു. 35 പന്തിൽ 64 റൺസ് നേടിയ പട്ടേലാണ് കളിയിലെ താരം.