മെൽബൺ: ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്താനുള്ള നിർണ്ണായക മത്സരത്തിൽ സൂര്യകുമാർ യാദവിന്റെ അഴിഞ്ഞാട്ടത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്‌കോർ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കു വേണ്ടി 25 പന്തിൽ നാലു സിക്‌സും ആറു ഫോറും സഹിതം 61 റണ്ണെടുത്ത സൂര്യകുമാർ യാദവിന്റെ മികച്ച ബാറ്റിംങാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. തുടക്കത്തിൽ തന്നെ ഇന്ത്യയ്ക്ക് രോഹിത് ശർമ്മയെ നഷ്ടമായി. പിന്നാലെ, കോഹ്ലിയും കെ.എൽ രാഹുലും ചേർന്നു ഇന്ത്യയെ മുന്നോട്ടു നയിച്ചു.
11 ആം ഓവറിൽ കോഹ്ലിയും, 12 ആം ഓവറിൽ കെഎൽ രാഹുലും , 13 ആം ഓവറിൽ ഋഷഭ് പന്തും പുറത്തായതോടെ ഇന്ത്യ പ്രതിരോധത്തിലായി. ഇവിടെയാണ് ഹാർദിക്കും, സൂര്യയും ഒത്തു ചേർന്നത്. ഹാർദിക്കിനെ ഒരു വശത്ത് നിർത്തി സൂര്യയുടെ അഴിഞ്ഞാട്ടമാണ് നടന്നത്. 13 ആം ഓവറിൽ പന്ത് പുറത്താകുമ്പോൾ ഇന്ത്യൻ സ്‌കോർ 101 മാത്രമായിരുന്നു. പിന്നീടുള്ള ഏഴ് ഓവറിൽ നിന്ന് 85 റണ്ണാണ് സൂര്യയും ഹാർദിക്കും ചേർന്ന് അടിച്ചു കൂട്ടിയത്. ഹാർദിക് 25 പന്തിൽ 26 റണ്ണെടുത്തു.