ന്യൂഡല്‍ഹി: വീണ്ടും വിവാദത്തിലായി ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മുൻ ഭാര്യ ഹസിൻ ജഹാൻ. ഭൂമി തർക്കവുമായി ബന്ധപ്പെട്ട് ഹസിൻ അയല്‍വാസിയുമായി തർക്കത്തിലേർപ്പെട്ടതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്.തർക്കം സംഘർഷത്തില്‍ കലാശിക്കുകയും തുടർന്ന് അയല്‍വാസി നല്‍കിയ പരാതിയില്‍ ഹസിനും മകളായ ആർഷി ജഹാനെതിരേയും പോലീസ് കേസെടുക്കുകയും ചെയ്തു.
പശ്ചിമ ബംഗാളിലെ ബിർഭൂം ജില്ലയിലാണ് സംഭവം. ഹസിൻ ജഹാന്റെ മകളായ ആർഷി ജഹാന്റെ പേരിലുള്ള ഭൂമിയെ സംബന്ധിച്ച് നേരത്തേ തർക്കം നിലനില്‍ക്കുന്നുണ്ട്. ഈ ഭൂമിയില്‍ അടുത്തിടെ ഹസിൻ നിർമാണപ്രവർത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ഇത് അയല്‍വാസിയായ ദാലിയ എന്നയാള്‍ ചോദ്യം ചെയ്തതാണ് സംഘർഷത്തില്‍ കലാശിച്ചത്. സംഘർഷത്തില്‍ അയല്‍വാസിയുടെ തലയ്ക്ക് പരിക്കേറ്റതായാണ് പ്രദേശവാസികള്‍ പറയുന്നത്. ഹസിന്റെ ആദ്യ ഭർത്താവില്‍ പിറന്ന മകളാണ് ആർഷി.