കോവിഡിന് ശേഷമാണ് ഒടിടി റിലീസുകളിലേക്ക് പ്രേക്ഷകർ കൂടുതൽ എത്തിത്തുടങ്ങിയത്. ഏത് ഭാഷയിൽ ഉള്ള സിനിമകൾ ആയിക്കോട്ടെ ഒരു വിരൽത്തുമ്പിൽ വന്നതോടെ മലയാള സിനിമകൾ അന്യഭാഷക്കാരിലും ശ്രദ്ധേയമായി തുടങ്ങി. അത് തന്നെയാണ് പ്രേമലു, മഞ്ഞുമ്മൽ ബോയ്സ് സിനിമകൾ കാണാൻ അവരെ തിയറ്ററുകളിലേക്ക് ആകർഷിച്ച പ്രധാനഘടകവും. തിയറ്ററിൽ റിലീസ് ചെയ്താലും ആ സിനിമകൾ വീണ്ടും കാണാനും കാണാത്തവർക്ക് കാണാനും ഉള്ള അവസരമാണ് ഇത്തരം ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ സിനിമാസ്വാദകർക്ക് ലഭിക്കുന്നത്.
ഓരോ മാസവും ആഴ്ചയും ഇത്തരത്തിൽ ഒടിടി റിലീസുകൾ ഉണ്ടാകും. അത്തരത്തിൽ ഈ ആഴ്ചയും ഒടിടിയിൽ എത്താൻ ഒരുങ്ങി നിൽക്കുന്ന സിനിമകൾ ഏതൊക്കെ ആണെന്ന് നോക്കാം. രണ്ട് സൂപ്പർ താര ചിത്രങ്ങളാണ് ഈ ആഴ്ച ഒടിടിയിൽ എത്തുന്നത്. ഒന്ന് തമിഴിൽ നിന്നും മറ്റൊന്ന് മലയാളത്തിൽ നിന്നുമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മമ്മൂട്ടി നായികനായി എത്തിയ വൈശാഖ് ചിത്രം ടർബോയാണ് മലയാള സിനിമ. ചിത്രം ഓഗസ്റ്റ് ഒൻപതിന് ഒടിടി സ്ട്രീമിംഗ് ആരംഭിക്കും. സോണി ലിവിനാണ് സ്ട്രീമിംഗ് അവകാശം വിറ്റു പോയിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിർമിച്ച ഈ ചിത്രം 70 കോടിയോളം രൂപ ബോക്സ് ഓഫീസിൽ നിന്നും കളക്ട് ചെയ്തുവെന്നാണ് ഔദ്യോഗിക വിവരം. മെയ് 23ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ്.
ടർബോയ്ക്ക് ഒപ്പം വരുന്ന മറ്റൊരു സൂപ്പർതാര ചിത്രം ഇന്ത്യൻ 2 ആണ്. കമൽഹാസൻ നായകനായി എത്തിയ ചിത്രവും ഓഗസ്റ്റ് ഒൻപതിന് സ്ട്രീമിംഗ് ആരംഭിക്കും. നെറ്റ്ഫ്ലിക്സിനാണ് സ്ട്രീമിംഗ് അവകാശം വിറ്റുപോയിരിക്കുന്നത്. ഷങ്കർ സംവിധാനം ചെയ്ത ചിത്രം തിയറ്ററിൽ എത്തി ഒരുമാസം പിന്നിടും മുൻപാണ് ഒടിടിയിൽ എത്തുന്നത് എന്നത് ശ്രദ്ധേയമാണ്. ജൂലൈ 12ന് റിലീസ് ചെയ്ത ഇന്ത്യൻ 2, 148.78 കോടി കളക്ട് ചെയ്തുവെന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്.