കമല്‍ ഹാസന്‍റേതായി പുറത്തെത്താനിരിക്കുന്ന ശ്രദ്ധേയ പ്രോജക്റ്റുകളില്‍ ഒന്നാണ് ഇന്ത്യന്‍ 2. ഷങ്കറിന്‍റെ സംവിധാനത്തില്‍ കമല്‍ ഹാസന്‍ നായകനായി 1996 ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ സീക്വല്‍. 2018 ല്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രം കൊവിഡ് ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ നീണ്ടുപോയി. ഇപ്പോഴിതാ സിനിമാപ്രേമികളെ സംബന്ധിച്ച് ആവേശഭരിതരാക്കുന്ന ഒരു വിവരം പങ്കുവച്ചിരിക്കുകയാണ് കമല്‍ ഹാസന്‍. ഇന്ത്യന്‍ ഒരു മൂന്നാം ഭാഗവും ഉണ്ടാകും എന്നാണ് അത്. അത് മാത്രമല്ല, അതിന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കിയെന്നും കമല്‍ ഹാസന്‍ പറയുന്നു. ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് കമലിന്‍റെ വെളിപ്പെടുത്തല്‍.
വിക്രത്തിന് ശേഷം ചിത്രങ്ങളൊന്നും എത്തിയില്ലല്ലോ എന്ന അഭിമുഖകാരന്‍റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കമല്‍. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ- “ചലച്ചിത്ര നിര്‍മ്മാണത്തിന്‍റെ വേഗം വര്‍ധിപ്പിക്കാനാവില്ല. കാരണം എത്ര സിനിമ ഇറക്കി എന്നതിനേക്കാള്‍ ചെയ്യുന്നവയുടെ ഗുണനിലവാരത്തിലാണ് കാര്യം. ഇന്ത്യന്‍ 2, ഇന്ത്യന്‍ 3 എന്നിവ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യന്‍ 2 ന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. അതിന് ശേഷം ഇന്ത്യന്‍ 3 ന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ ആരംഭിക്കും. തഗ് ലൈഫിന്‍റെ ചിത്രീകരണവും വളരെ പെട്ടെന്ന് ആരംഭിക്കും. കല്‍കി എന്ന ചിത്രത്തില്‍ അതിഥിവേഷത്തിലും ഞാന്‍ അഭിനയിക്കുന്നുണ്ട്”, കമല്‍ ഹാസന്‍ പറയുന്നു.
ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഇന്ത്യന്‍ 2 നിര്‍മ്മിക്കുന്നത് സുഭാസ്കരന്‍ അല്ലിരാജയുടെ ലൈക്ക പ്രൊഡക്ഷന്‍സും കമല്‍ ഹാസന്‍റെ രാജ്‍കമല്‍ ഫിലിംസും ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും ചേര്‍ന്നാണ്. അതേസമയം 1996ല്‍ പുറത്തെത്തിയ ഇന്ത്യന്‍ മികച്ച പ്രേക്ഷകാഭിപ്രായം നേടിയതിനൊപ്പം ബോക്‌സ്ഓഫീസിലും വന്‍ വിജയം നേടിയ ചിത്രമാണ്. കമല്‍ഹാസനൊപ്പം ഊര്‍മിള മണ്ഡോദ്കറും മനീഷ കൊയ്‌രാളയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കമലിനെ ദേശീയ അവാര്‍ഡും തേടിയെത്തി.