മക്കായ് (ഓസ്ട്രേലിയ): റുതുരാജ് ഗെയ്ക്വാദ് നയിക്കുന്ന ഇന്ത്യന്‍ എ ടീം കുരുക്കില്‍. ഒന്നാം അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യന്‍ ടീം പന്തില്‍ ചുരണ്ടിയെന്ന ഗുരുതരമായ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. ഇതിനു പിന്നാലെ ടീമിന്റെ വിക്കറ്റ് കീപ്പറായ ഇഷാന് കിഷനെതിരേ നടപടിയും വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മല്‍സരത്തില്‍ ഇന്ത്യന്‍ എ ടീം ഏഴു വിക്കറ്റിനു പരാജയപ്പെട്ടുകയും ചെയ്തിരുന്നു. തോല്‍വിയുടെ ഞെട്ടല്‍ കൂടാതെയാണ് ടീം വിവാദത്തിലും അകപ്പെട്ടിരിക്കുന്നത്. ഏഴു വിക്കറ്റിന്റെ ആധികാരിക വിജയമാണ് മല്‍സരത്തില്‍ ഓസ്ട്രേലിയന്‍ എ ടീം സ്വന്തമാക്കിയത്. ഒന്നാമിന്നിങ്സിലെ വന്‍ ബാറ്റിങ് തകര്‍ച്ചയാണ് ഇന്ത്യന്‍ പരാജയത്തിനു പ്രധാന കാരണം. ആദ്യ ഇന്നിങ്സില്‍ വെറും 107 റണ്‍സിനു ഇന്ത്യ ഓള്‍ഔട്ടായിരുന്നു. രണ്ടാമിന്നിങ്സില്‍ റുതുരാജും സംഘവും ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും കളി ജയിക്കാന്‍ ഇതു മതിയായിരുന്നില്ല.ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള അനൗദ്യോഗിക ടെസ്റ്റിന്റെ നാലാം ദിനമാണ് വിവാദങ്ങളുടെ തുടക്കം. ഓസ്ട്രേലിയന്‍ ടീമിന്റെ റണ്‍ചേസ് പുരോഗമിക്കവെ അംപയര്‍ ഷോണ്‍ ക്രെയ്ഗ് കളിയില്‍ ഇടപെടുയായിരുന്നു. തുടര്‍ന്നു ബോള്‍ പരിശോധിച്ച അദ്ദേഹം അതിന്റെ സ്ഥിതിയില്‍ ആശങ്കയും പ്രകടിപ്പിച്ചു. ബോളില്‍ ചുരണ്ടിയിട്ടുണ്ടെന്നും അതിനാല്‍ അതു മാറ്റണമെന്നും ക്രെയ്ഗ് ആവശ്യപ്പെടുകയും ചെയ്തു. ഇക്കാര്യം ഇന്ത്യന്‍ താരങ്ങളെ വിളിച്ച് അദ്ദേഹം വിശദീകരിക്കുകയുമായിരുന്നു. നിങ്ങള്‍ ചുരണ്ടിയാല്‍ ഞങ്ങള്‍ ബോള്‍ മാറ്റും. കൂടുതല്‍ ചര്‍ച്ചകളൊന്നുമില്ല. കളിക്കാമെന്നായിരുന്നു ഇന്ത്യന്‍ താരങ്ങളോടു ക്രെയ്ഗ് പറഞ്ഞത്. അദ്ദേഹത്തിന്റെ ഈ വാക്കുകളില്‍ സ്റ്റംപിലെ മൈക്രോഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പക്ഷെ ഇന്ത്യന്‍ ടീമിലെ ആരാണ് ബോളില്‍ കൃത്രിമം കാണിച്ചതെന്നു വ്യക്തമല്ല. മാത്രമല്ല ഇതിന്റെ പേരില്‍ കളിയില്‍ ഇന്ത്യക്കു പെനല്‍റ്റി റണ്‍സും ചുമത്തിയില്ല.ഇന്ത്യന്‍ ടീം പന്തില്‍ കൃത്രിമം കാണിച്ചതായി അംപയര്‍ ഷോണ്‍ ക്രെയ്ഗ് വിശദീകരിച്ചപ്പോള്‍ ഇതിനെതിരേ വിക്കറ്റ് കീപ്പര്‍ ഇഷാന് കിഷന് പ്രതികരിക്കുകയായിരുന്നു. അംപയറുമായി അദ്ദേഹം വാദിച്ചതോടെ പ്രശ്നം വഷളാവുകയും ചെയ്തു. മണ്ടന്‍ തീരുമാനമെന്നായിരുന്നു ബോള്‍ മാറ്റുകയാണെന്ന അംപയറുടെ വാക്കുകളോടു ഇഷാന് തിരിച്ചടിച്ചത്. ഇതോടെ അംപയറും ക്ഷുഭിതനായി. നിങ്ങളുടെ അഭിപ്രായഭിന്നതയ്ക്കെതിരേ പരാതി നല്‍കും. ഇതു തികച്ചും അനുചിതമായ പെരുമാറ്റമാണ്. നിങ്ങളുടെ പ്രവര്‍ത്തികള്‍ കാരണമാണ് ഞങ്ങള്‍ ബോള്‍ മാറ്റിയതെന്നും അംപയര്‍ ക്രെയ്ഗ് വ്യക്തമാക്കുകയും ചെയ്തു. അംപയറുടെ തീരുമാനത്തെ ധിക്കരിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന തരത്തില്‍ പ്രതികരണം നടത്തിയത് ഇഷാനെ കുഴപ്പത്തിലാക്കിയേക്കും. ഓണ്‍ഫീല്‍ഡ് അംപയറുടെ പരാതിയില്‍ അദ്ദേഹത്തിനെതിരേ ശക്തമായ നടപടി വന്നേക്കാന്‍ സാധ്യതയുണ്ട്. പിഴയോ, അടുത്ത കളിയില്‍ വിലക്കോ ഇഷാനു ലഭിച്ചേക്കും.ഓസ്ട്രേലിയന്‍ എ ടീമിനു 225 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യന്‍ ടീം നല്‍കിയത്. ക്യാപ്റ്റന്‍ നതാന്‍ മക്സ്വീനിയുടെയും (88*) ബ്യു വെബ്സ്റ്ററുടെയും (61*) ഫിഫ്റ്റികള്‍ ഓസ്ട്രേലിയയെ മൂന്നു വിക്കറ്റുകള്‍ നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. നേരത്തേ ഒന്നാമിന്നിങ്സില്‍ ഇന്ത്യന്‍ ടീം വെറും 107 റണ്‍സിനു ഓള്‍ഔട്ടായിരുന്നു. മറുപടിയില്‍ ഓസ്ട്രേലിയ 195 റണ്‍സിനും പുറത്തായി. മുകേഷ് കുമാര്‍ ഇന്ത്യക്കായി ആറു വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. രണ്ടാമിന്നിങ്സില്‍ സായ് സുദര്‍ശന്റെ (103) സെഞ്ച്വറിയും ദേവ്ദത്ത് പടിക്കലിന്റെ (88) ഫിഫ്റ്റിയും ഇന്ത്യ 312 റണ്‍സെന്ന മികച്ച ടോട്ടലിലെത്തിക്കുകയായിരുന്നു.