ചെന്നൈ: ആദ്യ ടെസ്റ്റിൽ ഇന്ത്യയെ നാനൂറ് കടക്കാതെ പിടിച്ചു കെട്ടി ബംഗ്ലാദേശ്. രണ്ടാം ദിനം എറിഞ്ഞ് 11 ഓവറിൽ നാലു വിക്കറ്റ് വീഴ്ത്തിയ ബംഗ്ലാ ബൗളർമാരാണ് ഇന്ത്യയെ പിടിച്ചു കെട്ടിയത്. സെഞ്ച്വറി നഷ്ടമായ ജഡേജ ഇന്നലത്തെ സ്‌കോറിന് ഒരു റൺ പോലും കൂട്ടിച്ചേർക്കാനാവാതെ മടങ്ങി.
സ്‌കോർ – ഇന്ത്യ – 376
ആദ്യ ദിനം 339 ന് ആറ് എന്ന നിലയിലാണ് ഇന്ത്യ ബാറ്റിംങ് അവസാനിപ്പിച്ചത്. തുടർന്ന് ഇന്ന് ബാറ്റിംങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് സെഞ്ച്വറിയിലേയ്ക്കു കുതിയ്ക്കുകയായിരുന്ന ജഡേജയെ നഷ്ടമായി. 124 പന്തിൽ 86 റണ്ണെടുത്തിരുന്ന ജഡേജ, ടസ്‌കിൻ അഹമ്മദിന്റെ പന്തിൽ ലിറ്റൺ ദാസിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്. ജഡേജയ്ക്ക് പിന്നാലെ ക്രീസിൽ എത്തിയ യുവ പേസർ ആകാശ് ദീപ് ആക്രമിച്ചു കളിച്ചു. 30 പന്തിൽ 17 റണ്ണുമായി ടീമിന് നിർണ്ണായക സംഭാവനയാണ് ആകാശ് ദീപ് നൽകിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
343 ൽ ജഡേജയും, 367 ൽ ആകാശ് ദീപും വീണു. പിന്നാലെ 374 ൽ സെഞ്ച്വറി താരം അശ്വിൻ കൂടി വീണതോടെ ഇന്ത്യ അവസാനത്തിലേയ്ക്ക് അടുത്തു. ഇന്ത്യൻ സ്‌കോറിൽ രണ്ട് റൺ കൂടി കൂട്ടിച്ചേർത്ത് ബുംറയും (7) കൂടി വീണതോടെ ഇന്ത്യ 376 ൽ ബാറ്റിംങ് അവസാനിപ്പിച്ചു. ഇന്ത്യയിൽ ആദ്യ പര്യടനത്തിന് എത്തിയ ഹസൻ മഹമ്മൂദ് 22 ഓവറിൽ 83 റൺ വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തി. 21 ഓവർ ബൗൾ ചെയ്ത ടസ്‌കിൻ അഹമ്മദ് 55 റൺ വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. നഷീദ് റാണയും, മെഹ്ദി ഹസനും ഓരോ വിക്കറ്റ് വീഴ്ത്തി. പ്രത്യാക്രമണം ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി ബുംറ തന്നെ ആദ്യ വിക്കറ്റ് പിഴുതിട്ടുണ്ട്. രണ്ട് റണ്ണെടുത്ത ഷഹദ് ഇസ്ലാമിനെ ക്ലീൻ ബൗൾ ചെയ്താണ് ഇന്ത്യൻ ബൗളിംങ് കുന്തമുന ആക്രമണം തുടങ്ങിയത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ, മൂന്നു റണ്ണെടുത്ത ബംഗ്ലാദേശിന് ആദ്യ വിക്കറ്റ് നഷ്ടമായിട്ടുണ്ട്.