കാൺപൂർ: രണ്ടു ദിവസം മഴയെടുത്ത ശേഷം ഇന്ത്യ ബംഗ്ലാദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് വീണ്ടും പുനരാരംഭിച്ചു. ആദ്യ ദിവസം 35 ഓവർ മാത്രം എറിയാൻ സാധിച്ച ശേഷം തുടർച്ചയായ രണ്ടു ദിവസമാണ് മഴ മൂലം കളി മുടങ്ങിയത്. ഈ രണ്ട് ദിവസവും ഒരു പന്ത് പോലും എറിയാൻ സാധിച്ചതുമില്ല. മഴ മാറിനിന്ന നാലാം ദിവസമായ ഇന്ന് ബാറ്റിംങിന് ഇറങ്ങിയ ബംഗ്ലാദേശിന് ലഞ്ചിന് പിരിയുമ്പോൾ ആറു വിക്കറ്റുകൾ നഷ്ടമായിട്ടുണ്ട്. 35 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 107 എന്ന നിലയിലാണ് ആദ്യ ദിനം ബംഗ്ലാദേശ് ബാറ്റിംങ് അവസാനിപ്പിച്ചത്. ഇന്ന് ലഞ്ചിന് പിരിയുമ്പോൾ 66 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 205 റൺ ബംഗ്ലാദേശ് നേടിയിട്ടുണ്ട്. 176 പന്തിൽ 102 റൺ നേടിയ മൊമിനുൾ ഹഖാണ് ബംഗ്ലാദേശിനെ നയിക്കുന്നത്. 16 ഫോറും ഒരു സിക്‌സുമാണ് മൊമിനുൾ ഇതുവരെ നേടിയത്.
ഇന്ന് രാവിലെ അഞ്ച് റൺ കൂടി കൂട്ടിച്ചേർത്തപ്പോഴേയ്ക്കും ബംഗ്ലാദേശിന് ആദ്യ വിക്കറ്റ് നഷ്ടമായി. 32 പന്തിൽ 11 റൺ നേടിയ മുഷ്ഫിക്കർ റഹീമിനെ ബുംറ ക്ലീൻ ബൗൾഡ് ചെയ്യുകയായിരുന്നു. 148 ൽ ലിറ്റൺ ദാസിനെ സിറാജ് പുറത്താക്കി. 30 പന്തിൽ 13 റണ്ണായിരുന്നു ദാസിന്റെ സമ്പാദ്യം. 170 ൽ ഷക്കീബ് അൽ ഹസൻ (17 പന്തിൽ 9) അശ്വിന്റെ പന്തിൽ സിറാജിന് ക്യാച്ച് നൽകി മടങ്ങി. ഒന്നര ദിവസം മാത്രം ശേഷിക്കെ മത്സരം ഏതാണ്ട് സമനിലയിലേയ്ക്കു തന്നെയാണ് നീങ്ങുന്നത് എന്ന് ഉറപ്പാണ്. അത്ഭുതങ്ങൾ സംഭവിച്ചെങ്കിൽ മാത്രമേ ഇനി ഈ ടെസ്റ്റിന് ഫലം ഉണ്ടാകൂ.