കാണ്‍പൂര്‍: രണ്ട് ദിനം മഴ കളിച്ചെങ്കിലും ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേയ്ക്ക്. ഒരു ദിവസം ശേഷിക്കെ ടെസ്റ്റിൽ ഇന്ത്യയ്ക്ക് 52 റണ്‍സിന്റെ ലീഡ്. ഒന്നാം ഇന്നിംഗ്സില്‍ ബംഗ്ലാദേശ് ഉയർത്തിയ 233 റണ്‍സിന് മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സിന് ഡിക്ലയർ ചെയ്തു.34 ഓവറിലാണ് ഇന്ത്യ 285 റണ്‍സ് എടുത്തത്.
ടി20 രീതിയില്‍ ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി രോഹിത് ശർമ്മയും യശസ്വി ജയ്സ്വാളും മികച്ച തുടക്കമാണ് നല്‍കിയത്. ഹസന് മെഹമൂദ് എറിഞ്ഞ ആദ്യ ഓവറില്‍ മൂന്ന് ബൗണ്ടറിയടിച്ച് തുടങ്ങിയ യശസ്വി ജയ്സ്വാള്‍ വെടിക്കെട്ടിന് തിരികൊളുത്തിയപ്പോള്‍ ഇന്നിംഗ്സില്‍ നേരിട്ട ആദ്യ രണ്ട് പന്തും സിക്സിന് പറത്തിയ ക്യാപ്റ്റൻ രോഹിത് ശര്‍മ അത് ആളിക്കത്തിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നീട് മൂന്നാം ഓവറില്‍ രോഹിത് ഒരു സിക്സും യശസ്വി ഒരു സിക്സും രണ്ട് ഫോറും കൂടി നേടിയതോട ഇന്ത്യ മൂന്നു ഓവറില്‍ അടിച്ചത് 51 റണ്‍സ്. ടെസ്റ്റ് ചരിത്രത്തില്‍ ഒരു ടീമിന്റെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ചുറിയെന്ന റിക്കാര്‍ഡും ഇതോടെ ഇന്ത്യയുടെ പേരിലായി.
51 പന്തില്‍ 72 റണ്‍സ് എടുത്ത ജയ്സ്വാളും 11 പന്തില്‍ 23 എടുത്ത രോഹിതും ഇന്ത്യക്ക് മികച്ച അടിത്തറ ഒരുക്കി. പിന്നാലെ ഗില്‍ 36 പന്തില്‍ 39, കോഹ്ലി 35 പന്തില്‍ 47, രാഹുല്‍ 43 പന്തില്‍ 68 എന്നിവർ കൂടെ നല്ല സംഭാവന നല്‍കിയതോടെ ഇന്ത്യ ബംഗ്ലാദേശിന്റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 233 മറികടന്നു. ബംഗ്ലാദേശിനെ വേഗം എറിഞ്ഞിട്ട് നാളെ അവസാന ദിവസം വിജയം നേടാൻ ആകുമെന്നാണ് പ്രതീക്ഷയിലാണ് ഇന്ത്യ.