്ന്യൂഡൽഹി: ബംഗ്ലാദേശിനെതിരെയുളള ടി20 പരമ്ബരയിലെ ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം നേടിയ ഇന്ത്യയുടെ യുവനിരയെ വാനോളം പുകഴ്ത്തി മുൻ പാകിസ്താൻ ക്രിക്കറ്റ് താരം ബാസിത് അലി. പാകിസ്താൻ ടീമിനെ തോൽപിച്ച ബംഗ്ലാദേശ് ടീം തന്നെ ആണോ ഇതെന്ന് ചോദിച്ച് രംഗത്തെത്തിയ മുൻ പാകിസ്താൻ താരം മത്സരത്തിലെ ബംഗ്ലാദേശിന്റെ പ്രകടനത്തെ വിമർശിച്ച് കൊണ്ടും, ഇന്ത്യൻ താരങ്ങളുടെ മികവിനെ വാനോളം പുകഴ്ത്തിയും സംസാരിച്ചു.
‘ഇന്ത്യ ക്രിക്കറ്റിനെ തന്നെ മാറ്റിമറിച്ചിരിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബംഗ്ലാദേശ് ഒരു ഇരയേയല്ല. ഇത് പൂർണമായും ഇന്ത്യൻ ടീമാണെന്നുപോലും തോന്നിയിട്ടില്ല. ഐപിഎൽ ഇലവൻറെ അത്രയും ചെറിയ ടീമിനോടാണ് ബംഗ്ലാദേശ് തോറ്റത്. അല്ലാതെ ഇന്ത്യൻ ടീമിനോടല്ല, യശ്വസി ജയ്സ്വാളും ഗില്ലും അക്സർ പട്ടേലും റിഷഭ് പന്തും ശ്രേയസ് അയ്യരൊന്നുമില്ലാത്ത ഇന്ത്യയുടെ പുതുമുഖ ടീം പക്ഷെ വെറും 11 ഓവറിൽ കളി തീർത്തു’, അദ്ദേഹം കൂട്ടിച്ചേർത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അടുത്ത മത്സരം കൂടെ ഇന്ത്യ വിജയിച്ചാൽ പരമ്ബരയിലെ അവസാനത്തെ ടി-20 മത്സരത്തിന് ഇന്ത്യയ്ക്ക് ഇതിലും ചെറിയ പിള്ളേരെ വെച്ച് കളി ജയിക്കാമെന്നും ബാസിത് അലി പറഞ്ഞു. പാകിസ്താനെ പോലെ അല്ല ഇന്ത്യയെന്നും ഒരേ തുലാസിൽ ഇരുടീമുകളെയും അളക്കുന്നത് ബംഗ്ലാദേശിന് ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ പാകിസ്താനെതിരെയുള്ള ടെസ്റ്റ് സീരിസിൽ മികച്ച പ്രകടനമാണ് ബംഗ്ലാദേശ് കാഴ്ച്ചവെച്ചത്. മഴയ്ക്ക് പോലും പാകിസ്താൻ ടീമിനെ രക്ഷിക്കാനായില്ല. എന്നാൽ പാകിസ്താൻ അല്ല ഇന്ത്യ. ടി20 പരമ്ബരയിലെ ആദ്യ മത്സരം കൊണ്ട് തന്നെ അത് അവർക്ക് മനസ്സിലായിട്ടുണ്ടാകും. ബാസിത് അലി പറഞ്ഞു.
അതേ സമയം ബംഗ്ലാദേശിനെതിരായ ഒന്നാം ട്വന്റി 20യിൽ ഏഴ് വിക്കറ്റിന്റെ വിജയമാണ് സൂര്യകുമാർ യാദവിന്റെ സംഘം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 19.5 ഓവറിൽ 127 റൺസിന് ഓൾ ഔട്ടായി. ബംഗ്ലാദേശ് ഉയർത്തിയ വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടന്നു. സൂര്യകുമാർ യാദവ് 29 റൺസ്, സഞ്ജു സാംസൺ 29 റൺസ്, ഹാർദ്ദിക്ക് പാണ്ഡ്യ പുറത്താകാതെ 39 റൺസ് എന്നിവരെല്ലാം വെടിക്കെട്ട് നടത്തി. 11.5 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യത്തിലെത്തി. പരമ്ബരയിലെ രണ്ടാം മത്സരം ഒക്ടോബർ ഒമ്ബതിന് ഡൽഹിയിൽ നടക്കും.