ധാക്ക: ചരിത്രത്തിലാദ്യമായി പാകിസ്ഥാനിൽ ടെസ്റ്റ് പരമ്ബര വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിൽ ഇന്ത്യയിലെത്തി തകർന്നടിഞ്ഞ ബംഗ്‌ളാദേശിനെ പരീശീലിപ്പിക്കാൻ ഇനി പുതിയ പരിശീലകൻ വരുന്നു. ഇന്ത്യയുമായുള്ള ടെസ്റ്റ് പരമ്ബര 2-0നും ട്വന്റി 20 പരമ്ബര 3-0നുമാണ് ബംഗ്‌ളാ കടുവകൾ പരാജയപ്പെട്ടത്. വിൻഡീസ് മുൻ താരം ഫിൽ സിമ്മൻസാണ് ബംഗ്‌ളാദേശിന്റെ പുതിയ പരിശീലകൻ. അടുത്ത വർഷം പാകിസ്ഥാനിൽ നടക്കുന്ന ഐസിസി ചാമ്ബ്യൻഷിപ്പ് വരെയാണ് പുതിയ പരിശീലകന്റെ കാലാവധി. ദക്ഷിണാഫ്രിക്കയുമായി ഒക്ടോബർ 21ന് മിർപൂരിൽ ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാമ്ബ്യൻഷിപ്പിലെ മത്സരം മുതലാണ് ഫിൽ സിമ്മൻസ് ചുമതലയേൽക്കുക.
അടുത്ത വർഷം പാകിസ്ഥാനിൽ നടക്കുന്ന ഐസിസി ചാമ്ബ്യൻഷിപ്പ് വരെ ബംഗ്‌ളാദേശിനെ പരിശീലിപ്പിക്കാൻ സിമ്മൻസ് സമ്മതിച്ചതായി ബംഗ്‌ളാദേശ് ക്രിക്കറ്റ് ബോർഡ് അദ്ധ്യക്ഷൻ ഫറൂഖ് അഹമ്മദ് അറിയിച്ചു. ശ്രീലങ്കയുടെ ചന്ദിക ഹതുരുസിംഗെയായിരുന്നു ബംഗ്‌ളാദേശിന്റെ പരിശീലകൻ. 2023 ജനുവരിയിലായിരുന്നു അദ്ദേഹം ബംഗ്‌ളാദേശ് കോച്ച് സ്ഥാനമേറ്റത്. മുൻപ് 2014 മുതൽ 2017 വരെയും ബംഗ്‌ളാദേശിന്റെ പരിശീലകസ്ഥാനം ഹതുരുസിംഗെ വഹിച്ചിരുന്നു. വെസ്റ്റ് ഇൻഡീസിനായും പിന്നീട് സിംബാബ്വെ, അയർലാന്റ്, അഫ്ഗാനിസ്ഥാൻ ടീമുകൾക്കായും സിമ്മൻസ് പരിശീലക സ്ഥാനം വഹിച്ചിട്ടുണ്ട്. 61കാരനാണ് അദ്ദേഹം. 34.38 ശതമാനത്തോടെ നിലവിൽ ലോക ടെസ്റ്റ് ചാമ്ബ്യൻഷിപ്പിൽ ഏഴാം സ്ഥാനത്താണ് ബംഗ്ളാദേശ്.