ഇന്ത്യൻ താരങ്ങൾക്ക് എതിരെ പരാമർശം : ഇർഫാൻ പഠാനെ ഐ പി എൽ കമൻ്ററിയിൽ നിന്ന് ഒഴിവാക്കി

മുംബൈ : 2025 ഇന്ത്യൻ പ്രീമിയർ ലീഗിനായുള്ള കമന്റേറ്റർമാരെ പ്രഖ്യാപിക്കുകയുണ്ടായി. എന്നാല്‍ ഇന്ത്യയുടെ മുൻ താരവും പ്രമുഖ കമന്റ്ററുമായ ഇർഫാൻ പത്താന്റെ പേര് ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നില്ല.ഇതിനെ സംബന്ധിച്ച്‌ വലിയ ചോദ്യങ്ങളും ഉയർന്നിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് ഐപിഎല്‍ കമന്റെറ്റർമാരുടെ ലിസ്റ്റില്‍ നിന്ന് ഇർഫാൻ പത്താനെ ഒഴിവാക്കിയത് എന്നതിന് ഉത്തരമാണ് ഇപ്പോള്‍ റിപ്പോർട്ടുകളിലൂടെ ലഭിക്കുന്നത്.

Advertisements

സമീപകാലത്ത് ഇന്ത്യൻ താരങ്ങള്‍ക്കെതിരെ വലിയ അധിക്ഷേപം ഉന്നയിച്ചതിന് പിന്നാലെ ചില താരങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇർഫാൻ പത്താനെ ഐപിഎല്‍ കമന്റെറ്ററുടെ പോസ്റ്റില്‍ നിന്ന് മാറ്റി നിർത്തിയത് എന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. പല താരങ്ങളെപ്പറ്റിയും സമീപകാലത്ത് വ്യക്തിപരമായ അഭിപ്രായങ്ങള്‍ പത്താൻ പറഞ്ഞിരുന്നതായി റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. അതിനാല്‍ തന്നെ ഒരു കൂട്ടം ക്രിക്കറ്റർമാർ ഇർഫാൻ പത്താനെതിരെ പരാതിയുമായി ബിസിസിഐയുടെ മുൻപില്‍ എത്തിയിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ നിരയിലെ ഒരു സൂപ്പർ താരം ഇർഫാൻ പത്താനെ തന്റെ ഫോണില്‍ പോലും ബ്ലോക്ക് ചെയ്യുകയുണ്ടായി. ഓസ്ട്രേലിയൻ പര്യടനത്തിനിടെ ഇർഫാൻ പത്താൻ ആ താരത്തെപ്പറ്റി നടത്തിയ മോശം പരാമർശങ്ങളാണ് ഇതിന് കാരണമായി മാറിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാല്‍ ഇക്കാര്യത്തെ സംബന്ധിച്ച്‌ പത്താൻ ഇതുവരെയും പ്രതികരിച്ചില്ല. തനിക്ക് യാതൊന്നും പറയാനില്ല എന്ന് മാത്രമാണ് പത്താൻ ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞത്. ഇത്തവണത്തെ ഐപിഎല്ലില്‍ ബിസിസിയുടെ ഒഫീഷ്യല്‍ ബ്രോഡ്കാസ്റ്റർമാരില്‍ നിന്ന് കരാർ നിരോധിക്കപ്പെട്ട ഏക കമന്റെറ്ററല്ല ഇർഫാൻ പത്താൻ. ഇന്ത്യയുടെ മുൻ ക്രിക്കറ്ററായ സഞ്ജയ് മഞ്ജരേക്കറും ഇതേപോലെ തന്നെ ഒഴിവാക്കപ്പെട്ടിരുന്നു. പല ക്രിക്കറ്റർമാരെ പറ്റിയും കമന്ററി ബോക്സില്‍ മോശം പരാമർശങ്ങള്‍ നടത്തിയതിന് പിന്നാലെയായിരുന്നു സഞ്ജയ് മഞ്ജരേക്കറെ കമന്ററി ബോക്സില്‍ നിന്ന് ഒഴിവാക്കിയത്.

അന്താരാഷ്ട്ര മത്സരങ്ങളിലും ഐപിഎല്‍ മത്സരങ്ങളിലും ചില താരങ്ങളുമായി അഭിമുഖങ്ങള്‍ നടത്തുന്ന സമയത്ത് ഇർഫാൻ പത്താൻ മോശമായി പെരുമാറിയിരുന്നതായി റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതൊക്കെയും ഈ തീരുമാനത്തിന് പിന്നിലുണ്ട് എന്നാണ് ഒരു വൃത്തം അറിയിച്ചത്. “അല്ലാത്തപക്ഷം ഇർഫാൻ പത്താന്റെ പേര് കമന്റെറ്റർമാരുടെ ലിസ്റ്റില്‍ എത്തേണ്ടതാണ്. കഴിഞ്ഞ 2 വർഷങ്ങളായി ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. ചില താരങ്ങളോട് വ്യക്തിപരമായ വൈരാഗ്യ ബുദ്ധി ഇർഫാൻ പത്താൻ കാട്ടുന്നതായി കാണാം. അത് നമ്മുടെ സിസ്റ്റവുമായി ചേർന്നു പോകുന്നതല്ല.” – ഒരു ബിസിസിഐ വൃത്തം അറിയിച്ചു.

Hot Topics

Related Articles