ബംഗളൂരൂ: ന്യൂസിലൻഡിന് എതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് രണ്ടാം ഇന്നിംങ്സിലും ബാറ്റിംങ് തകർച്ച. പന്തും സർഫാസും കെട്ടിപ്പൊക്കിയ സ്കോറിൽ കാര്യമായ സംഭാവന നൽകാതെ പിന്നാലെ എത്തിയവർ മടങ്ങിയതോടെ ന്യൂസിലൻഡിന് ഒരു ദിവസം ശേഷിക്കെ പിൻതുടരേണ്ടത് 107 റൺ മാത്രം. 150 ൽ സർഫാസും സെഞ്ച്വറിയ്ക്ക് ഒരു റൺ അകലെ പന്തും വീണെങ്കിലും ഇന്ത്യയ്ക്ക് പൊരുതാനാവുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാൽ, പന്ത് പോയതിന് പിന്നാലെ രാഹുൽ (12), 438 ൽ വീണതോടെ ഇന്ത്യ തകർന്നു.
ഇന്ന് കളി തുടങ്ങി ആദ്യം തന്നെ സർഫാസ് ഖാൻ സെഞ്ച്വറി തികച്ചതാണ് ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകിയത്. പിന്നാലെ ആക്രമിച്ച് കളിച്ച പന്തും സെഞ്ച്വറിയിലേയ്ക്കു കുതിച്ചു. 231 ൽ ഒന്നിച്ച രണ്ടു പേരും 408 ൽ പിരിയുമ്പോൾ ഇന്ത്യ ഇന്നിംങ്സ് തോൽവി ഒഴിവാക്കി ലീഡെടുത്ത് കഴിഞ്ഞിരുന്നു. ഇന്നിംങ്സ് തോൽവി ഒഴിവാക്കിയ ശേഷം രണ്ടു പേരും ആക്രമിച്ചു കളിക്കുകയായിരുന്നു. ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടിയ സർഫാസ് നടത്തിയ കൗണ്ടർ അറ്റാക്കാണ് പന്തിനും കൂടുതൽ വേഗത്തിൽ റൺ കണ്ടെത്താൻ ആത്മവിശ്വാസം നൽകിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
195 പന്തിൽ നിന്നും 150 റണ്ണെടുത്ത സർഫാസ് സൗത്തിയുടെ പന്തിൽ പട്ടേലിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്. പിന്നാലെ ആക്രമണം കടുപ്പിച്ച പന്ത് രോഹിതിനു സമാനമായി അപ്രതീക്ഷിതമായി ഔട്ടാകുകയായിരുന്നു. 105 പന്തിൽ 99 റണ്ണെടുത്ത പന്ത് കടന്നാക്രമിക്കാനുള്ള ശ്രമത്തിനിടെയാണ് റൗർക്കിയുടെ പന്തിൽ ക്ലീൻ ബൗൾഡ് ആയത്. പിന്നാലെ എത്തിയ കെ.എൽ രാഹുൽ പതിവ് പോലെ കാര്യമായ സംഭാവന നൽകാതെ മടങ്ങി. 16 പന്തിൽ 12 റണ്ണെടുത്ത രാഹുലിനെ റൂർക്കി ബ്ലണ്ടല്ലിന്റെ കയ്യിൽ എത്തിച്ചു. പിന്നെ എല്ലാം ചടങ്ങ് മാത്രമായിരുന്നു.
രാഹുൽ പോയതിന് പിന്നാലെ സ്കോർ ബോർഡിൽ മൂന്ന് റൺ കൂടി ചേർന്നപ്പോഴേയ്ക്കും ജഡേയജും (5)വീണു. പിന്നാലെ അടിച്ചു കളിച്ച് സ്കോർ ഉയർത്താനിറങ്ങിയ അശ്വിന്റെ ഊഴമായിരുന്നു. 24 പന്തിൽ 15 റണ്ണെടുത്ത അശ്വിൻ ഹെൻട്രിയുടെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി. 458 അശ്വിനും, 462 ൽ ബുംറയും (0), ഇതേ സ്കോറിൽ സിറാജും (0) വീണതോടെ ഇന്ത്യൻ വാലറ്റത്തിന്റെ ചെറുത്ത് നിൽപ്പും പൂർത്തിയായി. ആദ്യ ഇന്നിംങ്സിൽ 46 ന് പുറത്തായ ടീം ഇന്ത്യയ്ക്ക്് രണ്ടാം ഇന്നിംങ്സിൽ 462 റൺ ഉയർത്തനായി എന്ന ആശ്വാസം മാത്രം. മറുപടി ബാറ്റിംങിൽ 107 എന്ന വിജയലക്ഷ്യവുമായി ബാറ്റിംങിന് ഇറങ്ങിയ ന്യൂസിലൻഡിന് വിജയത്തിലേയ്ക്ക് തടസമായി എത്തിയത് വെളിച്ചക്കുറവാണ്. ആദ്യം വെളിച്ചക്കുറവും പിന്നെ മഴയും എത്തിയതോടെ കളി ഇന്നത്തേയ്ക്കു പിരിഞ്ഞു.