സിഡ്‌നി : അഞ്ചാം ടെസ്റ്റിലും ബാറ്റിങ്ങിൽ തകർന്നടിഞ്ഞ് ടീം ഇന്ത്യ. രോഹിത്തിന്റെ ക്യാപ്റ്റൻസി മാറിയിട്ടും ഇന്ത്യൻ ബാറ്റിങ് നിരയുടെ താളം വീണ്ടെടുക്കാനായില്ല. ഓഫ് സൈഡിലെ കെണിയിൽ വീണ് കോഹ്ലി വീണ്ടും ഫോം തുടർന്നു. ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ടീം ഇന്ത്യ 185 ന് എല്ലാവരും പുറത്തായി. റിഷഭ് പന്ത് മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. രോഹിത്തിനു പകരം ജസ്പ്രീത് ബുമ്രയാണ് ടീമിനെ നയിക്കുന്നത്. ടോസ് ലഭിച്ച ബുമ്ര ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ മികച്ച ഒരു സ്‌കോർ പടുത്തുയർത്താം എന്ന ലക്ഷ്യത്തോടെ കളത്തിലിറങ്ങിയ ടീം ബാറ്റിംഗ് തകർച്ച നേരിട്ടു.
17 റൺ സ്‌കോർ ബോർഡിൽ എത്തിയപ്പോഴേയ്ക്കും ഇന്ത്യയ്ക്ക് രണ്ടു വിക്കറ്റുകൾ നഷ്ടമായി. പത്ത് റണ്ണുമായി ജയ്‌സ്വാൾ ആദ്യം തന്നെ മടങ്ങി. പതിനാല് പന്ത് പ്രതിരോധിച്ച് വെറും നാലു റൺ മാത്രം നേടിയ കെ.എൽ രാഹുൽ രണ്ടാമതായി മടങ്ങി. പിന്നാലെ, ഗില്ലും കോഹ്ലിയും ക്രീസിൽ എത്തിയപ്പോൾ ഇന്ത്യയ്ക്ക് പ്രതീക്ഷകൾ ഏറെയുണ്ടായിരുന്നു. മികച്ച രീതിയിലാണ് രണ്ടു പേരും ബാറ്റ് വീശിയതും. എന്നാൽ, സ്‌കോർ 57 ൽ നിൽക്കെ ഗിൽ വീണു. 64 പന്തിൽ 20 റണ്ണായിരുന്നു ഗില്ലിന്റെ സമ്പാദ്യം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പതിവുപോലെ സിഡ്‌നി ടെസ്റ്റിലും ഓഫ് സ്റ്റമ്ബ് കെണിയിൽ വീണാണ് വിരാട് കോലി പുറത്തായത്. ഇത്തവണ സ്‌കോട്ട് ബോളണ്ടിന്റെ ഓഫ് സ്റ്റമ്ബിന് പുറത്തുപോയ പന്തിൽ ബാറ്റുവെച്ചാണ് കോലി പുറത്തായത്. ഔട്ടായി മടങ്ങിയ കോലിയെ ഇത്തവണയും ഓസ്‌ട്രേലിയൻ കാണികൾ കൂവിവിളിച്ചു.
നേരിട്ട ആദ്യ പന്തിൽ തന്നെ കോലിയെ മാർനസ് ലബുഷെയ്ൻ ക്യാച്ചെടുത്തിരുന്നു. എന്നാൽ ദൃശ്യങ്ങൾ പരിശോധിച്ച തേർഡ് അമ്ബയർ നോട്ട് ഔട്ട് വിധിക്കുകയായിരുന്നു. സ്‌കോട്ട് ബോളണ്ട് എറിഞ്ഞ എട്ടാം ഓവറിലായിരുന്നു സംഭവം. കോലിയുടെ ബാറ്റിൽ തട്ടി സ്ലിപ്പിലേക്ക് വന്ന പന്ത് പിടിക്കാൻ സ്റ്റീവ് സ്മിത്ത് ശ്രമിച്ചെങ്കിലും സാധിച്ചില്ല. സ്മിത്തിന്റെ കൈയിൽ നിന്ന് ഉയർന്ന പന്ത് ലബുഷെയ്ൻ പിടിക്കുകയായിരുന്നു. എന്നാൽ ദൃശ്യങ്ങളിൽ സ്മിത്തിന്റെ കൈയിൽ നിന്ന് പന്ത് നിലത്തുതട്ടിയതായി വ്യക്തമായി.എന്നാൽ കോലിയുടെ പോരാട്ടം 32-ാം ഓവറിൽ ബോളണ്ട് അവസാനിപ്പിച്ചു. 69 പന്തിൽ നിന്ന് 17 റൺസെടുത്തായിരുന്നു കോലിയുടെ മടക്കം. ഒരു ബൗണ്ടറി പോലും താരത്തിന്റെ ഇന്നിങ്‌സിൽ ഉണ്ടായിരുന്നില്ല. പരമ്ബരയിലുടനീളം ഓഫ് സ്റ്റമ്ബ് ലൈനിൽ പന്തെറിഞ്ഞ് കോലിയുടെ വീഴ്ത്തുന്ന പതിവ് ഇത്തവണയും ഓസീസ് ഫലപ്രദമായി നടപ്പാക്കി. പരമ്ബരയിൽ ഇത് ആറാം തവണയാണ് കോലി ഓഫ് സ്റ്റമ്ബിന് പുറത്തുപോകുന്ന പന്തിൽ എഡ്ജ് ആയി പുറത്താകുന്നത്. 5, 100*, 7, 11, 3, 36, 5, 17 എന്നിങ്ങനെയാണ് ഈ പരമ്ബരയിലെ കോലിയുടെ സ്‌കോറുകൾ.
പൊതുവെ ഓസ്‌ട്രേലിയൻ കാണികളുമായി അത്ര നല്ല ബന്ധത്തിലല്ലാത്ത കോലിയെ ഇത്തവണയും കാണികൾ കൂവലുകളോടെയാണ് മടക്കിയത്. മെൽബൺ ടെസ്റ്റിനിടെയും കോലിയും ഓസീസ് കാണികളും പോരടിച്ചിരുന്നു. മെൽബണിൽ പുറത്തായി ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയ കോലിയെ ടണലിൽവെച്ച് ഒരു വിഭാഗം ഓസീസ് കാണികൾ കൂവിവിളിക്കുകയും ആക്രോശിക്കുകയുമായിരുന്നു. ഇതോടെ പ്രകോപിതനായ കോലി ടണലിൽ പ്രവേശിച്ച ശേഷം തിരികെയെത്തി തന്നെ പരിഹസിച്ചവർക്കു നേർക്ക് തുറിച്ചുനോക്കുകയായിരുന്നു. എന്നാൽ കാര്യങ്ങൾ കൈവിട്ടുപോകുന്നതിനു മുമ്ബുതന്നെ സുരക്ഷാ ജീവനക്കാരിൽ ഒരാൾവന്ന് കോലിയെ ശാന്തനാക്കി ടണലിലേക്ക് കൊണ്ടുപോകുകയായിരുന്നു.
കോഹ്ലി കൂടി വീണതിനു പിന്നാലെ കളത്തിൽ എത്തിയ പന്തും ജഡേയും ചേർന്ന് ഇന്ത്യയെ നൂറ് കടത്തി. 95 പന്തിൽ അമിത പ്രതിരോധത്തിലൂടെ 26 റൺ മാത്രമെടുത്ത ജഡേജ മൂന്നു ഫോറാണ് അടിച്ചത്. ഇന്ത്യൻ സ്‌കോർ 120 ൽ എത്തിയപ്പോൾ പന്തിന്റെ ശ്രദ്ധ പാളി. ബോളണ്ടിന്റെ പന്തിലെ അമിതാവേശം അവസാനിച്ചത് കമ്മിൻസിന്റെ കയ്യിൽ. പിന്നാലെ കഴിഞ്ഞ ടെസ്റ്റിലെ സെഞ്ച്വറി വീരൻ നിതീഷ് കുമാർ റെഡി (0) ബോളണ്ടിന്റെ പന്തിൽ പുറത്ത്. 134 ൽ രവീന്ദ്ര ജഡേജ കൂടി വീണതോടെ ഇന്ത്യ തീർന്നു എന്നു കരുതിയിരിക്കെ ബുംറ അവതരിച്ചു. 17 പന്തിൽ 22 റണ്ണുമായി അതിവേഗം റണ്ണുയർത്തിയ ബുംറ ഇന്ത്യയെ 150 കടത്തി. മൂന്ന് റണ്ണുമായി പ്രസീദ് കൃഷ്ണ പുറത്തായി. സിറാജ് മൂന്നു റണ്ണുമായി പുറത്താകാതെ നിന്നു. മറുപടി ബാറ്റിംങ് ആരംഭിച്ച ഓസ്‌ട്രേലിയയ്ക്ക് മൂന്ന് ഓവറിനകം തന്നെ ആദ്യ വിക്കറ്റ് നഷ്ടമായിട്ടുണ്ട്. ആദ്യ ദിനത്തിന്റെ അവസാന പന്തിൽ ഖവാജയെ(2)യാണ് ബുംറ പുറത്താക്കിയത്.
മെൽബണിലെ തോൽവിയിൽ നിന്ന് രണ്ട് മാറ്റങ്ങളാണ് ഇന്ത്യ വരുത്തിയത്. ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് പകരം ശുഭ്മാൻ ഗില്ലും പരിക്കേറ്റ ആകാശ് ദീപിന് പകരം പ്രസിദ് കൃഷ്ണയും ടീമിലെത്തി. ‘വ്യക്തമായും ഞങ്ങളുടെ ക്യാപ്റ്റൻ മികച്ച നേതൃത്വം പ്രകടിപ്പിച്ചു, അദ്ദേഹം ഇന്ന് വിശ്രമം തിരഞ്ഞെടുത്തു,’ബുമ്ര പറഞ്ഞു.അതേസമയം ഓസ്ട്രേലിയൻ ടീമിൽ ഒരു മാറ്റമാണ് വരുത്തിയത് . മോശം ഫോമിലുള്ള മിച്ചൽ മാർഷിനെ പുറത്തിരുത്തുകയും ബ്യൂ വെബ്സ്റ്റർ തന്റെ അരങ്ങേറ്റം കുറിക്കുകയും ചെയ്തു .