ഓവൽ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് മുന്നിൽ 444 റണ്ണിന്റെ പടുകൂറ്റൻ ടോട്ടൽ ഉയർത്തി ഓസീസ്. നിർണ്ണായകമായ മത്സരത്തിൽ ഓസീസിനെതിരെ ബാറ്റിംങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് രണ്ട് ഓപ്പണർമാരെയും, ചേതേശ്വർ പൂജാരയെയും നഷ്ടമായി. ഒരു ദിവസവും ഒന്നര മണിക്കൂറും ബാക്കി നിൽക്കെ ഇന്ത്യയ്ക്ക് വിജയിക്കാൻ ഭഗീരഥപ്രയത്നം തന്നെ വേണ്ടി വരും.
ഓസീസിന്റെ സ്കോറായ 444 ന് എതിരെ ബാറ്റിംങ് ആരംഭിച്ച ഇന്ത്യയ്ക്ക് ഇതിനോടകം തന്നെ മൂന്നു വിക്കറ്റുകൾ നഷ്ടമായി. മികച്ച തുടക്കം നൽകിയ രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര എന്നിവരുടെ വിക്കറ്റാണ് നൂറ് കടക്കും മുൻപ് ഇന്ത്യയ്ക്ക് നഷ്ടമായത്. മികച്ച രീതിയിൽ ബാറ്റ് വീശിയ ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റ് ഇന്ത്യയ്ക്ക് സംശയത്തിന്റെ ആനൂകുല്യം നൽകുന്നു. ബോളണ്ടിന്റെ പന്തിൽ സ്ളിപ്പിൽ ഗ്രൗണ്ടിൽ നിന്നും കാമറൂൺ ഗ്രീൻ പന്ത് കോരിയെടുക്കുകയായിരുന്നു. പന്ത് ഗ്രൗണ്ടിൽ ടച്ച് ചെയ്തുവെന്നാണ് ഇന്ത്യൻ ആരാധകരുടെ സംശയം. എന്നാൽ, 19 പന്തിൽ നിന്നും 18 റണ്ണെടുത്ത ശുഭ്മാൻ ഗില്ലിന്റെ ഔട്ടിന്റെ കാര്യത്തിൽ തേർഡ് അമ്പയർക്ക് സംശയമേതുമുണ്ടായിരുന്നില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
60 പന്തിൽ 43 റണ്ണെടുത്ത് മികച്ച ആക്രമണം നടത്തിയ രോഹിത്തിന്റെ വിക്കറ്റാണ് രണ്ടാമത് നഷ്ടമായത്. നഥാൻ ലയേണിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയാണ് രോഹിത് ശർമ്മ പുറത്തായത്. പതിവിന് വിപരീതമായി ആക്രമിച്ചു കളിച്ച ചേതേശ്വർ പൂജാരയായിരുന്നു മൂന്നാമത്തെ ഇര. 47 പന്തിൽ 27 റണ്ണെടുത്ത പൂജാര, കമ്മിൻസിന്റെ പന്തിൽ വിക്കറ്റ് കീപ്പർ അലക്സ് കാരിയുടെ കയ്യിൽ കുടുങ്ങുകയായിരുന്നു. നിലവിൽ വിരാട് കോഹ്ലിയും, അജിൻകേ രഹാനെയുമാണ് ക്രീസിൽ.
മൂന്നാം ദിനം 123 ന് നാല് എന്ന നിലയിൽ ബാറ്റിംങ് അവസാനിപ്പിച്ച ഓസീസിന് വേണ്ടി 41 റണ്ണുമായി ലബുഷൈനും, ഏഴു റണ്ണുമായി ഗ്രീനുമായിരുന്നു ക്രീസിൽ. തലേന്നത്തെ സ്കോറിനോട് ഒരു റൺ മാത്രം ടീം സ്കോറിൽ കൂട്ടിച്ചേർത്തപ്പോഴേയ്ക്കും ഓസീസിന് ലബുഷൈനെ നഷ്ടമായി. ഉമേഷ് യാദവിനായിരുന്നു വിക്കറ്റ്. തലേന്നെടുത്ത 41 റൺ മാത്രമായിരുന്നു ലബുഷൈന്റെ സമ്പാദ്യം. 167 ൽ കാമറൂൺ ഗ്രീനിനെ (25) ജഡേജ ക്ലീൻ ബൗൾ ചെയ്തതോടെ ഓസീസിനെ വേഗം പുറത്താക്കാമെന്നായി ഇന്ത്യൻ പ്രതീക്ഷ. എന്നാൽ, ആ പ്രതീക്ഷയ്ക്കു മേൽ കരിനിഴൽ വീഴ്ത്തി അലക്സ് കാരിയും (66), മിച്ചൽ സ്റ്റാർക്കും (41) ക്രീസിൽ പാറപോലെ ഉറച്ചു നിൽക്കുകയായിരുന്നു. സ്റ്റാർക്കിനെ കോഹ്ലിയുടെ കയ്യിൽ എത്തിച്ച് മുഹമ്മദ് ഷമി, തൊട്ടു പിന്നാലെ പാറ്റ് കമ്മിൻസിനെയും (5) പുറത്താക്കി. ഇതോടെ ഓസീസ് ഇന്നിംങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. 270 റണ്ണെടുത്താണ് ഓസീസ് ഇന്നിംങ്സ് ഡിക്ലയർ ചെയ്തത്.