പാരി: രണ്ടാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയ ഇന്ത്യയ്ക്ക് ഉജ്വല വിജയം. സഞ്ജു സാംസൺ സെഞ്ച്വറിയുമായി നയിച്ച മത്സരത്തിൽ നാലു വിക്കറ്റുമായി അർഷദീപും തിളങ്ങി. ആദ്യ മത്സരം ഇന്ത്യയും രണ്ടാം മത്സരം ദക്ഷിണാഫ്രിക്കയും വിജയിച്ചതോടെ നിർണ്ണായമായ മൂന്നാം മത്സരത്തിൽ ഉജ്വലമായ വിജയം സ്വന്തമാക്കിയ ടീം ഇന്ത്യ പരമ്പരയും നേടി. 78 റണ്ണിനായിരുന്നു ഇന്ത്യൻ വിജയം. സെഞ്ച്വറി നേടിയ സഞ്ജുവാണ് കളിയിലെ താരം.
സ്‌കോർ
ഇന്ത്യ – 296/8
ദക്ഷിണാഫ്രിക്ക – 218
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംങിന് അയക്കുകയായിരുന്നു. പതിവിലേറെ ബഹുമാനം നൽകിയാണ് ഇന്ത്യൻ ഓപ്പണർമാരായ പട്ടിദാറും (22), സായി സുദർശനും (10) ദക്ഷിണാഫ്രിക്കൻ ബൗളർമാരെ നേരിട്ടത്. എന്നാൽ, ഇരുവരെയും 34 , 49 റണ്ണുകളിൽ പുറത്താക്കി ദക്ഷിണാഫ്രിക്ക പിടിമുറുക്കി. എന്നാൽ, മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ കെ.എൽ രാഹുലിനൊപ്പം(21) പിടിച്ചു നിന്ന സഞ്ജു പതിയെ ഇന്ത്യയുടെ കയ്യിലേയ്ക്ക് കളി എത്തിച്ചു. 52 റണ്ണിന്റെ കൂട്ടുകെട്ടി രാഹുലിനൊപ്പം ഉയർത്തിയ സഞ്ജു, ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിൽ എത്തിച്ചു. മറു വശത്ത് എത്തിയ ബാറ്റർമാർ റൺ കണ്ടെത്താനാവാതെ പതറിയിട്ടും ആഞ്ഞടിച്ച് വിക്കറ്റ് കളയാതെ സുരക്ഷിതമായാണ് സഞ്ജു കളിച്ചത്. തിലക് വർമ്മയും (52), റിങ്കു സിങ്ങും സഞ്ജുവിന് കൂട്ടു നിന്നു കളിച്ചു.
114 ബോളിൽ 108 റൺ നേടിയാണ് സഞ്ജു പുറത്തായത്. പിന്നാലെ അക്‌സർ പട്ടേൽ (1), വാഷിംങ്ടൺ സുന്ദർ (14), അർഷർദീപ് സിംങ് (പുറത്താകാതെ ഏഴ്), ആവേശ്ഖാൻ (പുറത്താകാതെ ഒന്ന്) എന്നിവർ ചേർന്ന് സ്‌കോർ 300 ന് അടുത്തെത്തിച്ചു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഹെൻട്രിക്‌സ് മൂന്നും, ബർഗർ രണ്ടും, മൾഡർ, മഹാരാജ്, വില്ലിയംസൺ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംങിൽ മികച്ച തുടക്കം ലഭിച്ചെങ്കിലും ദക്ഷിണാഫ്രിക്കൻ ബാറ്റർമാർക്ക് ഇത് മുതലാക്കാൻ സാധിച്ചില്ല. 59 ൽ ഹെൻട്രിച്ച് (19), 76 ൽ വാൻഡസാർ (2), 141 ൽ മാക്രം (36) എന്നിവർ വീണതോടെ ദക്ഷിണാഫ്രിക്ക തകർന്നു. 161 ന് നാല് എന്ന നിലയിൽ നിന്നും ഒരു ഘട്ടത്തിൽ 177 ന് ആറ് എന്ന നിലയിലേയ്ക്കു ദക്ഷിണാഫ്രിക്ക തകർന്നു വീണു. ടോണി ഡി റോസി 87 പന്തിൽ നിന്നും 81 റൺ എടുത്ത് ചെറുത്ത് നിൽപ്പ് നടത്തി. എന്നാൽ, അർഷദീപിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി പുറത്തായി. പിന്നാലെ, ക്ലാസൺ (21), മില്ലർ (10) , മൾഡർ (1), മഹാരാജ് (14), ഹെൻട്രിക്‌സ് (18), വില്യംസൺ (2), ബർഗർ (1) എന്നിവർ പുറത്തായതോടെ ദക്ഷിണാഫ്രിക്ക തകർന്നു. അർഷദീപ് നാലും, വാഷിംങ്ടൺ സുന്ദറും, ആവേശ് ഖാനും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തിയപ്പോൾ മുകേഷ് കുമാറും, അക്‌സർ പട്ടേലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.