മെൽബൺ: പിടിച്ചു നിന്ന ശേഷം ഒറ്റ റണ്ണൗട്ടിൽ തകർന്ന് തരിപ്പണമായി ടീം ഇന്ത്യ. സ്മിത്തിന്റെ സെഞ്ച്വറിയിൽ വമ്പൻ ടോട്ടൽ പടുത്തുയർത്തിയ ഓസീസിന് എതിരെ ഇന്ത്യ പൊരുതുകയാണ്. രണ്ടാം ദിനം നാല് ഓവറിനിടെ അപ്രതീക്ഷിതമായി മൂന്നു വിക്കറ്റുകൾ നഷ്്ടമാക്കിയ ഇന്ത്യ പൊരുതുകയാണ്. ഓസീസ് നേടിയ 474 ന് എതിരെ ഇന്ത്യ അഞ്ചു വിക്കറ്റുകൾ നഷ്ടമാക്കി ഇതിനോടകം 164 റണ്ണാണ് നേടിയത്.
ഇന്നലെ 311 ന് ആറ് എന്ന നിലയിലാണ് ഓസീസ് ബാറ്റിംങ് അവസാനിപ്പിച്ചത്. സ്മിത്ത് അടക്കം അവശേഷിക്കുന്ന നാലു വിക്കറ്റുകൾ ഇന്ത്യ അതിവേഗം എറിഞ്ഞിടുമെന്നുള്ള ആരാധകരുടെ പ്രതീക്ഷകൾ തെറ്റിച്ച് ആഞ്ഞടിച്ചു കയറുന്ന ഓസീസിനെയാണ് കണ്ടത്. രണ്ടാം ദിനം സെഞ്ച്വറിയും തികച്ച് മുന്നേറിയ സ്മിത്ത് 197 പന്തിൽ 140 റൺ എടുത്ത് ഒൻപതാമനായാണ് പുറത്തായത്. രണ്ടാം ദിനം ഓസീസ് സ്കോർ 411 ൽ നിൽക്കെ കമ്മിൻസ് (49) ആണ് ആദ്യം പുറത്തായത്. 455 ൽ മിച്ചൽ സ്റ്റാർക്കും (15), 474 ൽ ലയോണും (13) പുറത്തായതോടെയാണ് ഓസീസിന്റെ പ്രതിരോധം അവസാനിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിംങ് ആരംഭിച്ച ഇന്ത്യയ്ക്ക് ബോക്സിങ് ഡേ ടെസ്റ്റിലും നിരാശ സമ്മാനിച്ച് ആദ്യം തന്നെ രോഹിത് മടങ്ങി. ഇന്ത്യൻ സ്കോർ എട്ടിൽ നിൽക്കെ അഞ്ച് പന്തിൽ നിന്നും മൂന്ന് റൺ മാത്രം നേടിയ രോഹിത് ശർമ്മ കമ്മിൻസിന്റെ പന്തിൽ ബോളണ്ടിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. പിന്നീട് ഇന്ത്യൻ ബാറ്റിംങിന്റെ താളം ഏറ്റെടുത്ത കെ.എൽ രാഹുൽ (24) കമ്മിൻസിന്റെ പന്തിൽ ക്ലീൻ ബൗൾഡ് ആയി. പിന്നീട് കോഹ്ലിയും (36), ജയ്സ്വാളും (82) ചേർന്ന് ഇന്ത്യയെ ഡ്രൈവിംങ് സീറ്റിൽ എത്തിച്ചു. മികച്ച ഫോമിൽ ബാറ്റ് വീശിയ ജയ്സ്വാൾ 11 ഫോറും ഒരു സിക്സും പറത്തി. ദൗർഭാഗ്യകരമായി കോഹ്ലിയുമായി ഉണ്ടായ ആശയക്കുഴപ്പത്തിൽ ജയ്സ്വാൾ റണ്ണൗട്ടായത് ഇന്ത്യയ്ക്ക് വൻ തിരിച്ചടിയായി. പിന്നാലെ, കോഹ്ലിയും ബോളണ്ടിന്റെ പന്തിൽ അനാവശ്യമായി ബാറ്റ് വച്ച് കീപ്പർ അലക്സ് കാരിയ്ക്ക് ക്യാച്ച് നൽകി മടങ്ങി. പിന്നാലെ ആകാശ്ദീപും വീണു. 153 ന് രണ്ട് എന്ന നിലയിൽ നിന്ന ഇന്ത്യ അപ്രതീക്ഷിതമായി 159 ന് അഞ്ച് എന്ന നിലയിലേയ്ക്കു തകർന്നു വീണു. നിലവിൽ ആറു റണ്ണുമായി പന്തും നാലു റണ്ണുമായി ജഡേഡയുമാണ് ക്രീസിൽ.