അഹമ്മദാബാദ്: ശുഭ്മാൻ ഗില്ലിന്റെ മിന്നും സെഞ്ച്വറിയുടെ മികവിൽ ഇംഗ്ലണ്ടിന് എതിരായ മൂന്നാം ഏകദിനവും വിജയിച്ച ഇന്ത്യ പരമ്പര തൂത്ത് വാരി. ചാമ്പ്യൻസ് ട്രോഫിയ്ക്ക് തയ്യാറെടുക്കുന്ന ഇന്ത്യയ്ക്ക് ആത്മവിശ്വാസമായി വിജയവും രോഹിത്തിന്റെയും കോഹ്ലിയുടെയും ഫോമും. 50 ഓവറവിൽ പത്ത് വിക്കറ്റും നഷ്ടമാക്കി ടീം ഇന്ത്യ 356 എന്ന ടോട്ടൽ പടുത്തുയർത്തിയതിന് എതിരെ 34.2 ഓവറിൽ 214 റൺ മാത്രമാണ് ഇംഗ്ലണ്ടിന് സ്വന്തമാക്കാനായത്.
ടോസ് നേടിയ ഇംഗ്ലണ്ട് മൂന്നാം മത്സരത്തിൽ ഇന്ത്യയെ ബാറ്റിംങിന് അയക്കുകയായിരുന്നു. ആദ്യം തന്നെ ഇന്ത്യയെ ഞെട്ടിച്ച് കഴിഞ്ഞ കളിയിൽ സെഞ്ച്വറി നേടിയ രോഹിത് ശർമ്മ പുറത്ത്. രണ്ട് പന്തിൽ ഒരു റൺ മാത്രമായിരുന്നു രോഹിത്തിന്റെ സമ്പാദ്യം. എന്നാൽ, വിരാട് കോഹ്ലിയും ഗില്ലും ചേർന്ന് ടീമിനെ മുന്നോട്ട് നയിച്ചു. നൂറു റണ്ണിന് മുകളിലുള്ള കൂട്ടുകെട്ടുണ്ടാക്കിയ കോഹ്ലി ഫോമിലേയ്ക്കു മടങ്ങി വരുന്നതിന്റെ സൂചന നൽകിയത് ചാമ്പ്യൻസ് ട്രോഫിയ്ക്ക് ഒരുങ്ങുന്ന ടീം ഇന്ത്യയ്ക്ക് ശുഭസൂചനയായി. 55 പന്തിൽ ഒരു സിക്‌സും ഏഴു ഫോറും അടിച്ച് 52 റൺ എടുത്ത കോഹ്ലിയെ ആദിൽ റഷീദ് വിക്കറ്റിന്റെ പിന്നിൽ സാൾട്ടിന്റെ കയ്യിൽ എത്തിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നാലെ ക്രീസിൽ എത്തിയ ഗില്ലും അയ്യരും ചേർന്ന് അതിവേഗം സ്‌കോർ ബോർഡ് ചലിപ്പിച്ചു. സെഞ്ച്വറി തികച്ചതിന് പിന്നാലെ ആദിൽ റഷീദിന്റെ പന്തിന്റെ ടേൺ തിരിച്ചറിയാതെ ബാറ്റ് വച്ച ഗില്ലിന്റെ സ്റ്റമ്പ് തെറിപ്പിച്ചു. 102 പന്തിൽ 112 റണ്ണാണ് ഗിൽ നേടിയത്. ഗിൽ പുറത്താകുമ്പോൾ ടീം സ്‌കോർ 226 ൽ എത്തിയിരുന്നു. പിന്നീട് ക്രീസിൽ നിലയുറപ്പിച്ച ശ്രേയസ് അയ്യർ (64 പന്തിൽ 78) ആക്രമിച്ച് കളിച്ച് അതിവേഗം സ്‌കോർ ഉയർത്തി. പിന്നാലെ ക്രീസിൽ എത്തിയ രാഹുൽ (40), പാണ്ഡ്യ (17), അക്‌സർ പട്ടേൽ (13), വാഷിംങ്ടൺ സുന്ദർ (14), ഹർഷിത് റാണ (13), എന്നിവർ ചേർന്നാണ് ടീം സ്‌കോർ 350 കടത്തിയത്. അർഷദീപ് (2), റണ്ണൗട്ടായപ്പോൽ കുൽദീപ് (1) പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിന് വേണ്ടി ആദിൽ റഷീദ് നാല് വിക്കറ്റ് നേടി. മാർക്ക് വുഡ് രണ്ടും, മുഹമ്മൂദും, അക്കിറ്റ്‌സണും, ജോ റൂട്ടും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംങ് ആരംഭിച്ച ഇംഗ്ലണ്ടിന് വേണ്ടി ഫിൽ സാൾട്ടും ബെൻ ഡക്കറ്റും വെടിക്കെട്ട് തുടക്കമാണ് നൽകിയത്. എന്നാൽ, അടുത്തടുത്ത ഓവറുകളിൽ രണ്ടു പേരെയും വീഴ്ത്തിയ അർഷദീപ് ആണ് കളി ഇന്ത്യയ്ക്ക് അനുകൂലമായി തിരിച്ചത്. 21 പന്തിൽ 23 റൺ എടുത്ത ഫിൽ സാൾട്ടും, 22 പന്തിൽ 34 റൺ എടുത്ത ബെൻ ഡക്കറ്റും പുറത്താകുമ്പോൾ ഇംഗ്ലണ്ട് എട്ട് ഓവറിൽ 80 ന് രണ്ട് എന്ന ശക്തമായ നിലയിലായിരുന്നു. പിന്നാലെ, ടോം ബാൻഡൺ (38), ജോ റൂട്ട് (24), ഹാരി ബ്രൂക്ക് (19), എന്നിവർ അതേവേഗം വീണു.
ബട്‌ലർ (6), ലിയാം ലിവിംങ്‌സ്റ്റൺ (9), ആദിൽ റഷീദ് (0), മാർക്ക് വുഡ് (9) എന്നിവർ രണ്ടക്കം കടക്കാതെ വന്നതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി. 19 പന്തിൽ 38 റൺ എടുത്ത ആറ്റിക്‌സൺ ആണ് ഇംഗ്ലണ്ടിന്റെ തോൽവി ഭാഗം കുറച്ചത്. മഹമ്മൂദ് രണ്ട് റണ്ണുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്ക് വേണ്ടി അർഷദീപും, ഹർഷിത് റാണയും, അക്‌സർ പട്ടേലും, പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വാഷിംങ്ടൺ സുന്ദറിനും കുൽദീപിനുമാണ് ഓരോ വിക്കറ്റ്.