നാഗ്പൂർ: ടീമായി ഒറ്റക്കെട്ടായി നിന്ന് പൊരുതിയ ഇന്ത്യ ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിനെ തകർത്ത് തരിപ്പണമാക്കി. ഇംഗ്ലണ്ട് ഉയർത്തിയ 249 എന്ന വിജയലക്ഷ്യം നാലു വിക്കറ്റും 68 പന്തും ശേഷിക്കെ ഇന്ത്യ മറികടന്നു. ഇതോടെ പരമ്പരയിൽ 1-0 ത്തിന് ഇന്ത്യ മുന്നിലെത്തി. ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള ഒരുക്കവും സജീവമാക്കി. വിജയത്തിലും രോഹിത്തിന്റെ ഫോം ഔട്ട് തുടരുന്നത് ഇന്ത്യയ്ക്ക് ആശങ്കയായി.
ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയ്ക്ക് എതിരെ ബാറ്റിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരായ സാൾട്ടും (43), ഡക്കറ്റും (32) ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് നൽകിയത്. രണ്ടു പേരും ചേർന്ന് 8.5 ഓവറിൽ ട്വന്റി 20 ശൈലിയിൽ 75 റണ്ണാണ് അടിച്ചെടുത്തത്. റണ്ണിംങിനിടെയുണ്ടായ ആശയക്കുഴപ്പത്തെ തുടർന്ന് സാൾട്ട് റണ്ണൗട്ടായതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്. റാണ എറിഞ്ഞ ആറാം ഓവറിൽ ഇംഗ്ലണ്ട് 26 റണ്ണാണ് അടിച്ചെടുത്തത്. ഇതിനുള്ള പ്രതികാരവും റാണ തന്നെ നടത്തി. രണ്ട് റൺ കൂടിച്ചേർത്തപ്പോഴേയ്ക്കും ബ്രൂക്കിനെയും (0) ഡക്കറ്റിനെയും ഒറ്റ ഓവറിൽ മടക്കി റാണ ഇന്ത്യയ്ക്ക് നിർണ്ണായകമായ ബ്രേക്ക് ത്രൂ സമ്മതിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
74 ന് 0 എന്ന നിലയിൽ നിന്നും 77 ന് മൂന്ന് എന്ന നിലയിലേയ്ക്ക് ഒരൊറ്റ ഓവറിൽ ഇംഗ്ലണ്ട് വീണു. പിന്നാലെ റൂട്ടും (19), ബട്‌ലറും (52) ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനമാണ് ഇംഗ്ലണ്ടിനെ നൂറ് കടത്തിയത്. 111 ൽ റൂട്ട് പുറത്തായതോടെ ജേക്കബ് ബീതേൽ (51) ക്യാപ്റ്റന് കൂട്ടു ചേർന്നെത്തി. 170 ൽ ബട്‌ലറും, 183 ൽ ലിവിംങ്സ്റ്റണും (5) വീണതോടെ ഇംഗ്ലണ്ട് വീണ്ടും പ്രതിരോധത്തിലായി. തട്ടിമുട്ടി 200 കടന്നതിന് പിന്നാലെ ബ്രണ്ടൻ ക്രേസ് (10) വീണു. 220 ൽ ജേക്കബ് ബീതൽ കൂടി പുറത്തായതോടെ വാലറ്റത്തെ അതിവേഗം ചുരുട്ടിക്കെട്ടാമെന്നായി ഇന്ത്യൻ പ്രതീക്ഷ.
എന്നാൽ, അപ്രതീക്ഷിതമായി ഇന്ത്യൻ ബൗളർമാരെ കടന്നാക്രമിച്ച ജോഫ്ര ആർച്ചർ (21) ഇംഗ്ലണ്ടിനെ 250 ന്റെ അറ്റത്ത് എത്തിച്ചു. ആദിൽ റഷീദും (8), മഹമ്മൂദും (2) പുറത്തായതോടെ 47.4 ഓവറിൽ ഇംഗ്ലണ്ടിന്റെ ബാറ്റിംങ് അവസാനിച്ചു. ഇന്ത്യൻ ബൗളിംങിൽ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ജഡേജയും, റാണയും മികച്ചു നിന്നു. പട്ടേലും ഷമിയും കുൽദീപ് യാദവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംങ് ആരംഭിച്ച ഇന്ത്യയ്ക്ക് മികച്ച ടച്ച് ലഭിച്ച് മുന്നേറിക്കൊണ്ടിരുന്ന ജയ്‌സ്വാളിനെയാണ് ആദ്യം നഷ്ടമായത്. ആർച്ചറിന്റെ പന്തിൽ സാൾട്ടിന് ക്യാച്ച് നൽകി ജയ്‌സ്വാൾ മടങ്ങുമ്പോൾ 22 പന്തിൽ 15 റണ്ണാണ് ഉണ്ടായിരുന്നു. മോശം ഫോം തുടരുന്ന രോഹിത് ശർമ്മ (2) വീണ്ടും നിരാശപ്പെടുത്തി. ഗില്ലിനൊപ്പം ക്രീസിലെത്തി കടന്നാക്രമണം നടത്തിയ അയ്യർ (36 പന്തിൽ 59) റണ്ണെടുത്ത് ഇന്ത്യയെ ഡ്രൈവിംങ് സീറ്റിൽ എത്തിച്ചു. അയ്യർ പുറത്തായതിന് പിന്നാലെ അക്‌സറും (52) ഗില്ലും ചേർന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചു. വിജയത്തിലേയ്ക്കു മുന്നേറുന്നതിനിടെ അക്‌സറും , രാഹുലും (2) വീണത് ഇന്ത്യയെ തെല്ലൊന്നും ഭയപ്പെടുത്തി.
സെഞ്ച്വറിയിലേയ്ക്കു കുതിക്കുകയായിരുന്ന ഗില്ലിനെ(83) മനോഹരമായ ക്യാച്ചിലൂടെ പുറത്താക്കിയ ബട്‌ലർ വീണ്ടും ഇന്ത്യയെ സമ്മർദത്തിലാക്കി. എന്നാൽ, ക്രീസിൽ ഉറച്ചു നിന്ന പാണ്ഡ്യയും (9), ജഡേജയും (12) ഇന്ത്യയെ കൂടുതൽ നഷ്ടമില്ലാതെ വിജയത്തിൽ എത്തിച്ചു. 38.4 ഓവറിൽ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടമാക്കി 251 ൽ എത്തി.